തൃശൂര്‍: ജില്ലയില്‍ 62 വോട്ടുയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നില്‍ അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്ന് കലക്ടര്‍ ഡോ. കെ. കൗശികന്‍. യന്ത്രം സെറ്റ് ചെയ്യുന്നതില്‍ ഉണ്ടായ തകരാറുകളാണ് തടസ്സത്തിന് ഇടയാക്കിയത്. മിക്കയിടത്തും യന്ത്രം നന്നാക്കിയോ മാറ്റി നല്‍കിയോ വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞതായും കലക്ടര്‍ പറഞ്ഞു.
അതേസമയം, ജില്ലയില്‍ റീ പോളിങ്ങിന് സാധ്യതയുള്ള ബൂത്തുകളുടെ എണ്ണം വര്‍ധിക്കുകയാണ്. യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തീരെ നടക്കാതിരുന്ന അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ റീ പോളിങ്ങ് വേണ്ടി വരുമെന്ന് കലക്ടര്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ കൂടുതല്‍ ബൂത്തുകളില്‍ ഇതേ ആവശ്യം ഉയരുകയാണ്. തിരുവില്വാമല, പഴയന്നൂര്‍, കാട്ടൂര്‍, കായ്പമംഗലം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ ഓരോ ബൂത്തിലാണ് ആവശ്യം ഉയരുന്നത്. ആദ്യം സ്ഥാപിച്ച യന്ത്രത്തില്‍ കുറച്ചു പേര്‍ വോട്ട് ചെയ്ത ശേഷം തകരാറിലായി. മാറ്റി സ്ഥാപിച്ച യന്ത്രവും തകരാറിലായതോടെ വോട്ടെടുപ്പ് നടന്നില്ല. അന്നമനട പഞ്ചായത്ത് ഒന്നാം ബൂത്ത് ഉള്‍പ്പെടെ മറ്റ് ചിലയിടങ്ങളിലും ഇതേ പ്രശ്നമുണ്ട്. കൊടകര പുലിപ്പാറക്കുന്ന് വെല്‍ഫെയര്‍ സ്കൂള്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ മൂലം രാവിലെ വോട്ടെടുപ്പ് നടന്നില്ല. ഉച്ചക്ക് പുതിയ യന്ത്രം വെച്ചെങ്കിലും നാട്ടുകാര്‍ വോട്ട് ചെയ്യാതെ ബൂത്ത് ഉപരോധിച്ചു.
മണ്ണുത്തിയില്‍ പാര്‍ട്ടി ചിഹ്നം പതിച്ച വാഹനത്തില്‍ വോട്ടര്‍മാരെ ബൂത്തില്‍ എത്തിച്ചതിന് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.