കൊല്ലം: ആര്‍.എസ്.പിയുടെ വരവോടെ അട്ടിമറി സ്വപ്നംകണ്ട യു.ഡി.എഫിന് കനത്തപ്രഹരം. യു.ഡി.എഫ് പ്രകടനം ദയനീയമായപ്പോള്‍ കൊല്ലം വീണ്ടും ചുവപ്പ് പുതച്ചു. ആര്‍.എസ്.പിക്കും കേരള കോണ്‍ഗ്രസ്-ബിക്കും ഏറ്റ തിരിച്ചടിയും ബി.ജെ.പി മുന്നേറ്റവുമായിരുന്നു കൊല്ലത്ത് ഈ തെരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍. മുസ്ലിം ലീഗിനും പി.ഡി.പിക്കും വലിയ നഷ്ടമാണുണ്ടായത്. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ്ബാബു കൊല്ലം കോര്‍പറേഷനില്‍ പരാജയപ്പെട്ടു.
ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ 54 ല്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷമുണ്ട്. ആറിടത്ത് യു.ഡി.എഫ്. എട്ടിടത്ത് സ്വതന്ത്രര്‍ ഭരണം നിശ്ചയിക്കും. കോണ്‍ഗ്രസിലെ ഒരംഗം പോലും ജയിക്കാത്ത ഗ്രാമപഞ്ചായത്തുകളുമുണ്ട്. രൂപവത്കരിച്ചതുമുതല്‍ ഇടത് നിയന്ത്രണത്തിലുള്ള കൊല്ലം കോര്‍പറേഷനില്‍ നാലാമൂഴത്തില്‍ 36സീറ്റ് ഇടതുമുന്നണി നിലനിര്‍ത്തി. 16 യു.ഡി.എഫും. രണ്ടിടത്ത് ബി.ജെ.പിയും ഒരു സീറ്റുമായി എസ്.ഡി.പി.ഐയും അക്കൗണ്ട് തുറന്നു. ജില്ലയിലെ നാലു നഗരസഭകളും ഇടതുപക്ഷം സ്വന്തമാക്കി. യു.ഡി.എഫ് പക്ഷത്തായിരുന്ന കരുനാഗപ്പള്ളിയും പുതിയ കൊട്ടാരക്കരയും ഇടത്തോട്ട് ചാഞ്ഞു. 11 ബ്ളോകില്‍ ഒരിടത്തും യു.ഡി.എഫിന് ഭൂരിപക്ഷമില്ല. കോര്‍പറേഷനിലും പുനലൂര്‍ ഒഴികെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പാക്കിയെങ്കിലും ബ്ളോകുകളിലൊന്നും ബി.ജെ.പിക്ക്  ജയിക്കാനായില്ല. ജില്ലാപഞ്ചായത്തില്‍ 22 സീറ്റുകള്‍ ഇടതുമുന്നണി നേടിയപ്പോള്‍ നാലിടത്ത് യു.ഡി.എഫ് ജയിച്ചു.
2010 ല്‍ 11 ബ്ളോകുകളില്‍ എട്ടെണ്ണം എല്‍.ഡി.എഫും മൂന്നില്‍ യു.ഡി.എഫും വിജയിച്ചപ്പോള്‍ 70 ഗ്രാമപഞ്ചായത്തുകളില്‍ 36 ഇടത്ത് എല്‍.ഡി.എഫിനായിരുന്നു വിജയം. 25 യു.ഡി.എഫിനും. ഒമ്പതിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു. ഭൂരിപക്ഷമില്ലാത്ത ഒമ്പതില്‍ നാലിടത്തും എല്‍.ഡി.എഫിന് ഭരണം ‘അഡ്ജസ്റ്റുമെന്‍റു’കളില്‍ ലഭിക്കുകയും ചെയ്തു. പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഭൂരിപക്ഷമില്ലായിരുന്നെങ്കിലും  ഒരംഗത്തിന്‍െറ മേല്‍ക്കൈയും ഉണ്ടായിരുന്നു. ജില്ലാപഞ്ചായത്തില്‍ 26 ല്‍ എല്‍.ഡി.എഫ് 18 ഉം യു.ഡി.എഫ് എട്ടും നേടിയിരുന്നു. കോര്‍പറേഷനില്‍ 55 ല്‍ 34 എണ്ണം എല്‍.ഡി.എഫിനും 19 യു.ഡി.എഫിനും ആയിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയുടെ നാലുകൗണ്‍സിലര്‍മാരടക്കം നിലവില്‍ യു.ഡി.എഫ് അംഗസംഖ്യ 16 ആണ്. കൊല്ലം കോര്‍പറേഷനില്‍ ആദ്യമായി  പി.ഡി.പിക്കും ലീഗിനും പ്രാതിനിധ്യമില്ല.  കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ തട്ടകമെന്നറിയപ്പെടുന്ന കൊട്ടാരക്കര നഗരസഭയുടെ ആദ്യ ഭരണം ഇടതുമുന്നണി നേടിയപ്പോള്‍ പിള്ളയുടെ പാര്‍ട്ടിക്ക് കാലിടറി. മത്സരിച്ച എട്ടില്‍ രണ്ടുപേരൊഴികെ പരാജയപ്പെട്ടു. സ്ഥാനാര്‍ഥിനിര്‍ണയത്തെതുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ തമ്മിലടിയും മുന്നണിയിലെ രണ്ടാംകക്ഷി ആരെന്ന ലീഗ്, ആര്‍.എസ്.പി തര്‍ക്കവും യു.ഡി.എഫ് പരാജയത്തിന് വഴിയൊരുക്കി. മതന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിക്കനുകൂലമായ നിലപാട് സ്വീകരിച്ചു. നഗരങ്ങളിലെ എസ്.എന്‍.ഡി.പി വോട്ടുകള്‍ പരമ്പരാഗതരീതിയില്‍ ഇടതുമുന്നണിയെ തുണച്ചപ്പോള്‍ ഗ്രാമങ്ങളില്‍ ബി.ജെ.പിയെ പിന്തുണച്ചതാണ് ഗ്രാമ പഞ്ചായത്തുകളില്‍ വിജയത്തിന് കാരണമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.