ത്രിശങ്കുവിൽ 300ഓളം തദ്ദേശ സ്​ഥാപനങ്ങൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ 309 തദ്ദേശ സ്ഥാപനങ്ങൾ. 258 ഗ്രാമപഞ്ചായത്തും 11 ബ്ലോക്കും ഒരു ജില്ലാ പഞ്ചായത്തും 36 മുനിസിപ്പാലിറ്റികളും മൂന്ന് കോർപറേഷനിലുമാണ് ഈ സ്ഥിതി. വിമതരായി വിജയിച്ചവരും സ്വതന്ത്രരുമൊക്കെയാണ് ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ താരങ്ങൾ. ഇവരെ വലയിലാക്കാനുള്ള നീക്കം കൂടുതൽ സീറ്റ് കിട്ടിയ കക്ഷികൾ ആരംഭിച്ചിട്ടുണ്ട്. 2010ലും 250ഓളം തദ്ദേശ സ്ഥാപനങ്ങളിൽ സമാന പ്രതിസന്ധി വന്നിരുന്നു.

ഇടതുമുന്നണി മുന്നിലെത്തിയിട്ടും കേവല ഭൂരിപക്ഷമില്ലാത്ത ഗ്രാമപഞ്ചായത്തുകൾ 127 എണ്ണമാണ്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തിൽ 545 എണ്ണത്തിൽ അവർക്ക് മുന്നിലെത്താനായി. എന്നാൽ, ഭൂരിപക്ഷമുള്ളത് 418 പഞ്ചായത്തിൽ മാത്രമാണ്. 127 എണ്ണത്തിൽ ഭരണം വേണമെങ്കിൽ സ്വതന്ത്രരുടെയോ വിമതരുടെയോ മറ്റ് കക്ഷികളുടെയോ പിന്തുണ വേണം. യു.ഡി.എഫാകട്ടെ 371 ഗ്രാമപഞ്ചായത്തിൽ മുന്നിൽ വന്നു. എന്നാൽ, 255 എണ്ണത്തിലേ അവർക്ക് ഭൂരിപക്ഷമുള്ളൂ. ശേഷിക്കുന്ന 116 എണ്ണത്തിൽ ഭൂരിപക്ഷം തികക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്.

13 ഗ്രാമപഞ്ചായത്തിലാണ് ബി.ജെ.പി മുന്നിലെത്തിയത്. മൂന്നെണ്ണത്തിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. പത്തിടത്ത് അവർ ഏറ്റവും വലിയ കക്ഷിയായി. എന്നാൽ, ഭരണത്തിനുള്ള ഭൂരിപക്ഷം ഇനി ഉറപ്പാക്കണം. ഇതിനുപുറമെ, ഇതര പാർട്ടികളും സ്വതന്ത്രരടക്കം മറ്റ് കൂട്ടായ്മകളും 12 പഞ്ചായത്തിൽ മുന്നിലെത്തിയെങ്കിലും ഏഴെണ്ണത്തിലേ ഭൂരിപക്ഷമുള്ളൂ. അഞ്ചെണ്ണത്തിൽ ഭൂരിപക്ഷത്തിന് ആരുടെയെങ്കിലും പിന്തുണ വേണം.

സംസ്ഥാനത്തെ 152 ബ്ലോക്കിൽ 11 എണ്ണത്തിലാണ് ഭൂരിപക്ഷമില്ലാത്തത്. 89 ബ്ലോക്കിൽ മുന്നിലെത്തിയ ഇടതിന് ആറ് ബ്ലോക്കിൽ ഭൂരിപക്ഷമില്ല. 62 ബ്ലോക്കിൽ മുന്നിലുള്ള യു.ഡി.എഫിന് അഞ്ച് ബ്ലോക് ഭരിക്കാൻ മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്. കാസർകോട് ജില്ലാ പഞ്ചായത്തും തൂക്കുസഭയാണ്. 17 ഡിവിഷനുള്ള ഇവിടെ യു.ഡി.എഫിന് എട്ടും ഇടതിന് ഏഴും ബി.ജെ.പിക്കും രണ്ടും സീറ്റാണ്. ഒമ്പത് സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. യു.ഡി.എഫിന് സുഗമമായി ഭരിക്കാൻ ഇടതിെൻറയോ ബി.ജെ.പിയുടെയോ ഒരംഗത്തിെൻറയോ ഇടതിന് ഭരിക്കാൻ മറ്റുള്ളവരുടെയോ പിന്തുണ വേണം.

‘ഭൂരിപക്ഷം’ പ്രശ്നമായ 36 മുനിസിപ്പാലിറ്റിയിൽ ഭരണം നേടാൻ മുന്നണികൾ കഠിനപ്രയത്നത്തിലാണ്. ആകെയുള്ള 87 മുനിസിപ്പാലിറ്റിയിൽ 25ൽ വീതം ഭൂരിപക്ഷം നേടാൻ ഇരുമുന്നണിക്കുമായി. മറ്റ് 19 മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷം മുന്നിലെത്തിയെങ്കിലും ഭൂരിപക്ഷമില്ല. 16 മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ് ഭൂരിപക്ഷമില്ലാതെ വലിയ കക്ഷിയായി നിൽക്കുന്നു. ഇവർക്കും ഭൂരിപക്ഷം ഒപ്പിച്ചെടുക്കണം. ബി.ജെ.പി പാലക്കാട് മുനിസിപ്പാലിറ്റിയിൽ വലിയ കക്ഷിയായി മാറി. മൂന്നുപേരുടെ പിന്തുണ കൂടി അവർക്ക് വേണം.

തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലും തൂക്കുസഭയാണ്. തൃശൂരിലും കണ്ണൂരിലും സ്വതന്ത്രരുടെ പിന്തുണ നേടി ആർക്കെങ്കിലും ഭരിക്കാവുന്ന സ്ഥിതിയുണ്ട്. അവിടെ വിലപേശൽ തുടരുകയാണ്. എന്നാൽ, തിരുവനന്തപുരത്ത് ഭൂരിപക്ഷം ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ്. 100 വാർഡുള്ള ഇവിടെ 51 സീറ്റാണ് ഭരണത്തിന് വേണ്ടത്. മുന്നിലെത്തിയ ഇടതിന് 43 സീറ്റേയുള്ളൂ. രണ്ടാം സ്ഥാനത്ത് വന്ന ബി.ജെ.പിക്ക് 35 സീറ്റും. യു.ഡി.എഫിന് 21സീറ്റേയുള്ളൂ. ഒരു സ്വതന്ത്രയുമുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.