എസ്.എന്‍ ട്രസ്റ്റ് കോളജ് അധ്യാപക നിയമനം ഹൈകോടതി തടഞ്ഞു

കൊച്ചി: എസ്.എന്‍ ട്രസ്റ്റിനുകീഴിലെ സംസ്ഥാനത്തെ കോളജുകളിലെ അധ്യാപക നിയമനം ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട അഭിമുഖമുള്‍പ്പെടെ നടപടി പൂര്‍ത്തിയാക്കാമെന്നും അതേസമയം, നിയമനം കോടതിയുടെ അനുമതിയോടെ മാത്രമെ പാടുള്ളൂവെന്നുമാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 16 കോളജുകളിലായി 83 നിയമനങ്ങളാണ് ഇതോടെ തടസ്സപ്പെടുന്നത്. എസ്.എന്‍ കോളജുകളിലെ വിവിധ വിഷയങ്ങളില്‍ അസി. പ്രഫസര്‍മാരുടെ നിയമനത്തിനായി ഈ വര്‍ഷമാണ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
 അപേക്ഷകള്‍ പരിഗണിച്ച് സൂക്ഷ്മപരിശോധന നടത്തി 18ന് ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍, 35 ലക്ഷം മുതല്‍ കോഴ വാങ്ങിയാണ് നിയമനം നടത്താന്‍ ഒരുങ്ങുന്നതെന്നും സുതാര്യതയില്ലാത്ത നടപടിക്രമങ്ങളിലൂടെയുള്ള നിയമനം തടയണമെന്നും ആവശ്യപ്പെട്ട് എസ്.എന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയായ റേ സുതന്‍ അഡ്വ. വി.ആര്‍.കെ. കൈമള്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് നിയമനം നല്‍കുകയെന്ന രീതിയാണ് ഇവിടെ നടന്നുവരുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അതിനനുസരിച്ച മുന്‍ഗണന നല്‍കാറില്ല. പിരിച്ചെടുക്കുന്ന തുകക്ക് രസീതോ മറ്റുരേഖകളോ നല്‍കാറില്ല. ഈ തുക ഉപയോഗിച്ച് സ്വന്തം കുടുംബാംഗങ്ങളുടെ ട്രസ്റ്റിലെ അംഗബലം വര്‍ധിപ്പിച്ച് സ്വാധീനമുറപ്പിക്കുന്ന നടപടിയാണ് ട്രസ്റ്റ് നേതൃത്വം ചെയ്തുവരുന്നത്. 200 അംഗങ്ങളില്‍ 120 പേരും വെള്ളാപ്പള്ളി നടേശന്‍െറ കുടുംബാംഗങ്ങളാണ്. നിയമനത്തിന്‍െറ പേരില്‍ വാങ്ങുന്ന പണത്തിന്‍െറ വിനിയോഗം സംബന്ധിച്ചും രേഖകളില്ല. ഈ സാഹചര്യത്തില്‍ പണം വാങ്ങി വില്‍പന നടത്തുന്ന നിയമനങ്ങള്‍ തടയണമെന്നും മാനദണ്ഡം പാലിച്ചുള്ള നിയമനത്തിന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി അഭിമുഖം ഉള്‍പ്പെടെ നടപടികള്‍ തുടരാന്‍ അനുമതി നല്‍കി. തുടര്‍ന്നാണ് നിയമനം നടത്തരുതെന്നും അത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയത്. കോടതി നടപടി സംബന്ധിച്ച വിവരവും  നിയമനത്തിനായി ട്രസ്റ്റ് സ്വീകരിച്ച നടപടികളും നടപടിയും ട്രസ്റ്റുമായി ബന്ധപ്പെട്ടയിടങ്ങളിലും കോളജുകളിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എസ്.എന്‍ ട്രസ്റ്റ് ഭരണവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശപ്രകാരം നടപ്പാക്കിയ സ്കീമിലെ ഭേദഗതി സംബന്ധിച്ച് കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍ നല്‍കിയ ഹരജിക്കൊപ്പമാണ് ഈ ഹരജിയും പരിഗണിച്ചത്. ഹരജികള്‍ 26ന് പരിഗണിക്കാന്‍  മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.