കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ ഔദ്യോഗിക വാർത്താസമ്മേളനം ബി.ജെ.പി ഓഫിസിൽ

തിരുവനന്തപുരം: ദേശീയപാത നിർമാണ ഉദ്ഘാടന ഫലകത്തിൽ സംസ്ഥാന പ്രസിഡൻറിെൻറ പേര് കൊത്തിവെപ്പിച്ച് പുകില് പിടിച്ച ബി.ജെ.പി സംസ്ഥാന നേതൃത്വം ഒടുവിൽ റെയിൽവേ സഹമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനവും പാർട്ടി ആസ്ഥാനത്ത് നടത്തിച്ചു. സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബി.ജെ.പി കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപത്തിനിടെയാണ് പുതിയ വിവാദം.

റെയിൽവേയുടെ പുതിയ ക്രമീകരണവും പദ്ധതിയെ കുറിച്ചും വിശദീകരിക്കാൻ മാത്രമായി കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ്  ബി.ജെ.പി നേതൃത്വം പാർട്ടി ഓഫിസിലാക്കിയത്. ശനിയാഴ്ച ഉച്ചയോടെ ബി.ജെ.പി സംസ്ഥാന സമിതി ഓഫിസായ മാരാർജി ഭവനിൽനിന്ന് വെകീട്ട് 4.30ന് മന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടെന്ന് മാധ്യമ ഓഫിസുകളിൽ അറിയിച്ചു. പാർട്ടി ഓഫിസിൽ ആയതിനാൽ രാഷ്ട്രീയ വിഷയമായിരിക്കുമെന്ന ധാരണയിലായിരുന്നു മാധ്യമ പ്രവർത്തകർ. എന്നാൽ, രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമർശിക്കാതെ കേരളത്തിന് റെയിൽവേ ചെയ്യുന്ന പ്രവർത്തനങ്ങളും പദ്ധതി വിഹിതവുമാണ് 15 മിനിറ്റോളം നീണ്ട വാർത്താസമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചത്.രാഷ്ട്രീയം മിണ്ടിയതേയില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെയും പാർട്ടി വക്താവ് വി.വി. രാജേഷിനെയും ഒപ്പം ഇരുത്തിയായിരുന്നു വാർത്താസമ്മേളനം. ഹിന്ദിയിൽ സംസാരിച്ച മന്ത്രി തർജമക്കായി നിയോഗിച്ചതും മുരളീധരനെയാണ്. സംസാരം  ഇംഗ്ലീഷിലായതോടെ തർജമ വേണ്ടിവന്നില്ല.  വാർത്താസമ്മേളനം അവസാനിപ്പിച്ച ശേഷം മന്ത്രിയോട് ചോദിച്ച് വാർത്താസമ്മേളനം സംബന്ധിച്ച കൂടുതൽ  വിശദാംശങ്ങൾ നൽകിയതും സംസ്ഥാന പ്രസിഡൻറുതന്നെ.

മുമ്പ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത കഴക്കൂട്ടം–കോവളം നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തന ഉദ്ഘാടന ചടങ്ങിലെ ശിലാഫലകത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരെൻറ പേര് ചേർത്തിരുന്നു. എം.എൽ.എയല്ലാത്ത, കേന്ദ്ര–സംസ്ഥാന സർക്കാറുകളിൽ ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കാത്ത മുരളീധരെൻറ പേര് തികച്ചും രാഷ്ട്രീയ ലാക്കോടെയാണ് ശിലാഫലകത്തിൽ കൊത്തിവെച്ചതെന്നായിരുന്നു ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.