ബംഗളൂരു സ്ഫോടനക്കേസ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസ് പ്രതി തടിയന്‍റവിട നസീര്‍ സാക്ഷിക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും സഹായി ഷഹനാസ് പിടിയിലായതും ചൂണ്ടിക്കാട്ടി കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമംനടക്കുന്നതായും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം വിചാരണക്കോടതിയെ സമീപിച്ചു. സാക്ഷികളുടെ സുരക്ഷക്കൊപ്പം കോടതിയുടെയും അഭിഭാഷകരുടെയും സുരക്ഷകൂടി ഉറപ്പുവരുത്തേണ്ട സ്ഥിതിയാണെന്നും വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായും ഇത് ഗൗരവത്തോടെ കാണണമെന്നും സീതാറാം കോടതിയെ ഉണര്‍ത്തി. വിഷയത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് മറുപടി പറയാന്‍ ഈ മാസം 26 വരെ കോടതി സമയം അനുവദിച്ചു. വിചാരണ സുഗമമായി മുന്നേറുന്നതിനിടെ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനുള്ള പ്രോസിക്യൂഷന്‍ നീക്കമായാണ് ഇതിനെ കാണുന്നത്.

ഒമ്പത് കേസുകളായി രജിസ്റ്റര്‍ ചെയ്ത സ്ഫോടനക്കേസില്‍ 32 പ്രതികളും 300ഓളം സാക്ഷികളുമുണ്ട്. ഇതില്‍ നസീര്‍ ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് വ്യക്തമല്ല. നസീറുമായി ബന്ധപ്പെട്ട സാക്ഷികള്‍ക്ക് മറ്റു പ്രതികളുമായി നേരിട്ട് ബന്ധവുമില്ല. എങ്കിലും കൂറുമാറിയ പ്രതികള്‍ മൊത്തം സ്വാധീനിക്കപ്പെട്ടു എന്ന തലത്തിലേക്ക് കേസിനെ ഉയര്‍ത്തി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍െറ ശ്രമം. യു.എ.പി.എ പ്രകാരമുള്ള കേസായതിനാല്‍ മറ്റു കേസുകള്‍ക്ക് ഉപരിയായി ഈ കേസിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുതലെടുക്കാനും പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ട്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം, അടച്ചിട്ട മുറിയില്‍ വിചാരണ നടത്തണം എന്നീ ആവശ്യങ്ങള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കാം. ഇവ പ്രതിഭാഗം അഭിഭാഷകര്‍ക്ക് എതിര്‍ക്കാമെങ്കിലും ഇതിന്മേലുള്ള വാദപ്രതിവാദങ്ങള്‍തന്നെ മാസങ്ങള്‍ നീങ്ങും. കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടാല്‍ കേസ് വീണ്ടും നീളും. വിചാരണ അവസാനത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍നിന്ന് കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിന്‍െറ നടപടികളും പുനര്‍വിചാരണയും മൂലം കേസ് മാസങ്ങള്‍ നീണ്ടു. സുപ്രീംകോടതി ഇടപെട്ടതോടെ വിചാരണ തടസ്സമില്ലാതെ നീങ്ങുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. കേസില്‍ 100ഓളം സാക്ഷികളുടെ വിചാരണ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതു കഴിഞ്ഞുവേണം പ്രതികളുടെ വിസ്താരം തുടങ്ങാന്‍ എന്നതിനാല്‍ വിചാരണക്കിടെയുണ്ടാകുന്ന തടസ്സങ്ങള്‍ കേസ് വീണ്ടും നീണ്ടുപോകാനിടയാക്കും. ജാമ്യത്തില്‍ ഇളവ് തേടിയും വിചാരണ ഒരുമിച്ച് നടത്തണമെന്നുമുള്ള അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആവശ്യം ഷഹനാസിന്‍െറ അറസ്റ്റ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എതിര്‍ക്കാനും കര്‍ണാടകക്കാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.