കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി കരുതരുത്, അഖണ്ഡത തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം റദ്ദാക്കണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ. വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നൽകുന്നത്.

കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. നേരത്തെ തന്നെ യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ ലംഘനങ്ങൾ വലിയ വിവാദവുമായതാണ്. കിഫ്ബിയുടെ മറവിൽ എഫ്സിആർഎ നിയമം ലംഘിച്ച് പണമിടപാട് നടത്തിയതിന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇഡി അന്വേഷണം നേരിടുകയുമാണ്. ഈ സർക്കാരുമായി ബന്ധപ്പെട്ട് നടന്ന ഡോളർക്കടത്തും കറൻസിക്കടത്തുമെല്ലാം അന്വേഷണപരിധിയിലാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ തട്ടിപ്പും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Appointment of Foreign Secretary: K surendran against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.