ബംഗളൂരു സ്ഫോടനക്കേസ്: കുടുംബത്തെ വേട്ടയാടുന്നുവെന്ന് ഷമീറിന്‍െറ ബന്ധുക്കള്‍


കണ്ണൂര്‍: ബംഗളൂരു സ്ഫോടനക്കേസ് വിചാരണ അട്ടിമറിക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കര്‍ണാടക പരപ്പനഗ്രഹാര ജയിലില്‍ കഴിയുന്ന കണ്ണൂര്‍ താണ ഫജ്നസില്‍ ഷമീറിന്‍െറ ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലത്തെിയപ്പോള്‍ പ്രതികളുടെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെയാണ് അട്ടിമറിച്ച് വിചാരണ വീണ്ടും നീട്ടാന്‍ ശ്രമിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞ്, ഏഴു വര്‍ഷമായി ജയിലില്‍ കഴിയുന്ന ശറഫുദ്ദീന്‍െറ സഹോദരന്‍ തസ്ലീമിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഇതിന്‍െറ പശ്ചാത്തലത്തില്‍ തനിക്കും വീട്ടിലേക്കും ദുരൂഹമായ ഫോണ്‍വിളികള്‍ വരുന്നതായി ഷമീറിന്‍െറ സഹോദരന്‍ ശഹീര്‍ താണ പറഞ്ഞു.
ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരം ഭീഷണികള്‍ വരുന്നത്.
ഒരേ അഭിഭാഷകനു കീഴില്‍ സഹോദരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ തസ്ലീമുമായി ബന്ധപ്പെടാറുണ്ട്. ടൂവീലര്‍ മെക്കാനിക്കായ തസ്ലീമുമായി ആ വിധത്തിലും ബന്ധപ്പെടാറുണ്ട്. നാലുവര്‍ഷം മുമ്പ് ഷമീറിനെയും ദിവസങ്ങള്‍ക്കുമുമ്പ് തസ്്ലീമിനെയും അറസ്റ്റ് ചെയ്ത സാഹചര്യം പരിഗണിക്കുമ്പോള്‍ ഭയപ്പെടേണ്ട അവസ്ഥയാണുള്ളത്. തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസ് ചുമത്തിയും നിശ്ശബ്ദമാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവരണം. വാര്‍ത്താസമ്മേളനത്തില്‍ ഷമീറിന്‍െറ മാതാവ് സാഹിദ, ശഹീറിന്‍െറ ഭാര്യ സാബിറ, മറ്റൊരു സഹോദരന്‍ ഫജര്‍ നൗഫല്‍  എന്നിവരും പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.