സാക്ഷികളെ സ്വാധീനിച്ചെന്ന കേസ്​ വ്യാജമെന്ന് തടിയൻറവിട നസീർ

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴിമാറ്റാൻ ശ്രമിച്ചെന്ന കേസ് വ്യാജമെന്ന് തടിയൻറവിട നസീർ. വ്യാഴാഴ്ച ബംഗളൂരു എൻ.ഐ.എ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി നസീർ കത്തുനൽകി. കൈവിലങ്ങിെൻറ താക്കോൽ കൈമാറിയെന്നത് വാസ്തവവിരുദ്ധമാണ്. സുപ്രീംകോടതി നിർദേശപ്രകാരം വിലങ്ങുകളില്ലാതെയാണ് പ്രതികൾ കോടതിയിലെത്തുന്നത്. തനിക്ക് കൈവിലങ്ങിലെന്നും നസീർ കത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ വിചാരണക്കെത്തിച്ചപ്പോൾ ബംഗളൂരു സ്ഫോടന കേസ് സാക്ഷികളെ സ്വാധീനിക്കാൻ നസീർ ഏർപ്പാടാക്കിയതാണെന്ന് ആരോപിച്ച് ഷഹനാസിനെ കേരള പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഷഹനാസിന് കത്തുകളും കൈവിലങ്ങിെൻറ താക്കോലും നസീർ കൈമാറിയെന്നും കേസുണ്ട്. ഇതിനെ തുടർന്നാണ് നസീർ കോടതിയിൽ കത്തു നൽകിയത്.

സ്വാധീനിക്കാൻ ശ്രമം നടന്നു എന്ന് ചൂണ്ടിക്കാട്ടി കേസിലെ സാക്ഷികൾക്ക് സുരക്ഷ വർധിപ്പിക്കണം എന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രതിഭാഗം അഭിഭാഷകർ എൻ.ഐ.എ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. സാക്ഷികൾ ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചിട്ടില്ല. സുതാര്യമായ വിചാരണയെ എതിർക്കാനാണ് പ്രോസിക്യൂഷൻ നീക്കം. സാക്ഷികൾ ആവശ്യപ്പെട്ടാൽ സുരക്ഷ നൽകുന്നതിന് എതിർപ്പില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. അതേസമയം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിന് വേണ്ടി സ്ഫോടന കേസിലെ സാക്ഷിപ്പട്ടിക കേരള പൊലീസിന് നൽകാൻ എൻ.ഐ.എ കോടതി അനുമതി നൽകി. വ്യാഴാഴ്ച നസീർ തടവിലുള്ള പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ച കേരള പൊലീസ് സന്ദർശക ലിസ്റ്റും വിവരങ്ങളും ശേഖരിച്ചു.

അതിനിടെ, മഅ്ദനിയുടെ ഭാര്യയും സാക്ഷിയുമായ സൂഫിയയുടെ വിസ്താരം വ്യാഴാഴ്ച പൂർത്തിയായി. പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ സൂഫിയ നിഷേധിച്ചു. തനിക്കെതിരായ മൊഴി കെട്ടിച്ചമച്ചതാണെന്നും കൊച്ചിയിലെ വാടക വീട് കേന്ദ്രീകരിച്ച് മഅ്ദനി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്ന സമയത്ത് താൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടില്ലെന്നും സൂഫിയ കോടതിയെ അറിയിച്ചു. ഒമ്പത് കേസുകളിലായി രജിസ്റ്റർ ചെയ്ത കേസിൽ ഒറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച തടസവാദങ്ങൾക്ക് വെള്ളിയാഴ്ച മഅ്ദനിയുടെ അഭിഭാഷകർ എതിർ സത്യവാങ്മൂലം നൽകും. കേസ് ഡിസംബർ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.