സ്വത്ത് വിവരം വെളിപ്പെടുത്താതെ 133 എം.എല്‍.എമാര്‍

തിരുവനന്തപുരം: സ്വത്ത് വിവരം പൊതുജനസമക്ഷം വെളിപ്പെടുത്താന്‍ സംസ്ഥാനത്തെ എം.എല്‍.എമാര്‍ക്ക്  മടി.  ആറ് എം.എല്‍.എമാര്‍ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലം പുറത്തുവിടരുതെന്ന് രേഖാമൂലം ഗവര്‍ണറെ അറിയിച്ചപ്പോള്‍ ഏഴ് എം.എല്‍.എമാര്‍ സമ്മതം അറിയിച്ചു. അതേസമയം ഭരണ -പ്രതിപക്ഷ കക്ഷികളിലെ 127 എം.എല്‍.എമാര്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വിവരാവകാശം വഴി പുറത്തുവിടുന്നത് സംബന്ധിച്ച് ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കിയില്ല.
 എന്‍.എ. നെല്ലിക്കുന്ന്, കെ.ടി. ജലീല്‍, ഇ.എസ്. ബിജിമോള്‍, പി.എ. മാധവന്‍, സി. ദിവാകരന്‍, കെ. അച്യുതന്‍, അബ്ദുസ്സമദ് സമദാനി എന്നീ എം.എല്‍.എമാരാണ് തങ്ങളുടെ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ് മൂലം വിവരാവകാശം വഴി നല്‍കാന്‍ സമ്മതം അറിയിച്ചത്. അതേസമയം കോലിയക്കോട് കൃഷ്ണന്‍നായര്‍, സി. മമ്മൂട്ടി, കെ.ബി. ഗണേഷ്കുമാര്‍, കെ. മുരളീധരന്‍, കെ. ശിവദാസന്‍ നായര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍  സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്നും ആര്‍.ടി.ഐ വഴി ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടതില്ളെന്നുമാണ്  ഗവര്‍ണറെ രേഖാമൂലം അറിയിച്ചത്. ഈ രണ്ടുകൂട്ടരും ഒഴികെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള 127 എം.എല്‍.എമാരും ഗവര്‍ണറുടെ ഓഫിസില്‍നിന്നുള്ള കത്തിന് മറുപടി നല്‍കിയിട്ടില്ല.
1999ലാണ് നിയമസഭാ സാമാജികര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആസ്തി ബാധ്യതകളെ സംബന്ധിച്ച പൂര്‍ണവിവരം രണ്ടുവര്‍ഷം കൂടുമ്പോള്‍ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്ന് കേരള ലോകായുക്ത നിയമം കൊണ്ടുവന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവ തടയുകയായിരുന്നു ലക്ഷ്യം. ഇതിന്‍െറ ഭാഗമായി എം.എല്‍.എമാര്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ തങ്ങളുടെ ആസ്തിബാധ്യതകളെ സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കുകയും സെക്രട്ടറി അത് ഗവര്‍ണര്‍ക്ക് നല്‍കുകയുമാണ് ചെയ്യാറ്. എം.എല്‍.എമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എം.എല്‍.എമാര്‍ തങ്ങളുടെ കാലാവധിയില്‍ സമര്‍പ്പിക്കുന്ന സാമ്പത്തിക വിവരങ്ങളെക്കുറിച്ച് നാളിതുവരെ യാതൊരു പരിശോധനയും നടന്നിട്ടില്ല.  തെരഞ്ഞെടുപ്പ് കാലത്ത് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കുന്ന സ്വത്തുവിവര കണക്കുകളില്‍ ഇവയുടെ ഉറവിടം ആരും നല്‍കാറില്ളെങ്കിലും ഗവര്‍ണര്‍ക്ക് നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഇത് നല്‍കേണ്ടതുണ്ട്.
 ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് 2009ല്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഭരണത്തിലിരിക്കുന്നവരുടെയും അധികാരത്തിലിരിക്കുന്നവരുടെയും പ്രവൃത്തികള്‍ സുതാര്യമായിരിക്കണമെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു. സ്വത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് അന്ന് പല കോണുകളില്‍നിന്നും വിമര്‍ശം ഉയര്‍ന്നെങ്കിലും സുതാര്യതക്ക് സ്വകാര്യതയെക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് പ്രഖ്യാപിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസും 20 ജഡ്ജിമാരും അന്ന് കോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.