ദേശവിരുദ്ധമെന്ന്; ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍ എ.ബി.വി.പി കത്തിച്ചു

കോഴിക്കോട്: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും സംസ്കാരത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചു. കോളജ് യൂനിയന്‍ പുറത്തിറക്കിയ ‘വിശ്വ വിഖ്യാത തെറി’യാണ് എ.ബി.വി.പി ജില്ലാ കണ്‍വീനറുടെ നേതൃത്വത്തില്‍ കാമ്പസില്‍ ചുട്ടെരിച്ചത്. ദേശസ്നേഹത്തിന്‍െറ പേരിലുള്ള നടപടിയെ വിമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്‍െറ കവര്‍സ്റ്റോറി. ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കിളവന്‍, കാടന്‍ തുടങ്ങി മലയാളത്തിലെ വിഖ്യാതമായ ഒമ്പത് തെറികളുടെ ഉദ്ഭവവും പരിണാമവും മാഗസിന്‍ പരിശോധിക്കുന്നു. മണ്ണിന്‍െറ മക്കള്‍ ചേറുകൊണ്ട് പുരയുണ്ടാക്കിയപ്പോള്‍ ആരോ ചെറ്റക്കുടില്‍ എന്ന് വിളിച്ചതായും അതിന്‍െറ ചുരുക്കമാണ് ചെറ്റയെന്നും മാഗസിന്‍ സമര്‍ഥിക്കുന്നു. മേലാളന് കീഴാളനെ വിളിക്കാനുള്ള വിളിപ്പേരാണിവ. മുതലാളിത്തം, ജന്മിത്തം, ഫ്യൂഡല്‍ വ്യവസ്ഥിതി, അധികാരവ്യവസ്ഥ തുടങ്ങിയവ നയിക്കുന്ന വരേണ്യതയുടെ ആട്ടും തുപ്പുമേല്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ വിളിപ്പേരായാണ് എല്ലാ തെറികളുടെയും ഉദ്ഭവമെന്നാണ് മാഗസിന്‍ പറയാന്‍ ശ്രമിക്കുന്നത്.സവര്‍ണന്‍െറ പെണ്ണിനെ മോഹിച്ച കീഴാളനു നല്‍കിയ ശിക്ഷയാണ് കഴുമരമെന്ന് പറഞ്ഞ് വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു. കാമ്പസുകളിലെ ലിംഗസമത്വ വിവാദവും രോഹിത് വെമുലയുടെ മരണവും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അസഹിഷ്ണുതയും ‘സംഘീത’വുമെല്ലാം പുതുമയാര്‍ന്ന രീതിയിലാണ് മാഗസിന്‍ അവതരിപ്പിക്കുന്നത്.

മധ്യവേനലവധിയായിട്ടും മാഗസിന്‍ കത്തിക്കാനായി പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം കാമ്പസിലത്തെി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കണക്കറ്റ് പരിഹസിക്കുന്നതും അശ്ളീലത കുത്തിനിറച്ചതുമായ മാഗസിനാണിതെന്നും എ.ബി.വി.പി കോളജ് യൂനിറ്റ് അംഗം ഇ.കെ. ഹരിപ്രസാദ് പറഞ്ഞു. മാഗസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെറിയിലെ രാഷ്ട്രീയവും മേലാള സ്വഭാവവും പുരുഷമേധാവിത്വവുമെല്ലാം പറയാനാണ് മാഗസിന്‍ ശ്രമിച്ചതെന്ന് സ്റ്റുഡന്‍റ് എഡിറ്റര്‍ ശ്രീഷമിം പറഞ്ഞു. എസ്.എഫ്.ഐയാണ് ഗുരുവായൂരപ്പന്‍ കോളജ് യൂനിയന്‍ ഭരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.