മെത്രാന്മാർ സ്വത്തുക്കള്‍ സഭക്ക് കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ

ദമസ്‌കസ്: മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് യാക്കോബായ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. ശ്രേഷ്ഠ കതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന് അയച്ച കല്‍പനയിലാണ് പാത്രിയര്‍ക്കീസ് ബാവ ഇക്കാര്യം ആവശ്യപ്പെട്ടത്. യാക്കോബായ സഭയുടെ പല സ്വത്തുക്കൾ, സ്‌കൂളുകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശം മെത്രാപോലീത്തമാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പേരിലോ സ്വകാര്യ ട്രസ്റ്റിന്‍റെ പേരിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരമാധ്യക്ഷൻ കല്‍പന പുറപ്പെടുവിച്ചത്.

സ്വത്തുക്കള്‍ അതാത് ഭദ്രാസനങ്ങളിലേക്ക് കൈമാറി യാക്കോബായ സഭയുടെ പേരിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. മേയ് മാസത്തില്‍ ചേരുന്ന സഭയുടെ വാര്‍ഷിക സുന്നഹദോസ് ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. സഭാ കേസുമായി ബന്ധപ്പെട്ട് എതിര്‍വിഭാഗം ഇക്കാര്യം ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും ബാവ കല്‍പനയില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുത്ത് സഭാ സ്വത്തുക്കളുടെ ഉടമസ്ഥതക്കായി കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുന്നത് ഒഴിവാക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ നിര്‍ദേശിക്കുന്നു.

             

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.