മാണി യു.ഡി.എഫ് വിടില്ല; ബി.ജെ.പിക്കൊപ്പം പോകുന്നത് ആത്മഹത്യാപരം -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളാ കോൺഗ്രസ് എം ബി.ജെ.പിക്കൊപ്പം പോയാൽ അത് ആത്മഹത്യാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിൽ കേരള കോൺഗ്രസുമായി  ചില പ്രശ്നങ്ങളുണ്ടെന്ന് യാഥാർഥ്യമാണ്. ചരൽകുന്നിലെ ക്യാമ്പ് കഴിയുന്നത് വരെ കാത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോൺഗ്രസുമായുള്ള പ്രശ്ന പരിഹാരത്തിന് കുഞ്ഞാലിക്കുട്ടിയെയാണ് യു.ഡി.എഫ് നിയോഗിച്ചത്.  എന്നാൽ, കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കി യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാനും അടുത്ത സമ്മേളനം മുതല്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായിരിക്കാനും കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരുന്നു. ഇടതുസര്‍ക്കാറിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും സര്‍ക്കാറിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മാണിയെ വശത്താക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മാണിയുമായും മകന്‍ ജോസ് കെ.മാണിയുമായും രഹസ്യ കൂടിക്കാഴ്ചക്ക് ബി.ജെ.പി നേതാക്കള്‍ സമയം തേടിയതായാണ് റിപ്പോര്‍ട്ട്. മാണിയെ ഒപ്പംനിര്‍ത്തി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി നീക്കം. കേരള കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എം.പി പി.സി. തോമസും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനുമാണ് ഈ നീക്കത്തിനുപിന്നില്‍. രാഷ്ട്രീയത്തില്‍ ഏറെ ജൂനിയറായ രമേശ് ചെന്നിത്തലയെ കേരള കോണ്‍ഗ്രസിനോട് ആലോചിക്കുകപോലും ചെയ്യാതെ മുന്നണി ചെയര്‍മാനും പ്രതിപക്ഷനേതാവുമായി തെരഞ്ഞെടുത്തതില്‍ മാണി ക്ഷുഭിതനാണ്.

ബാര്‍ കോഴക്കേസില്‍ തന്നെ കുടുക്കാന്‍ നടന്ന ഗൂഢാലോനചക്ക് പിന്നില്‍ ചെന്നിത്തലയാണെന്നാണ് മാണി വിശ്വസിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.