ബി.ടെക് ഇയര്‍ ഒൗട്ടായ വിദ്യാര്‍ഥികള്‍ക്ക് ഒരു അവസരം കൂടി – വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷയില്‍ ഇയര്‍ ഒൗട്ടായി മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു സപ്ളിമെന്‍ററി പരീക്ഷാ അവസരം കൂടി നല്‍കാന്‍ തീരുമാനം. ഇയര്‍ ഒൗട്ടായ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുമായി ബുധനാഴ്ച നടത്തിയ സംവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാകും പരീക്ഷയെന്ന് വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് അറിയിച്ചു. സെപ്റ്റംബര്‍ അവസാനവാരം ഫലം പ്രസിദ്ധീകരിക്കും. ഈ പരീക്ഷയില്‍ ആവശ്യമായ 26 ക്രെഡിറ്റുകള്‍ വിജയിക്കുന്നവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശം നല്‍കും.

മൂന്നാം സെമസ്റ്ററിലേക്ക് ഈ വര്‍ഷംതന്നെ പ്രവേശം വേണമോയെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും തീരുമാനിക്കാമെന്നും വി.സി പറഞ്ഞു. ആഗസ്റ്റ് ഒന്നിന് മൂന്നാം സെമസ്റ്റര്‍ ക്ളാസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ സപ്ളിമെന്‍ററി പരീക്ഷ ജയിക്കുന്നവര്‍ക്ക് നഷ്ടപ്പെടുന്ന ക്ളാസുകളും ഹാജറും അവശേഷിക്കുന്ന സമയത്ത് പരിഹരിക്കാനാകുമോ എന്നതിനെ ആശ്രയിച്ചാകും ഇവരുടെ തുടര്‍പഠനമെന്നും വി.സി പറഞ്ഞു.കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം ഉയര്‍ത്താനാണ് ഇയര്‍ ഒൗട്ട് ഉള്‍പ്പെടെ സാങ്കേതിക സര്‍വകലാശാലയുടെ നടപടികളെന്ന് മന്ത്രി വിശദീകരിച്ചു. 

ഒന്നാം ക്ളാസ് മുതല്‍ ബിരുദാനന്തരതലംവരെ ഗുണനിലവാരമുള്ള കുട്ടികളെ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നയം. തങ്ങളുടെ മക്കള്‍ മികച്ച ഗുണനിലവാരമുള്ള എന്‍ജിനീയര്‍മാരാകണമെന്ന് രക്ഷകര്‍ത്താക്കള്‍ ആഗ്രഹിക്കണം. ഓരോ സെമസ്റ്ററിലെയും പേപ്പറുകള്‍ അതത് വര്‍ഷങ്ങളില്‍ പാസാകണം.വിദ്യാര്‍ഥിയായിരിക്കെ പഠനകാലയളവില്‍ തനിക്കും തോല്‍വിയുണ്ടായിട്ടുണ്ട്. തോറ്റതുകൊണ്ട് തനിക്ക് ദോഷമൊന്നുമുണ്ടായിട്ടില്ളെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പരീക്ഷ നടത്തി ഫലം കൊണ്ടുവരുന്നത് സാങ്കേതിക സര്‍വകലാശാലയാണ്. പരമാവധി അഞ്ച് വര്‍ഷത്തിനകമെങ്കിലും എന്‍ജിനീയറിങ് പൂര്‍ത്തിയാക്കാനാണ് ഇയര്‍ ഒൗട്ട് സമ്പ്രദായമെന്നും മന്ത്രി വിശദീകരിച്ചു. പ്രഫ. ആര്‍.വി.ജി. മേനോനും സംസാരിച്ചു. രക്ഷാകര്‍ത്താക്കളുടെ സംശയങ്ങള്‍ക്കും പരിപാടിയില്‍ മറുപടി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.