പിറന്നാള്‍ ആഘോഷ വിവാദം: തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ജന്മദിനാഘോഷ വിവാദത്തിന് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഖേദം പ്രകടിപ്പിച്ചു. ഓഫിസില്‍ ജീവനക്കാരോടൊപ്പം മധുരം വിതരണം ചെയ്ത് ജന്മദിനം ആഘോഷിച്ച സംഭവത്തിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ സാന്നിധ്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. സ്കൂള്‍ കുട്ടികള്‍ക്കുള്ള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍െറ ബോധവത്കരണ പരിപാടിയായ ‘നേര്‍വഴി’ യുടെ ജില്ലാതല ഉദ്ഘാടത്തിനിടെയാണ് ഖേദപ്രകടനം.

നല്ല ഉദ്ദേശ്യത്തില്‍ സ്വന്തം കാശ് മുടക്കിയാണ് മധുരം വിതരണം ചെയ്തതെങ്കിലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍െറ ഹുങ്കായി പിറന്നാളാഘോഷം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നും വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞു. അതിനാല്‍, ഖേദം രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും തച്ചങ്കരി പറഞ്ഞു. വിദേശത്തുനിന്ന് ലഭിച്ച പരിശീലനത്തിന്‍െറ ഭാഗമായി പുതിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കേരളത്തിന്‍െറ മണ്ണില്‍ അത് ഏശിയില്ല- അദ്ദേഹം പറഞ്ഞു.

സംസാരത്തിനിടെ മന്ത്രിയോടായി സാര്‍ എന്ന് വിളിച്ചായിരുന്നു ഖേദപ്രകടനം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മധുരം നല്‍കി ഓഫിസില്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം. സംഭവത്തില്‍ ഗതാഗതമന്ത്രി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.