ചെന്നിത്തലക്ക് രണ്ട് കോടിയും ശിവകുമാറിന് 25 ലക്ഷവും നൽകിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലക്കും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനും പണം നല്‍കിയെന്ന ആരോപണത്തിൽ ഉറച്ച് ബാറുടമ ബിജു രമേശ്‍. ചെന്നിത്തലക്ക് രണ്ട് കോടി രൂപയും ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന ആരോപണമാണ് വാർത്താ സമ്മേളനത്തിൽ ബിജു രമേശ് ആവർത്തിച്ചത്. നേരത്തെ, ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ സമാന ആരോപണം ബിജു രമേശ് ഉന്നയിച്ചിരുന്നു.

കെ.പി.സി.സി ഒാഫീസിൽവെച്ച് അസോസിയേഷൻ ഭാരവാഹികളാണ് ചെന്നിത്തലക്ക് പണം നേരിട്ട് കൈമാറിയത്. ഈ പണം നൽകിയത് കൊണ്ടാണ് ലൈസൻസ് ഫീസ് സർക്കാർ വർധിപ്പിക്കാത്തിരുന്നത്. ബാർ പൂട്ടാതിരിക്കാനല്ല മറിച്ച് ശല്യം ചെയ്യാതിരിക്കാനാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പിന് മുമ്പാണ് മന്ത്രി വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയത്. ശിവകുമാറിന്‍റെ സ്റ്റാഫ് അംഗം വാസു മുഖേനയാണ് പണം കൈമാറിയത്. മന്ത്രി കെ. ബാബുവിന്‍റെ അറിവോടെയാണ് പണം നൽകിയതെന്നും അതിന് രസീതോ രേഖകളോ കൈപ്പറ്റിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

കെ. ബാബുവിനെതിരായ തെളിവുകൾ തന്‍റെ കൈയ്യിലുണ്ടെന്ന് സോളാർ കേസ് പ്രതി സരിത നായർ തന്നോട് പറഞ്ഞിട്ടുണ്ട്. ബാബുവിന്‍റെ ക്രമക്കേടുകൾ ഉൾപ്പെടുന്ന സിഡിയാണ് സരിതയുടെ കൈവശമുള്ളത്. സരിത തന്നോടും പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.

അതേസമയം, ബിജു രമേശിന്‍റെ ആരോപണം ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ നിഷേധിച്ചു. ബിജുവിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തില്‍ നിയമസഭക്ക് മുമ്പാകെ നേരത്തെ വിശദീകരണം നല്‍കിയിട്ടുണ്ട്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുമായി തനിക്ക് ബന്ധമില്ല. ആരോഗ്യമന്ത്രിയായ താന്‍ ബാർ വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും ശിവകുമാര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.