ജെ.എൻ.യു: കേന്ദ്ര സർക്കാറിനെതിരെ പത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.ബി രാജേഷ്

ജെ.എൻ.യു: കേന്ദ്ര സർക്കാറിനെതിരെ പത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.ബി രാജേഷ്

തിരുവനന്തപുരം: ജെ.എൻ.യുവിൽ രാജ്യദ്രോഹ കുറ്റം ചുമത്തി വിദ്യാർഥി സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പി സർക്കാറിനെതിരെ പത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.ബി രാജേഷ് എം.പി. രാജ്യസ്നേഹം സംസാരിക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ള അവകാശത്തെ ചോദ്യം ചെയ്താണ് രാജേഷിൻെറ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിൻെറ പൂർണരൂപം

ഇന്ത്യയിലെ മികവുറ്റ ധൈഷണിക കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഡല്‍ഹിയിലെ JNU വിനുള്ളത്. മുന്‍ വൈസ് ചാന്‍സലര്‍ വൈ.കെ അലാഗ് തന്‍റെ 'ജീവിതത്തിലെ ഏറ്റവും മികച്ച ജോലി' എന്നാണ് JNUവിലെ ജോലിയെ വിശേഷിപ്പിച്ചത്. BJPയുടെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍, CBI ഡയറക്ടര്‍ അനില്‍ സിന്‍ഹ, CPI(M) നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങി സിവില്‍ സര്‍വ്വീസിലും രാഷ്ട്രീയ സാമൂഹിക ജീവിതത്തിലുമുള്ള അനേകം പ്രമുഖരെ JNU സംഭാവന ചെയ്തിട്ടുണ്ട്. ആ JNU "രാജ്യദ്രോഹികളുടെ കേന്ദ്ര"മാണെന്നാണ് സംഘപരിവാറും BJP സര്‍ക്കാരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഏതാനും ചില വിദ്യാര്‍ത്ഥികള്‍ നടത്തിയ അഫ്സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മുതലെടുത്താണ്ഈ പ്രചരണം.

ഏതെങ്കിലും മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനയല്ല അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയത് എന്ന കാര്യവും മറച്ചു വെക്കുന്നു. ചില വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ ഈ പരിപാടിയുടെ പേരില്‍ JNU വില്‍ പോലീസ് തേര്‍വാഴ്ച നടത്തുകയും 8000ത്തോളം വിദ്യാര്‍ത്ഥികളെയാകെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതികരിച്ചത്. അനുസ്മരണത്തിന്‍റെ ഭാഗമായി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ ABVPക്കാരാണെന്ന് ആരോപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്. അതെന്തായാലും തെളീയിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ആ വീഡിയോയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വ്യക്തമായവര്‍ക്കെതിരെ കേസ് എടുത്തില്ലെന്ന ആക്ഷേപം ഗൗരവമുള്ളതാണ്.

1. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നത് നീതിയെ പരിഹസിക്കലാണെന്നും അയാളുടെ ഭൗതികാവശിഷ്ടം കാശ്മീരില്‍ കൊണ്ടുവന്ന് സംസ്കരിക്കണമെന്നും അന്നുമുതല്‍ പറയുന്ന, ഇന്നലേയും ഇതാവര്‍ത്തിച്ച PDPയുമായി ചേര്‍ന്ന് കാശ്മീര്‍ ഭരിക്കുന്ന BJP.

2. കാശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം PDPയെ ദേശവിരുദ്ധരെന്ന് ആക്ഷേപിക്കുകയും അതിനു ശേഷം സര്‍ക്കാരുണ്ടാക്കാന്‍ മുഫ്തി മുഹമ്മദ് സെയ്തിനെ ലജ്ജയില്ലാതെ ആലിംഗനം ചെയ്യുന്ന നരേന്ദ്രമോദിയുടെ ചിത്രം ഓര്‍മ്മയില്ലേ? മോദിയുടെ നടപടി രാജ്യസ്നേഹമോ അതോ രാജ്യദ്രോഹമോ എന്ന് ഇവര്‍ വ്യക്തമാക്കട്ടേ.

3. ഗാന്ധി ഘാതകന്‍ ഗോഡ്സേയെ തൂക്കിക്കൊന്ന ദിവസം (നവം. 15) ബലിദാനദിനമായി ആചരിക്കുകയും ഗാന്ധിജിയുടെ രക്തസാക്ഷിദിനം വിജയദിനമായി മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയും ചെയ്തവര്‍ക്കെതിരേ എന്തേ രാജ്യദ്രോഹത്തിന് കേസ് എടുത്തില്ല?

4. ഗാന്ധിയല്ല ഗോഡ്സേയാണ് നായകന്‍ എന്നു പറഞ്ഞ BJP എം.പി സാക്ഷിമഹാരാജിനും ഹിന്ദുമഹാസഭാ നേതാവ് അശോക് ശര്‍മ്മക്കും എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാത്തതോ?

5. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ദയനീയമായി മാപ്പപേക്ഷിച്ച് കത്തെഴുതിയ (1913 നവംബര്‍ 14ന്) സവര്‍ക്കറുടെ പിന്‍മുറക്കാര്‍.

6. ക്വിറ്റിന്ത്യാ സമരം നടക്കുമ്പോള്‍ ജിന്നയുടെ സര്‍വ്വേന്ത്യാ മുസ്ലീം ലീഗ് നേതാവ് ഫസലുള്‍ ഹഖ് നയിച്ച ബംഗാള്‍ പ്രവിശ്യാ സര്‍ക്കാരില്‍ ധനമന്ത്രി സ്ഥാനത്ത് തുടര്‍ന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ പിന്‍മുറക്കാര്‍.

7. ഗാന്ധി വധത്തിലുള്ള പങ്കിന്‍റേ പേരില്‍ 1948 ഫെബ്രുവരി 2ന് RSSനെ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ പ്രമേയം ഇങ്ങനെ പറയുന്നു. "രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന വിദ്വേഷത്തിന്‍റെയും ഹിംസയുടേയും ശക്തികളെ വേരോടെ പിഴുതുകളയുക എന്ന നയത്തിന്‍റെ ഭാഗമായി RSSനെ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു." ഇത് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി മറ്റാരുമല്ല സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യസ്നേഹികളാണോ?

8. സര്‍ദാര്‍ പട്ടേല്‍ 1948 സെപ്തംബര്‍ 11ന് RSS മേധാവി ഗോള്‍വാള്‍ക്കറിന് എഴുതിയ കത്തില്‍ പറയുന്നു,"ഗാന്ധിജിയുടെ കൊലക്ക് ശേഷം RSS പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ഉണ്ടായപ്പോള്‍ RSSനോടുള്ള എതിര്‍പ്പ് രൂക്ഷമായി " അന്നും ഇന്നും ഗാന്ധിജിയുടെ കൊലപാതകം ആഘോഷിക്കുന്നവരാണോ രാജ്യസ്നേഹികള്‍?

9. ഗാന്ധിവധത്തിനു ശേഷം, 1948 നവംബര്‍ 14ന് ഇന്ത്യാ ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, "RSSമായി ബന്ധപ്പെട്ടവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശദ്രോഹപരവും പലപ്പോഴും അട്ടിമറി സ്വഭാവമുള്ളതും ഹിംസാത്മകവുമാണ്...." ദേശദ്രോഹത്തിന്‍റെ ചരിത്രമുള്ളവര്‍ മറ്റെല്ലാവരും രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നു.

10. ഇന്ത്യന്‍ ഭരണഘടന'അഭാരതീയവും' 'ഹിന്ദുവിരുദ്ധവു'മെന്ന് പറഞ്ഞ് ഭരണഘടനയെത്തന്നെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യസ്നേഹം എന്ന് ഉച്ചരിക്കാന്‍ എന്ത് അവകാശം?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.