ബംഗളൂരു സ്ഫോടനക്കേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; രണ്ട് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി. രണ്ടും മൂന്നും പ്രതികളായ പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ല, കണ്ണൂര്‍ ആസാദ് റോഡില്‍ കെ.കെ. തസ്ലിം എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. നവംബറിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ വീടുകളിലും ബന്ധപ്പെട്ട പലരുടെയും വീടുകളിലും നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക നിരത്തിയാണ് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തുടരന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പൊലീസിന്‍െറ റിപ്പോര്‍ട്ടിലുണ്ട്.

ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിച്ച് നസീറിനെ സഹായിക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 90 ദിവസം പിന്നിടുന്നതിന് മുന്നോടിയായി പൊലീസ് യു.എ.പി.എ നിയമപ്രകാരം കസ്റ്റഡി 180 ദിവസമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മൂന്നുമാസം മുമ്പ് നസീറിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന ഷഹനാസിനെ നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷമുള്ള പരിശോധനയില്‍ ഇയാളില്‍നിന്ന് രഹസ്യ കോഡുള്ള കത്തുകളും ഇ-മെയില്‍ അയച്ചതിന്‍െറ വിശദാംശങ്ങളും പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ നസീറുമായുള്ള ബന്ധവും ഷഹനാസ് വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.