പത്മശ്രീ അവാര്‍ഡ് നിര്‍ണയ മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: പത്മശ്രീ പുരസ്കാരജേതാക്കളെ കണ്ടത്തൊന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അറിയിക്കണമെന്ന് ഹൈകോടതി. അതേസമയം, ഇത്തവണത്തെ പത്മശ്രീ പുരസ്കാരജേതാവായ തൃശൂര്‍ സ്വദേശി സുന്ദര്‍ ആദിത്യ മേനോനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് അദ്ദേഹത്തെ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്ത ശേഷമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ 2016 ജനുവരി 16നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാറിനുവേണ്ടി സീനിയര്‍ ഗവ. പ്ളീഡര്‍ ടി.പി. സാജിത് കോടതിയെ അറിയിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ മേനോന് സാമൂഹികപ്രവര്‍ത്തകനായ എന്‍.ആര്‍.ഐ പൗരനെന്ന പേരില്‍ രാജ്യത്തിന്‍െറ മഹനീയ ബഹുമതി നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ സി.കെ. പത്മനാഭന്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിഗണിച്ചത്.
അനര്‍ഹനായ വ്യക്തിക്കാണ് പത്മശ്രീ പുരസ്കാരം നല്‍കുന്നതെന്നും ഇത്തരം ഉന്നത അവാര്‍ഡുകള്‍ക്ക് മേനോന്‍ അര്‍ഹനല്ളെന്നുമായിരുന്നു ഹരജിയിലെ ആരോപണം. മുംബൈയിലും ഇദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, കരാര്‍ ലംഘനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുന്ദര്‍ മേനോനെതിരെ കേസുകള്‍ വല്ലതും നിലവിലുണ്ടോയെന്ന് അറിയിക്കാന്‍ കോടതി നേരത്തേ സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ഇതുസംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. അതേസമയം, നിലവിലെ ചട്ടങ്ങള്‍ പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് അവാര്‍ഡ് ജേതാവിനെ കണ്ടത്തെിയതെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അഡ്വ. സി.ജി. പ്രീത കോടതിയെ അറിയിച്ചു. സുന്ദര്‍ ആദിത്യ മേനോനെ പത്മശ്രീ പുരസ്കാരത്തിന് നിര്‍ദേശിച്ചത് അതിന് അര്‍ഹതയും യോഗ്യതയുമുള്ളവരാണ്. തുടര്‍ന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി മുമ്പാകെ പേര് സമര്‍പ്പിച്ചു. ഇതിനിടെ ഇന്‍റലിജന്‍സും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇദ്ദേഹത്തിന്‍െറ മുന്‍കാല പ്രവര്‍ത്തനങ്ങളും സ്വഭാവ വിശേഷങ്ങളും അന്വേഷിച്ച് അനുകൂല റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് അവാര്‍ഡ് കമ്മിറ്റി സുന്ദര്‍ മേനോന്‍െറ പേര് ഇന്ത്യന്‍ പ്രസിഡന്‍റിന് സമര്‍പ്പിച്ചതെന്നും പ്രഖ്യാപനം നടത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പത്മശ്രീ അവാര്‍ഡ് ജേതാവായ ആള്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍ എന്തായിരിക്കും നടപടിയെന്ന് കോടതി ആരാഞ്ഞു. അവാര്‍ഡ് റദ്ദാക്കണമെങ്കില്‍ പ്രസിഡന്‍റിന്‍െറ ഇടപെടല്‍ വേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് അവാര്‍ഡ് നിര്‍ണയത്തിനും തുടര്‍ന്നുമുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേസ് മാര്‍ച്ച് നാലിന് പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.