പാമോലിൻ കേസ്: സഭയിൽ പ്രതിപക്ഷ ബഹളം; സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാമോലിൻ കേസിൽ വിജിലൻസ് കോടതി പരമാർശത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും രാജു എബ്രഹാം എം.എൽ.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല.

മനപ്പൂര്‍വം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ് പാമോലിൻ കേസ് മുഖ്യമന്ത്രി പ്രതികരിച്ചു. സർക്കാറിന്  ഒരു രൂപപോലും  നഷ്ടമുണ്ടായിട്ടില്ല.  9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടെന്ന് സുപ്രീംകോടതി വരെ പറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.  ഫയലില്‍‍ ഒപ്പിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. പാമോലിൻ ഇടപാട് ഉമ്മന്‍‍ ചാണ്ടിയുടെ അറിവോടെയെന്നായിരുന്നു കോടതി പരാമർശം

അതേസമയം, നിയമസഭ ചേർന്നപ്പോൾ സഭയുടെ സന്ദർശക ഗാലറിയിൽ വി.എസ്.ഡി.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.  ജസ്‌റ്റിസ് ഹരിഹരൻ നായർ കമീഷൻ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് വി.എസ്.ഡി.പി ട്രഷറർ അജോയ് പുന്നക്കാടും മകനും മറ്റു രണ്ടു പേരുമാണ് മുദ്രാവാക്യം വിളിച്ചത്. ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേള തുടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച മൂവരേയും വാച്ച് ആൻഡ് വാർഡ് പിടികൂടി സഭക്ക് പുറത്തെത്തിച്ച് പൊലീസിന് കൈമാറി. -

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.