ഫാഷിസം ചെറുക്കാനുള്ള ഏകവഴി വിശാല ഐക്യമുന്നണി –എന്‍.എസ്. മാധവന്‍

തിരുവനന്തപുരം: ഫാഷിസത്തിനെതിരെ ചെറുത്തുനില്‍ക്കാനുള്ള ഏകവഴി വിശാലമായ ഐക്യമുന്നണിയാണെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ‘വര്‍ഗീയതക്കെതിരെ സാംസ്കാരിക ഐക്യം’ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ വലിയവില നല്‍കേണ്ടിവരുമെന്നാണ് ചരിത്രം നല്‍കുന്ന പാഠം.  കെട്ടിപ്പടുക്കുന്ന ഐക്യമുന്നണിക്കുള്ളില്‍ വിള്ളലുകള്‍ ഉണ്ടാവരുത്. ഒരുമയോടെ നിന്ന് ഫാഷിസത്തിന്‍െറ പക്ഷികളെ മാത്രം ലാക്കാക്കി വില്ല് കുലച്ചില്ളെങ്കില്‍ ഭിന്നിപ്പിക്കാന്‍ തയാറായ ഭരണകൂടത്തെയാവും അത് സഹായിക്കുക. ജാതിയുടെയും മതത്തിന്‍െറയും കാഴ്ചപ്പാടിന്‍െറയും പേരില്‍ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമവും ഫാഷിസത്തിനെതിരായ രാഷ്ട്രീയഐക്യം തകര്‍ക്കും.
അക്കാദമിക് ചര്‍ച്ചകളില്‍ കേള്‍ക്കുന്നത് ഫാഷിസം ഇന്ത്യയില്‍ വന്നിട്ടില്ളെന്നാണ്.  തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ മാറ്റാവുന്ന സ്ഥിതി നിലനില്‍ക്കുന്നുവെന്നതിനാലാണിത്. ഒരു രാജ്യത്തും ഫാഷിസം വന്നശേഷം അവിടത്തെ ജനകീയമുന്നണിയിലൂടെയോ ജനകീയപോരാട്ടത്തിലൂടെയോ അത് തുടച്ചുനീക്കപ്പെട്ട അനുഭവമില്ല. ജര്‍മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെയാണ് ഫാഷിസത്തിന് അറുതിയുണ്ടായത്.
വിദൂരമല്ലാത്ത കാലത്ത് ഇന്ത്യയില്‍ കടന്നുവരാവുന്ന പ്രതിഭാസമാണ് ഫാഷിസം. ഉന്നതവിദ്യാഭ്യാസമേഖല തകര്‍ക്കുന്ന, ബുദ്ധിജീവികളെ ആക്രമിക്കുന്ന, ന്യൂനപക്ഷത്തെ അപരന്മാരാക്കുന്ന, ഭൂരിപക്ഷത്തിന്‍െറ ഏകശിലാനിര്‍മിത ഭരണകൂടത്തെ വിഭാവനം ചെയ്യുന്ന, തീന്‍മേശയില്‍വരെ കണ്ണുകള്‍ പതിയുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ജനകീയമുന്നണി ആവശ്യമാണെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.
ജനകീയാസൂത്രണത്തിന്‍െറ രണ്ടാം പതിപ്പ് വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് പറഞ്ഞു. ശുചിത്വം, കുടുംബശ്രീ, ജൈവകൃഷി എന്നീ പ്രത്യേക മേഖലകളില്‍ ഊന്നിവേണം ഇത് നടപ്പാക്കാനെന്നും പഠനകോണ്‍ഗ്രസിന്‍െറ സമാപനചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് ഹൈവേയല്ല, അതിവേഗ റെയില്‍പാതയാണ് കേരളത്തിന് ആവശ്യം. കേരളത്തിലും ഇന്ത്യയിലും വളരുന്നത് വാഹനങ്ങളെ അടിസ്ഥാനമാക്കിയ ഗതാഗതസംവിധാനമാണ്. ഇതിന് പരിഹാരം പൊതുഗതാഗത സംവിധാനമാണ്. തെക്ക്-വടക്ക് റെയില്‍പാത വരുന്നതോടെ 200 കിലോ മീറ്റര്‍ വേഗത്തില്‍ ഓടാന്‍ റോഡ് ആവശ്യമില്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.