തിരുവനന്തപുരം: തൊഴിലുറപ്പ് വേതനവിതരണം ദേശീയ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഈ ആവശ്യത്തിനായി 365 കോടി രൂപ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക പൂര്‍ണമായി ഇതുവഴി നല്‍കുമെന്നും തുടര്‍ന്നുള്ള വേതനവിതരണം കുടിശ്ശികയില്ലാതെ നല്‍കാനുള്ള എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതോടെ ദേശീയ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനം ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറില്‍നിന്ന് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്ന സംവിധാനമാണിത്.
കേന്ദ്രസര്‍ക്കാറില്‍നിന്ന് വേതനത്തുക സംസ്ഥാന സര്‍ക്കാറിലേക്ക് വരുകയും തുടര്‍ന്ന് നോഡല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലേക്കു കൈമാറി അവിടെനിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കുകയുമായിരുന്നു നിലവിലുള്ള രീതി. ജനുവരി ഒന്നു മുതല്‍ നാഷനല്‍ ഇ.എഫ്.എം.എസ് നടപ്പാക്കിയതോടെ കൂലി ലഭിക്കുന്നതിനാവശ്യമായ ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ നേരിട്ട് കേന്ദ്രസര്‍ക്കാരിന്‍െറ അക്കൗണ്ടില്‍നിന്ന് സംസ്ഥാന നോഡല്‍ ബാങ്ക് വഴി തൊഴിലാളികള്‍ക്ക് കൂലി ലഭ്യമാക്കാനുള്ള സംവിധാനമായി.
പുതിയ സമ്പ്രദായപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ അയക്കുന്ന ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്കനുസൃതമായ പണം ഓരോദിവസവും കേന്ദ്രസര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് കൈമാറുകയും ഓരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് തുക അന്നേദിവസംതന്നെ കൈമാറുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.