??????? ????? ??.??.? ??? ????????????? ??????????

ഭരണനിര്‍വഹണത്തിന് നാലിന ദര്‍ശനം

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ ഭരണനിര്‍വഹണത്തെ ഇനി നയിക്കുക നാലിന ദര്‍ശനം. ശക്തമായ ഭരണനിര്‍വഹണം, വ്യക്തമായ നയസമീപനവും കൃത്യമായ നടത്തിപ്പും, അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ്, അടിസ്ഥാനസൗകര്യവികസനം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയചര്‍ച്ചക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവ വിശദീകരിച്ചത്. വെട്ടുകത്തി തലയിണക്ക് അടിയില്‍വെച്ച് ഉറങ്ങേണ്ട അവസ്ഥ നാട്ടില്‍ ഉണ്ടാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കുന്ന ഉദ്യോഗസ്ഥരാവണം നാട്ടില്‍ ഉണ്ടാവേണ്ടത്. ഒരു സ്വാധീനത്തിനും വഴങ്ങാതെ വസ്തുനിഷ്ഠ തീരുമാനം ഉണ്ടാവണം. സര്‍ക്കാറിന്‍െറ പ്രത്യേക പരിരക്ഷ ഉണ്ടായാല്‍ മാത്രം അതിജീവിക്കാന്‍ കഴിയുന്ന എസ്.സി, എസ്.ടി, എന്‍ഡോസള്‍ഫാന്‍ പീഡിതര്‍, ശാരീരികവൈഷമ്യം അനുഭവിക്കുന്നവര്‍, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍, മാരകരോഗത്തിനടിപ്പെട്ട കുടുംബങ്ങള്‍ എന്നിവരെ സംരക്ഷിക്കും. അവരെ പരിചരിക്കാന്‍ കമ്യൂണിറ്റി വളന്‍റിയര്‍, സമൂഹത്തിന് സഹായം നല്‍കാന്‍ താല്‍പര്യമുള്ള സംഘടനകള്‍, വ്യക്തികള്‍, കോര്‍പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എന്നിവ ഉള്‍പ്പെടുത്തി കണ്‍സോര്‍ട്യമുണ്ടാക്കും. പ്രവാസിനിക്ഷേപം ഉപയോഗിച്ച് അടിസ്ഥാനഘടനാവികസനത്തിന് ഫണ്ട് സമാഹരിക്കും. പ്രവാസികളെ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധാരണ ലഭിക്കുന്ന ബാങ്ക് നിരക്കിനേക്കാള്‍ ചെറിയ വര്‍ധന കൊടുക്കും. പശ്ചാത്തല വികസനത്തിന്‍െറ ഭാഗമായി ദേശീയപാത നാല് വരിയാക്കാന്‍ 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. ചില പ്രദേശത്തെ എതിര്‍പ്പിന് പരിഹാരമായി പുനരധിവാസപദ്ധതി നടപ്പാക്കും. ഗെയില്‍ പൈപ്പ്ലൈന്‍ വികസനം വൈകിപ്പിക്കില്ല. വൈദ്യുതി പ്രസരണ ശൃംഖലാ വികസനം പൂര്‍ത്തിയാക്കും.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കും. വിമാനത്താവളം ഇല്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എയര്‍ സ്ട്രിപ്പ് നടപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിന് ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കും. ആരെയും നിര്‍ബന്ധിച്ച് കൃഷിചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ‘കുറഞ്ഞ ഭൂമി കുറഞ്ഞ വളം കൂടുതല്‍ ഉല്‍പാദനം’ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കും. തീര്‍ഥാടകടൂറിസം പ്രോത്സാഹിപ്പിക്കും. നിക്ഷേപകസൗഹൃദ സംസ്ഥാനമാക്കി മാറ്റും. മലിനീകരണം ഇല്ലാത്ത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. അര്‍ഹര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കും. റേഷന്‍ കാര്‍ഡ് വിവിധ ആവശ്യത്തിന് ഉപയോഗിക്കാന്‍ കാലോചിതമാക്കും. സമഗ്ര ഗതാഗത സംവിധാനം ആവിഷ്കരിക്കും. പൊലീസിനെ ജനസേവകരാക്കും. കൂടുതല്‍ വനിതാ എസ്.ഐമാരെ നിയമിക്കും. മുഴുവന്‍ വനിതകളുള്ള പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. മൂല്യവര്‍ധിത കേരളം പദ്ധതി നടപ്പാക്കും. വകുപ്പുകളുടെ നയം കാലതാമസമില്ലാതെ പ്രഖ്യാപിക്കും.

മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും –മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‍െറ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയവേ അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന് മദ്യത്തില്‍ വ്യക്തമായ നയമുണ്ട്. മദ്യത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍, മദ്യനിരോധത്തെ അനുകൂലിക്കുന്നില്ല. കാരണം, ഏതെങ്കിലും മാര്‍ഗത്തില്‍ ആളുകള്‍ മദ്യം കഴിക്കാന്‍ പുറപ്പെടും.
അത് ഒട്ടേറെ ജീവഹാനിക്ക് ഇടയാക്കും. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉടന്‍ അടച്ച എല്ലാ ബാറുകളും തുറക്കുമെന്നാണ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിച്ചത്. എന്നാല്‍, തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പ്രശ്നമാണ് പറഞ്ഞത്.  

ഭരിച്ച ഉദ്യോഗസ്ഥനെ ധവളപത്രം തയാറാക്കാന്‍ ഒപ്പം നിര്‍ത്തി ഐസക്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ധനവകുപ്പ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെക്കൊണ്ടാണ് അവരെ രൂക്ഷമായി വിമര്‍ശിക്കുന്ന ധവളപത്രം തയാറാക്കിച്ചതെന്നത് കൗതുകമായി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ധനവകുപ്പ് അടക്കി ഭരിച്ചിരുന്നത് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ആയിരുന്നു.
എന്നാല്‍, ഡോ. തോമസ് ഐസക് മുന്‍ സര്‍ക്കാറിനെതിരെ ധവളപത്രമിറക്കിയപ്പേഴും അതേ തസ്തികയില്‍ അതിന് ചുക്കാന്‍ പിടിച്ചതും ഡോ. കെ.എം. എബ്രഹാം തന്നെ. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വി.പി. ജോയി മുതല്‍ എബ്രഹാം വരെ പല ധനസെക്രട്ടറിമാരും വന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിന്‍െറ അവസാന ഒരുവര്‍ഷം കെ.എം. എബ്രഹാമാണ് എല്ലാം നിയന്ത്രിച്ചത്. കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഉമ്മന്‍ ചാണ്ടി വകുപ്പ് ഏറ്റെടുത്തതുമുതല്‍ എബ്രഹാമിന്‍െറ പൂര്‍ണ നിയന്ത്രണവുമുണ്ടായിരുന്നു. അന്നത്തെ നടപടികള്‍ തെറ്റാണെന്ന വിമര്‍ശമാണ് എബ്രഹാമിനെക്കൂടി സാക്ഷിയാക്കി ഡോ. തോമസ് ഐസക് നടത്തിയിരിക്കുന്നത്.

ഓണറേറിയം വര്‍ധന നടപ്പായില്ല
തിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും വര്‍ധിപ്പിച്ച ഓണറേറിയത്തിന്‍െറ 50 ശതമാനം വീതം സര്‍ക്കാറും തദ്ദേശഭരണ സ്ഥാപനങ്ങളും നല്‍കുന്നത് പരിഗണനയിലാണെന്ന് കെ.വി. അബ്ദുല്‍ ഖാദറിന്‍െറ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ മറുപടി നല്‍കി. വര്‍ധിപ്പിച്ച ഓണറേറിയം തനത് പദ്ധതി ഫണ്ടുകളില്‍നിന്ന് നല്‍കാന്‍ സാധിക്കില്ളെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ വര്‍ധന നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.

പട്ടികവിഭാഗക്കാര്‍ക്ക് കോളജ്: റദ്ദാക്കാന്‍ തീരുമാനമില്ല
തിരുവനന്തപുരം: 12 പുതിയ കോളജുകള്‍ ആരംഭിക്കാന്‍ വിവിധ പട്ടികവിഭാഗക്കാര്‍ക്ക് മുന്‍സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയത് റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ളെന്ന് പി.സി. ജോര്‍ജിന്‍െറ സബ്മിഷന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മറുപടി നല്‍കി. ഇതുള്‍പ്പെടെ മുന്‍സര്‍ക്കാര്‍ ജനുവരിക്കുശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ സര്‍ക്കാറിന്‍െറ പരിശോധനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ളാസ്റ്റിക് കാരിബാഗ് വിരുദ്ധദിനം
തിരുവനന്തപുരം: പ്ളാസ്റ്റിക് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ജൂലൈ മൂന്നിന് പ്ളാസ്റ്റിക് കാരിബാഗ് വിരുദ്ധദിനമായി ആചരിക്കുമെന്ന് എ. പ്രദീപ് കുമാറിനെ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. പാഴ്വസ്തു ശേഖരിക്കുന്നവരുടെ പട്ടിക തയാറാക്കി അവര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കും. തുടര്‍ന്ന് അവര്‍ക്ക് പ്ളാസ്റ്റിക് റീസൈക്ളിങ്ങിന് തദ്ദേശ  സ്ഥാപനങ്ങളുമായി സഹകരിച്ച് സൗകര്യം നല്‍കും. പ്ളാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന തുണിസഞ്ചിപോലുള്ള പുതിയ സൗകര്യങ്ങള്‍ ഒരുക്കും.

പട്ടികജാതിക്കാരുടെ വായ്പ എഴുതിത്തള്ളാന്‍ നടപടി
തിരുവനന്തപുരം: പട്ടികജാതിക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, സഹകരണ വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് എടുത്ത വായ്പകളില്‍ മുതലും പലിശയും ഉള്‍പ്പെടെ ഒരു ലക്ഷം വരെ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 2010 മാര്‍ച്ച് 31 വരെയുള്ള വായ്പാ കുടിശ്ശികയാണ് എഴുതിത്തള്ളുന്നത്. 50 കോടി ഈ സര്‍ക്കാര്‍ എഴുതിത്തള്ളി. ഇനി 73.29 കോടി കൂടിയുണ്ട്. 69986 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷ എത്രയും വേഗം തീര്‍പ്പാക്കും. കാലപരിധി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണ്. വിവിധ ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപന്‍ഡ് 162.8 കോടി കുടിശ്ശികയുണ്ട്. ഇതില്‍ 70 കോടി നല്‍കി. ബാക്കി സമയബന്ധിതമായി നല്‍കുമെന്നും ആര്‍.രാജേഷ്, പി.വി. അന്‍വര്‍, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക്  മറുപടി നല്‍കി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്ന-ഘര്‍
തൊഴില്‍വകുപ്പിനുകീഴില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്ന-ഘര്‍ പദ്ധതി നടപ്പാക്കും. പാലക്കാട്ട് എട്ടുകോടി ചെലവില്‍ 768 പേര്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍  ഒക്ടോബറില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കും. പദ്ധതിക്ക് ഇതുവരെ മൂന്നുകോടി ചെലവഴിച്ചു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 25 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവരുടെ രജിസ്റ്ററേഷന്‍ ഉറപ്പുവരുത്താനും ഡാറ്റാബാങ്ക് തയാറാക്കാനും പദ്ധതി നടപ്പാക്കും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മൂന്ന് ലക്ഷത്തോളം അപേക്ഷ കെട്ടിക്കിടക്കുന്നുണ്ട്. 2016 മാര്‍ച്ചിലെ കണക്കനുസരിച്ച് മുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 251 കോടി വേണ്ടി വരുമെന്നും സി.ദിവാകരന്‍, ജി.എസ്. ജയലാല്‍, മുഹമ്മദ് മുഹ്സിന്‍, രാജു എബ്രഹാം, യു. പ്രതിഭാ ഹരി  എന്നിവരെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പുന$സംഘടിപ്പിക്കും
സംസ്ഥാന-ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പുന$സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹീമിനെ മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. ഇവയുടെ  പ്രവര്‍ത്തനങ്ങളെക്കുറിച്ച ആരോപണങ്ങള്‍ അന്വേഷിക്കും. കേരള സ്പോര്‍ട്സ് നിയമം ഭേദഗതി ചെയ്യും. പുതുക്കിയ കായികനയവും പ്രഖ്യാപിക്കുമെന്ന് ആര്‍.രാജേഷ്, പുരുഷന്‍ കടലുണ്ടി, ഒ.ആര്‍. കേളു, കെ.ആന്‍സലന്‍ എന്നിവരെ അറിയിച്ചു. ദേശീയ ഗെയിംസിന് നിര്‍മിച്ച സ്റ്റേഡിയങ്ങളുടെ പരിപാലത്തിനുള്ള ലെഗസി പ്ളാന്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് കെ.ബി. ഗണേഷ് കുമാറിനെ അറിയിച്ചു.  
 ദേശീയ ഗെയിംസില്‍ സംസ്ഥാന ടീമിനുവേണ്ടി വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കും ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്കും ഇതുവരെ നിയമനം നല്‍കിയിട്ടില്ളെന്ന് കെ.വി. വിജയദാസിനെ അറിയിച്ചു.
ഇവര്‍ക്ക് ജോലി നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ടീമിനത്തില്‍ വെള്ളി-വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. 308 ലക്ഷം ലിറ്റര്‍ പാലും 136.8 ലക്ഷം മുട്ടയും  സംയോജിത കന്നുകാലി വികസന പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാര്‍ 20 കോടി ചെലവഴിച്ചെന്ന് മന്ത്രി കെ.രാജു അറിയിച്ചു. 308 ലക്ഷം ലിറ്റര്‍ പാലും 136.8 ലക്ഷം മുട്ടയും  അധികമായി ഉല്‍പാദിപ്പിച്ചു. 7740 കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചു.  

കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കും
തിരുവനന്തപുരം:  കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
തിരുവനന്തപുരം, മീനാട്, കോഴിക്കോട് പദ്ധതികള്‍ കമീഷന്‍ ചെയ്തു. കോഴിക്കോട് പദ്ധതിയുടെ വിതരണ ശൃംഖലയുടെ പണികളും തിരുവനന്തപുരം, കോഴിക്കോട് പദ്ധതികളുടെ ശുദ്ധീകരണശാലകളുടെ പുനരുദ്ധാരണവുമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ജലനിധി രണ്ടാംഘട്ട പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. ജൈക്ക പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലകളെ ഉള്‍പ്പെടുത്തി സമഗ്ര പദ്ധതിക്ക് 5932 കോടിയുടെ വിദേശ നിക്ഷേപസഹായത്തിനുള്ള കരട് പദ്ധതി തയാറാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

നന്ദിപ്രമേയം പാസാക്കി
തിരുവനന്തപുരം: സര്‍ക്കാറിന്‍െറ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം നിയമസഭ പാസാക്കി. 31നെതിരെ 89 വോട്ടുകള്‍ക്കാണ് പാസാക്കിയത്. നിയമസഭ ഇനി ജൂലൈ എട്ടിന് ചേരും. അന്നാണ് പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ്.

ആയുര്‍വേദ സര്‍വകലാശാല: സാധ്യത പരിശോധിക്കും
തിരുവനന്തപുരം:ആയുര്‍വേദ സര്‍വകലാശാലയുടെ സാധ്യത സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് പ്രഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ മറുപടി നല്‍കി. അന്താരാഷ്ട്ര മേന്മയുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ആയുര്‍വേദ സര്‍വകലാശാലയെന്ന ആവശ്യംകൂടി പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കും –മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.