???????????????? ??????? ?????? ???????????????

സഞ്ചരിക്കുന്ന നോമ്പുതുറ

അതിവേഗതത്തില്‍ വന്ന വാഹനങ്ങള്‍ ദോഹ കോര്‍ണീഷിലെ റോഡരികില്‍ കിറ്റുമായി നില്‍ക്കുന്ന ഞങ്ങള്‍ക്കരികില്‍ ഒരു സ്പീഡ് ബ്രേക്കര്‍ കണ്ടിട്ടെന്നതുപോലെ ചവിട്ടി.  ചില്ല്  പാതി തുറന്ന് കിറ്റ് വാങ്ങിയ ശേഷം ‘ശുക്റന്‍’ എന്ന പുഞ്ചിരിയോടെ അവര്‍ കടന്നുപോയി. ഖത്തരികളടക്കമുള്ള അറബികളുണ്ടായിരുന്നു അവരില്‍. ഇംഗ്ളീഷുകാരും സ്പെയിന്‍കാരും ഫിലിപ്പീനികളും മലയാളികളും ഇങ്ങനെ വണ്ടി ചവിട്ടി. നോമ്പില്ലാത്ത ചിലര്‍ പാതിമനസ്സോടെ വണ്ടിനിറുത്തി ചെറുചമ്മല്‍ ചിരിയോടെ കിറ്റുവാങ്ങിപ്പോയി.

ഖത്തര്‍ റോഡുകളിലെ അതിവേഗക്കാരുടെ മനസ്സുതണുപ്പിച്ച ഒരു പരീക്ഷണമായിരുന്നു റോഡരികിലെ നോമ്പുതുറ കിറ്റ് വിതരണം. നോമ്പുതുറ നേരത്തേ  അപകടങ്ങള്‍ കുറക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തലയിലുദിച്ച ബുദ്ധി. വിവിധ വകുപ്പുകളുടെ സഹായത്തോടെ ഏതാനും വര്‍ഷം മുമ്പ് മന്ത്രാലയം തുടങ്ങിവെച്ച പതിവ് പിന്നീട് എന്‍.ജി.ഒകളും ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമൊക്കെ ഏറ്റെടുത്തു. അങ്ങനെ ഖത്തറിലെവിടെയും സഞ്ചരിക്കുന്ന നോമ്പുതുറകളുടെ കാലം വന്നു. നോമ്പുകാരെന്നോ നോമ്പില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ വണ്ടിനിറുത്തുന്ന ആര്‍ക്കും കിറ്റുകൊടുക്കുന്നതാണ് രീതി. കിറ്റു വിതരണത്തില്‍ പങ്കാളിയാവാന്‍ സേവനസന്നദ്ധയുള്ള ആര്‍ക്കും അവസരം ലഭിക്കുമാറ് അത്രയധികം സ്ഥലങ്ങളില്‍ ഓരോ വര്‍ഷവും നടപ്പാക്കുന്നു. ‘സഞ്ചരിക്കുന്ന നോമ്പുതുറ’ എന്നാണ് 2013 മുതല്‍ ഖത്തര്‍ ചാരിറ്റി  നടത്തിവരുന്ന കിറ്റ് വിതരണ പദ്ധതിയുടെ പേര്.

വാഹനങ്ങളിലിരുന്നുള്ള നോമ്പുതുറകള്‍ നാട്ടിലെ തീവണ്ടിയാത്രകളിലെ നോമ്പുതുറ അനുഭവങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. എറണാകുളത്ത് ജോലിചെയ്തിരുന്ന കാലത്ത് വൈകുന്നേരത്തെ പുഷ്പുള്‍ തീവണ്ടിയിലായിരുന്നു  സ്ഥിരം യാത്ര. വണ്ടി കൃത്യസമയത്താണെങ്കില്‍ മുളന്തുരുത്തിക്കും തൃപ്പൂണിത്തുറക്കുമിടയില്‍ നോമ്പുതുറ. വൈകിയെങ്കില്‍ വൈക്കം റോഡിലോ, പിറവത്തോ. ചില്ലുകുപ്പിയില്‍ നിറച്ച് ഫ്രീസറില്‍ വെച്ച് കട്ടയാക്കിയ ഈത്തപ്പഴം ജ്യൂസും റൊട്ടി വട്ടയപ്പവും ഏത്തക്കാ അപ്പവും ഉമ്മച്ചി നോമ്പുതുറക്കാനായി തന്നുവിടും. ബാക്കി വരുന്നത് ഓഫിസിലെ സവാദിന് കൊണ്ടുപോയി കൊടുക്കും. ഖത്തറിലെ ഒരു നോമ്പുകാലത്ത് ഫോണില്‍ സവാദ് ചോദിച്ചു: ‘ഈത്തപ്പഴം ജ്യൂസും റൊട്ടി വട്ടയപ്പവും ഏത്തക്കാ അപ്പവും ഇപ്പോള്‍ ആരുതരും’.

സീനിയര്‍ പത്രപ്രവര്‍ത്തകനായിരുന്ന പരേതനായ എം.ജെ. ഡാരിസ് എന്ന ഡാരിസ്  ചേട്ടന്‍ എറണാകുളത്തേക്കുള്ള സായാഹ്ന തീവണ്ടിയില്‍ പലപ്പോഴും എന്നോടൊപ്പം നോമ്പുതുറ പങ്കിട്ടു. അടുപ്പിച്ച് ഒരേ വിഭവമാകുമ്പോള്‍ ഡാരിസ് ചേട്ടന്‍ പറയും ‘ഉമ്മായോട് പറ ഇനി വട്ടയപ്പം ഒഴിവാക്കി കുറച്ചു ദിവസം പത്തിരി തന്നുവിടാന്‍’ എന്ന്. എറണാകുളത്തേക്കുള്ള ആ തീവണ്ടിയിലാണ് കൃത്യസമയം നോക്കി കൈയില്‍ കരുതിയ പൊതിതുറന്ന് നോമ്പുതുറക്കുന്ന രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് വൈകുന്നേരം എറണാകുളത്തേക്ക് മടങ്ങുന്ന അദ്ദേഹം റമദാന്‍ മാസത്തില്‍ നോമ്പുനോല്‍ക്കാന്‍ തുടങ്ങിയിട്ട് അപ്പോഴേക്ക് മൂന്നോ നാലോ വര്‍ഷമായിരുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന ആ മനുഷ്യന് ഏതോ സുഹൃത്ത് പഞ്ഞുകൊടുത്ത ഉപായമാണ് അന്നപാനീയങ്ങള്‍ ഒഴിവാക്കിയുള്ള വ്രതം.  അത് കൃത്യമായി പാലിക്കാന്‍  രാധാകൃഷ്ണന്‍ കണ്ടത്തെിയത് റമദാന്‍ കാലവും.

തിരുവനന്തപുരത്തുനിന്നുള്ള ഒരു സായാഹ്ന തീവണ്ടിയില്‍ കവിയും എന്‍െറ അധ്യാപകനുമായിരുന്ന ഡി. വിനയചന്ദ്രന്‍ മാഷിനൊപ്പം നോമ്പുതുറന്ന അനുഭവമുണ്ട്. കുടിക്കാനായി വെള്ളം കൈയിലെടുത്ത മാഷ് എനിക്ക് നോമ്പാണെന്നറിഞ്ഞതോടെ നോമ്പുതുറക്കും വരെ ഒരു ചെറുനോമ്പു പിടിച്ചു. മലബാറില്‍ ജോലിചെയ്ത കാലത്ത് മുസ്ലിം സുഹൃത്തുക്കള്‍ നോമ്പുതുറക്കാനായി വിളിച്ചുകൊണ്ടുപോയ അനുഭവങ്ങള്‍ മാഷ് പറഞ്ഞു. ഒത്തിരി പലഹാരങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഈത്തപ്പഴം തെരഞ്ഞെടുത്ത് ലളിതമായി നോമ്പുതുറന്ന മാഷിന്‍െറ റമദാന്‍ അനുഭവങ്ങള്‍. പിന്നീട് എന്‍െറ കൈയിലെ നോമ്പുതുറപ്പൊതി ഞങ്ങള്‍ പങ്കുവെച്ചു. 2006ലെ ആശാന്‍ സ്മാരക പുരസ്കാരം വിനയചന്ദ്രന്‍ മാഷിനാണെന്ന് പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. ഓരോ വിളിക്കും മാഷ് ജാമ്യമെടുത്തു, ‘തീവണ്ടിയിലാണ്, ഇതിപ്പോള്‍ ചെലപ്പൊ മുറിഞ്ഞുപോകും, വിളിച്ചതിന് നന്ദി’ എന്ന്. ഞങ്ങള്‍ നോമ്പുതുറന്നുകൊണ്ടിരിക്കെ വിളിച്ച ആളോട് മഷ് പറഞ്ഞു: തീവണ്ടിയിലിരുന്ന് ഒരു കൂട്ടുകാരനൊപ്പം റമദാന്‍ നോമ്പ് മുറിക്കുവാ. ചെലപ്പം ഇതും ആ കൂടെ അങ്ങ് മുറിഞ്ഞുപോകും.

ഒരാള്‍ നോമ്പുതുറപ്പൊതി അഴിക്കുന്നതോടെ അതേ തീവണ്ടിമുറിയില്‍ പൊതിതുറക്കുന്ന പലരെയും കാണാനാകും. സമയമായോ എന്നറിയാതെ അക്ഷമരായി ജനലഴികളിലൂടെ ഇടക്കിടെ മാനത്തേക്ക് നോക്കി കാത്തിരിക്കുന്നവര്‍. ആരാദ്യം പറയും എന്ന മട്ടില്‍ പൊതിതുറക്കാന്‍ ഒട്ടൊരു മടിയോടെ ഇരിക്കുന്നവര്‍. ആ വഴിയിലെ സ്ഥിരയാത്രക്കാരിലൊരാളാവും പലപ്പോഴും ഇവര്‍ക്ക് വഴികാട്ടിയും പ്രചോദനവുമാകുക. മുഖത്തോടുമുഖം യാത്രചെയ്യുന്ന നോമ്പില്ലാത്ത സഹയാത്രികരെയും പരിഗണിച്ച് നോമ്പുതുറ പങ്കുവെക്കുന്ന ഹൃദയവിശാലര്‍ അടങ്ങിയതായിരുന്നു ഞങ്ങളുടെ തീവണ്ടിമുറി. ‘അജ്ഞാതരില്‍നിന്ന് ഭക്ഷണപാനീയങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന’ പരസ്യം അന്നു തീവണ്ടിയാപ്പീസുകളിലെ ടി.വി സ്ക്രീനുകളില്‍ സംപ്രേഷണം ചെയ്തുതുടങ്ങിയിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.