റമദാൻ ഒരു ആന്‍റിവൈറസ്

ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കുതിച്ചു കൊണ്ടിരിക്കുകയാണ്. മാനുഷികമൂല്യങ്ങളും സാമൂഹികനീതിയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിഞ്ഞു കൊണ്ടുള്ള കുതിപ്പ്. ഭൂമിയില്‍ കാരുണ്യം പെയ്യാന്‍ കാരണമായ കുഞ്ഞിളം മനസ്സുകളില്‍പോലും അധമത്വത്തിന്‍െറ കരിനാഗങ്ങള്‍ പത്തിവിടര്‍ത്തിയാടുകയാണ്. നമ്മുടെ നിഷ്കളങ്കരായ കുഞ്ഞുമാനസങ്ങളെ ആത്മീയതകൊണ്ട് ലാമിനേറ്റ് ചെയ്ത് ഒര്‍ജിനാലിറ്റി കാത്തുസൂക്ഷിക്കാന്‍ നാം അലംഭാവം കാണിച്ചാല്‍, ആധുനിക മീഡിയകളിലൂടെ പരക്കുന്ന വൈകാരിക റേഡിയേഷനുകള്‍ മനുഷ്യന്‍ എന്ന മഹത്വത്തില്‍ നിന്ന് അവരെ ഡിലീറ്റ് ചെയ്തേക്കാം.

നമ്മുടെ കൈയിലൊരു ലാപ്ടോപ്പുണ്ട്. ആ ലാപ്ടോപ് വൈറസുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ഓപണ്‍ ചെയ്യാന്‍ തന്നെ പറ്റാത്ത പരുവത്തിലായിരിക്കുന്നു. കാണാനാണെങ്കിലോ സുന്ദരന്‍ ലാപ്ടോപ്. ഇനിയെന്തു ചെയ്യും.  ഒന്നും ആലോചിക്കാനില്ല, ഫോര്‍മാറ്റ് ചെയ്ത് ആന്‍റിവൈറസിടുകതന്നെ. റമദാനും ഇവിടെയൊരു ആന്‍റിവൈറസാവുകയാണ്. ആധുനികതയെ വരിഞ്ഞുമുറുക്കിയ എല്ലാ വൈറസുകളെയും കരിച്ചുകളയുന്ന ആന്‍റിവൈറസ്. ശരീരത്തിലും മനസ്സിലും തിങ്ങിവിങ്ങിയമര്‍ന്നുകൊണ്ടിരിക്കുന്ന വൈറസുകളെ തുരത്താന്‍ കാരുണ്യവാനായ അല്ലാഹു കനിഞ്ഞുനല്‍കിയ ഒരു ആന്‍റിവൈറസാണ് വിശുദ്ധ റമദാന്‍. മനുഷ്യ ശരീരം എന്ന സിസ്റ്റത്തിന്‍െറ നിലനില്‍പ്പ് തന്നെ വൈറസുകള്‍ അവതാളത്തിലാക്കിയിരിക്കുന്നു.  മനസ്സ് ഓപണ്‍ ചെയ്യുമ്പോള്‍തന്നെ കാപട്യങ്ങള്‍ പുറത്തേക്ക് ചാടുന്നു. നാവുതുറക്കുമ്പോള്‍ തന്നെ കള്ളവും പരദൂഷണങ്ങളും പുറത്തേക്ക് തെറിക്കുന്നു. കൈകള്‍ ചലിക്കുമ്പോള്‍ തന്നെ അക്രമങ്ങള്‍ ഉയരുന്നു.

അപ്പോള്‍ എവിടെയാണ് നന്മകള്‍ കുടികൊള്ളുന്നത്. എല്ലാ നന്മകളെയും വൈറസുകള്‍ ബ്ളോക്കാക്കി നിര്‍ത്തിയിരിക്കുന്നു. ഈ വൈറസുകളെ തകര്‍ക്കാന്‍ റമദാന്‍ പോലൊരു ആന്‍റിവൈറസ് മറ്റൊന്നില്ല. അല്ലാഹു നമ്മുടെ മനസ്സിനെയും ശരീരത്തെയും സമ്പത്തിനെയും ശുദ്ധീകരിക്കാന്‍ തന്ന നല്ല അവസരമാണ് റമദാന്‍. പാപങ്ങളെ കരിച്ചുകളയാന്‍, മനസ്സിലെ കറകളെ കഴുകിവൃത്തിയാക്കാന്‍തക്ക ശക്തിയുള്ള റമദാന്‍ എന്ന ആന്‍റിവൈറസിന്‍െറ പ്രാധാന്യം നാം തിരിച്ചറിയണം. എല്ലാ വൈറസുകളും റമദാനുമുന്നില്‍ നിലംപതിക്കട്ടെ. റമദാന്‍ കഴിയുന്നതോടുകൂടി നമുക്ക് നമ്മുടെ മനസെന്ന പുതിയ സിസ്റ്റവുമായി മുന്നോട്ടുകുതിക്കാം. നന്മയുടെ, വെളിച്ചത്തിന്‍െറ, കാരുണ്യത്തിന്‍െറ, സ്നേഹത്തിന്‍െറ  പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞുകൊണ്ട് പുതിയ വാതിലിലൂടെ പുതിയ ജീവിതത്തിലേക്കാണ് റമദാന്‍ ലോകത്തെ നയിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:13 GMT