കോഴിക്കോട്: ബാങ്കുകള്‍ പഴയ കറന്‍സി സ്വീകരിക്കാതായതോടെ സംസ്ഥാനത്തെ ഇടപാടുകളില്‍ പ്രതിസന്ധി. 2005ന് മുമ്പുള്ളവ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) തീരുമാനമാണ് അനേകംപേര്‍ക്ക് തിരിച്ചടിയായത്.പഴയ നോട്ടുകള്‍ ജൂണ്‍ 30നകം കൈമാറണമെന്നായിരുന്നു 2015 ഡിസംബറില്‍ ആര്‍.ബി.ഐ തീരുമാനിച്ചത്. ഈ കാലാവധി കഴിഞ്ഞിട്ടും നോട്ടുകള്‍ പൂര്‍ണമായി പിന്‍വലിക്കാനാവാത്തതിനാല്‍ ജൂലൈ ഒന്നുമുതല്‍ തെരഞ്ഞെടുത്ത ശാഖകള്‍ വഴി മാത്രം തിരിച്ചെടുക്കാനാണ് ആര്‍.ബി.ഐ തീരുമാനം.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് തങ്ങളുടെ പഴയ നോട്ട് കൈമാറണമെങ്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം. ആര്‍.ബി.ഐ നിര്‍ദേശം വന്നതിനാല്‍ 2005ന് മുമ്പുള്ള കറന്‍സിയുമായി എത്തുന്നവരില്‍നിന്ന് ബാങ്കുകള്‍ ഇത് സ്വീകരിക്കാതായതോടെ വന്‍കിട വ്യാപാരികള്‍, കരാറുകാര്‍ തുടങ്ങിയവരുടെയും സാധാരണക്കാരുടെയും ഇടപാടുകള്‍ പൂര്‍ണമായും അവതാളത്തിലായിരിക്കുകയാണ്. അതേസമയം, കടകളിലും മറ്റും ഇത്തരം പണം സ്വീകരിക്കുന്നത് അനുസ്യൂതം തുടരുന്നുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍ വഴിയുള്ള വ്യവഹാരം നടക്കുന്നതിനാല്‍ ആര്‍.ബി.ഐയുടെ ലക്ഷ്യം വിഫലമാകുകയാണ്.
കള്ളനോട്ട് തടയാനും പൂഴ്ത്തിവെച്ച പണം പുറത്തിറക്കാനുമാണ് ആര്‍.ബി.ഐ നിശ്ചിത കാലാവധിക്കുള്ളിലുള്ള നോട്ട് പിന്‍വലിക്കുന്നത്. 2005ന് മുമ്പ് പുറത്തിറക്കിയ നോട്ടിന്‍െറ മാതൃകയില്‍ വ്യാപകമായ തോതില്‍ കള്ളനോട്ട് പ്രചരിക്കുന്നതായാണ് ആര്‍.ബി.ഐ വിലയിരുത്തല്‍. പഴയ നോട്ട് വീണ്ടും വ്യവഹരിക്കുന്നതിലൂടെ ഒരേസമയം സമാന സീരിയല്‍ നമ്പറുകള്‍ വ്യാപകമാകാന്‍ ഇടയാകുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്ക് ഇടപാട് മാത്രം ഒഴിവാക്കുന്നതിനാല്‍ ആര്‍.ബി.ഐയുടെ ലക്ഷ്യം പരാജയപ്പെടുകയാണ്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍ വന്ന പിഴവായിരിക്കും ഇതെന്നും നോട്ട് പിന്‍വലിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്നും എസ്.ബി.ടി ശാഖാ മാനേജര്‍ ടി.എ. ജോര്‍ജ് പറഞ്ഞു.
അഹ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപാല്‍, ഭുവനേശ്വര്‍, ഛണ്ഡീഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്നോ, മുബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പട്ന എന്നിവയാണ് സംസ്ഥാനത്തെ രണ്ട് നഗരങ്ങള്‍ക്ക് പുറമെ നോട്ടുകള്‍ കൈമാറാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.