റേഷന്‍ കടകള്‍ ആധുനികവത്കരിക്കാന്‍ പലിശരഹിത വായ്പ; ഖാദി റിബേറ്റ് കുടിശ്ശിക ഉടന്‍ –ധനമന്ത്രി

തിരുവനന്തപുരം: റേഷന്‍കടകള്‍ ആധുനികവത്കരിക്കുന്നതിന് കെ.എസ്.എഫ്.ഇ വഴി പലിശരഹിത വായ്പ നല്‍കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ഇതിന്‍െറ പലിശ സര്‍ക്കാറായിരിക്കും നല്‍കുക. റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ മറ്റ് സാധനങ്ങള്‍കൂടി വില്‍ക്കുന്ന സംവിധാനമാണ് ഒരുക്കുകയെന്നും വോട്ട് ഓണ്‍ അക്കൗണ്ടിന്‍െറ ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ തനതുവരുമാനം വര്‍ധിപ്പിക്കേണ്ടിവരും. കെട്ടിടനികുതി ഫ്ളോര്‍ ഏരിയ അടിസ്ഥാനത്തില്‍ വരുമ്പോള്‍ വലിയനികുതി വര്‍ധന വരുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. വൈറ്റില മേല്‍പാലം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ബജറ്റില്‍ ഉള്‍പ്പെട്ട മരാമത്ത് പദ്ധതികള്‍ തുടരും.

എന്നാല്‍ നബാര്‍ഡ് സഹായത്തിനും മറ്റും കൈമാറിയതില്‍ അവരുടെ നിലപാട് കൂടി അറിഞ്ഞാകും തീരുമാനം. പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം വന്നിട്ടില്ളെങ്കില്‍ അത് ഉള്‍പ്പെടുത്തും. ഖാദി റിബേറ്റ് കുടിശ്ശിക 16 കോടി ഉടന്‍ നല്‍കും. തഴപ്പായ മേഖലക്കായി വ്യവസായവകുപ്പ് പദ്ധതി തയാറാക്കും. ഇടുക്കി മെഡിക്കല്‍ കോളജിലെ കുട്ടികളെ വഴിയാധാരമാക്കില്ല. മെഡിക്കല്‍ കോളജിന്‍െറ സൗകര്യമൊരുക്കുന്നത് വകുപ്പ് സജീവമായി ആലോചിക്കും.ബോണ്ട് വഴി വികസനത്തിന് പണംകണ്ടത്തൊന്‍ നടത്തുന്ന ശ്രമം പരീക്ഷണമാണെന്നും ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും  ഐസക് പറഞ്ഞു. വന്‍തോതില്‍ കടമെടുക്കുന്നതില്‍ പ്രതിപക്ഷാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതോടെയായിരുന്നു വിശദീകരണം. യു.ഡി.എഫിന്‍െറ കാലത്താണ് ഇത് ആലോചിച്ചത്. മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എടുക്കുന്ന ബോണ്ട് എപ്പോഴും തിരിച്ചുനല്‍കാം.

പലിശ സര്‍ക്കാര്‍ ലഭ്യമാക്കും. പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതിയുടെ പകുതി എന്നിവ നിയമത്തിലൂടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡിന് നല്‍കും. ഉറപ്പായ ധനാഗമന മാര്‍ഗം ഇതോടെ ലഭ്യമാകും. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ റവന്യൂ കമ്മി പൂജ്യമാകും. അതോടെ 26,000 കോടിയെങ്കിലും വായ്പ എടുക്കാവുന്ന സ്ഥിതിവരും. ധനസ്ഥിതി മെച്ചപ്പെടുംവരെ വരവുംചെലവും ഒപ്പിച്ച് പോയാല്‍ മതിയാകില്ല. വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനം. ബോണ്ടുകളിലെ പണം തിരിച്ചടവിന്‍െറ ഉറപ്പ് സര്‍ക്കാര്‍ നല്‍കും. ബോണ്ടുകള്‍ ഹ്രസ്വകാലത്തേക്കാണെന്ന സ്ഥിതിയുണ്ടെകിലും ദീര്‍ഘകാലത്തേക്ക് സെബി, റിസര്‍വ് ബാങ്ക് വ്യവസ്ഥപ്രകാരവും പണം സമാഹരിക്കും. മുനിസിപ്പല്‍ ബോണ്ട്, പാര്‍പ്പിടബോണ്ട് എന്നിവയും ഇറക്കാനാകും. ഇതുവഴി കടക്കെണിയിലേക്ക് പോകില്ളെന്നും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത്തരത്തില്‍ വായ്പ എടുക്കണ്ടാത്ത സ്ഥിതി വരുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധപൂര്‍വം പാര്‍പ്പിടപദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സഹകരിക്കാം. മാറിനില്‍ക്കാനും അവകാശമുണ്ടാകും. മൂലധനച്ചെലവില്‍ ഈ ബജറ്റില്‍ ഒരുകുറവും വരില്ല. എന്നാല്‍ ബജറ്റില്‍ പറയുന്ന എല്ലാം നടപ്പാക്കുമോയെന്ന പ്രതിപക്ഷത്തിന്‍െറ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ മന്ത്രി തയാറായില്ല. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ എത്ര നടപ്പാകുമെന്ന് പറയാനാകില്ല. കേരള മാതൃക ഉപേക്ഷിച്ച് ഗുജറാത്ത് മാതൃക ധനമന്ത്രി സ്വീകരിക്കുകയാണെന്ന വിമര്‍ശം ഉയര്‍ന്നപ്പോള്‍ കേരളത്തിന്‍െറ നേട്ടം നിലനിര്‍ത്തി അടുത്തഘട്ടത്തിലേക്ക് പോകാനാണ് ശ്രമമെന്നായിരുന്നു വിശദീകരണം. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുമെന്നും എം.എന്‍ ലക്ഷം വീട് പദ്ധതിയിലെ ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരനും അറിയിച്ചു.


പ്രവാസിവായ്പകള്‍ക്ക് സബ്സിഡി
മുന്‍കൂറായി നല്‍കാന്‍ ശ്രമിക്കും –മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ വായ്പകള്‍ക്ക് ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് നല്‍കുന്ന സബ്സിഡി മുന്‍കൂറായി നല്‍കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന ഈ സബ്സിഡി പുന$സ്ഥാപിക്കും. മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി. അബ്ദുല്‍ ഖാദറിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നത് പരിഗണിക്കും. നിസ്സാരകേസുകളുടെ പേരില്‍ വിദേശത്ത് ജയിലുകളില്‍ കഴിയേണ്ടിവരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കും. സാന്ത്വനം പോലുള്ള പദ്ധതികള്‍ പരിഷ്കരിച്ച് കാലോചിതമാറ്റങ്ങള്‍ വരുത്തുമെന്നും പിണറായി വ്യക്തമാക്കി. ഗള്‍ഫില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി കേരളത്തെ അതീവ ഗൗരവമായി ബാധിക്കുന്നതാണ്. സംസ്ഥാനത്തിന്‍െറ പുരോഗതിക്ക് ഭൂപരിഷ്കരണനിയമം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് പ്രവാസികളാണ്.

ഗള്‍ഫിലെ സാമ്പത്തിക-ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം അവര്‍ മടങ്ങിവരേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.എണ്ണവിലയിടിവിന്‍െറ പ്രത്യാഘാതം ചെറിയരീതിയില്‍ കേരളത്തെ ബാധിച്ചിട്ടുണ്ട്. ഇത് എത്രത്തോളം വ്യാപിക്കുമെന്ന ആശങ്കയിലാണ്. നിതാഖാത് വഴിയുള്ള പ്രതിസന്ധി ഇന്ത്യന്‍ എംബസിയുമായും കേരളീയരായ തൊഴില്‍ദാതാക്കളുമായും ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേള്‍വിവൈകല്യമുള്ള കുട്ടികള്‍ക്കായി നടത്തുന്ന കോക്ളിയര്‍  ട്രാന്‍സ്പ്ളാന്‍േറഷന്‍ സൗകര്യം ജില്ലാ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതോടൊപ്പം കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ കേള്‍വി-ശ്രവണ വൈകല്യമുണ്ടോയെന്ന് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഡോ. എം.കെ. മുനീറിന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി  മറുപടി നല്‍കി. കാലാവധി കഴിഞ്ഞ കോക്ളിയര്‍ ഉപകരണങ്ങളുടെ ഗാരന്‍റിയുടെ കാലാവധി വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. അതോടൊപ്പം പുതിയ ഉപകരണങ്ങള്‍ നിരക്ക് കുറച്ച് വാങ്ങുന്നതിനും ശ്രമം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

 

നാണ്യവിള കര്‍ഷകര്‍ക്ക്
വൈദ്യുതി നിരക്കില്‍ ഇളവില്ല -മന്ത്രി

തിരുവനന്തപുരം: നാണ്യവിള കര്‍ഷകര്‍ക്ക് വൈദ്യുതി താരിഫില്‍ ഇപ്പോള്‍ ഇളവ് വരുത്താന്‍ സാധിക്കില്ളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റോഷി അഗസ്റ്റിന്‍െറ സബ്മിഷന് മറുപടി നല്‍കി. മുന്‍ സര്‍ക്കാറിന്‍െറ അവസാന ബജറ്റ് പ്രസംഗത്തില്‍ നാണ്യവിള കര്‍ഷകരുടെ വൈദ്യുതി താരിഫില്‍ ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബജറ്റ് രേഖകളില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ളെന്നും മന്ത്രി പറഞ്ഞു.തോട്ടം, കാര്‍ഷിക മേഖലകളില്‍ വന്യജീവികള്‍ വരുത്തുന്ന ആള്‍, കൃഷിനാശം ചര്‍ച്ചചെയ്യാന്‍ വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം 20ന് ചേരുമെന്ന് എസ്. രാജേന്ദ്രനെ മന്ത്രി കെ. രാജു അറിയിച്ചു. തുടര്‍ന്ന് ജില്ലാതലങ്ങളില്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകപ്രതിനിധികള്‍, തോട്ടം പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍, എന്‍.ജി.ഒമാര്‍ എന്നിവരുടെ സംയുക്തയോഗം ചേരും. ഇതനുസരിച്ചുള്ള ആദ്യയോഗം 25ന് വയനാട്ടില്‍ നടക്കും.തുടര്‍ന്ന് ഇടുക്കിയിലും സംയുക്തയോഗം ചേരും.

അടുത്ത നവംബര്‍ ഒന്നിനുമുമ്പ് കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വി.എസ്. ശിവകുമാറിന്‍െറ സബ്മിഷന് മന്ത്രി കെ.ടി. ജലീല്‍ മറുപടി നല്‍കി. കേരളത്തെ ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിവിഹിതത്തിന്‍െറ 10 ശതമാനം മാലിന്യസംസ്കരണത്തിന് നീക്കിവെക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.നിലവിലെ നിയമമനുസരിച്ച് മിച്ചഭൂമി കൈയേറി താമസിക്കുന്നവരില്‍നിന്ന് ഭൂനികുതി സ്വീകരിക്കാന്‍ നിര്‍വാഹമില്ളെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. എന്നാല്‍, തളിപ്പറമ്പ് താലൂക്കിലെ വില്ളേജുകളില്‍ താമസിക്കുന്ന കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ നടപടിയെടുത്തുവരുന്നതായും സി. കൃഷ്ണന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി.


ബൈബ്ള്‍ പരാമര്‍ശ വിവാദം തെറ്റിദ്ധാരണ മൂലമെന്ന് സ്വരാജ്
തിരുവനന്തപുരം: താന്‍ നടത്തിയ ബൈബ്ള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം തെറ്റിദ്ധാരണ മൂലമാണെന്ന് എം. സ്വരാജ് വ്യാഴാഴ്ച നിയമസഭയില്‍ വിശദീകരിച്ചു. സ്വരാജിന്‍െറ പരാമര്‍ശം അവഹേളനപരമാണെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹം വ്യക്തിപരമായ വിശദീകരണം നല്‍കിയത്. മത്തായിയുടെ സുവിശേഷത്തിലൂടെ ആരെയും അപമാനിക്കാന്‍  ശ്രമിച്ചിട്ടില്ല. അമൂല്യമായത് അനര്‍ഹര്‍ക്ക് കൊടുക്കരുതെന്നാണ് മത്തായിയുടെ സുവിശേഷം 7:6 പറയുന്നതിന്‍െറ അന്തസ്സത്ത. താനോ അതെഴുതിയ മത്തായിയോ കുഴപ്പക്കാരല്ല. ബൈബിളിനെ ആഴത്തില്‍ മനസ്സിലാക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും സ്വരാജ് വിശദീകരിച്ചു. സ്വരാജിന്‍െറ വിശദീകരണത്തിനെതിരെ വി.ഡി. സതീശന്‍ രംഗത്തുവന്നെങ്കിലും ക്രമപ്രശ്നത്തിന്മേല്‍ തീരുമാനമെടുത്തിട്ടില്ളെന്ന് സ്പീക്കര്‍ അറിയിച്ചതോടെ അദ്ദേഹം പിന്മാറി.


കേരള ബാങ്ക് സാധ്യമാക്കും
തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിന്‍െറ വിപുലീകരണമാണ് കേരള ബാങ്കിലൂടെ  ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും സംയോജിപ്പിച്ചുള്ള വിപുലമായ ബാങ്കാണ് വരുന്നത്. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിച്ചാല്‍ കേരളത്തിന് സ്വന്തമായ ബാങ്കില്ലാത്ത സാഹചര്യം വരും. അങ്ങനെ സംഭവിച്ചാല്‍ സഹകരണ ബാങ്ക് വിപുലീകരണത്തിന് അനന്തസാധ്യതയാണുള്ളത്. ഇതുമുന്നില്‍ കണ്ട് കേരളബാങ്ക് സാധ്യമാക്കാനാണ്  ലക്ഷ്യമിടുന്നത്. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായല്ല ഇത് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഴിമതിക്കാരെ ഒഴിവാക്കും
പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. 42 പൊതുമേഖലാ സ്ഥാപനങ്ങളും അഞ്ചുവര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കാനാണ് ശ്രമം. കൊച്ചി പെട്രോനെറ്റിന്‍െറ ഉപോല്‍പന്നങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. പഴയങ്ങാടി, കരിന്തളം എന്നിവിടങ്ങളിലെ ക്ളേ ഫാക്ടറികള്‍ പൂട്ടിയ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ക്ഷീരോല്‍പാദനപദ്ധതി നടപ്പാക്കും. ഇതിലൂടെ 1000 പേര്‍ക്ക് തൊഴില്‍ നല്‍കും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ആരോപണവിധേയരില്‍ ചിലരെ മാറ്റി.  മറ്റുള്ളവരെപ്പറ്റി വ്യവസായ സെക്രട്ടറി അന്വേഷണം നടത്തുന്നു. റിപ്പോര്‍ട്ട് ലഭ്യമായാല്‍ വിജിലന്‍സ് അന്വേഷണം വേണമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മീറ്റര്‍ കമ്പനികള്‍ക്കെതിരായ റിപ്പോര്‍ട്ട് ശരിയല്ല
പാലക്കാട് കണ്ണാടി, കൊല്ലം എന്നിവിടങ്ങളിലെ മീറ്റര്‍ കമ്പനികളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന റിപ്പോര്‍ട്ട് ശരിയല്ളെന്ന് ഇ.പി. ജയരാജന്‍  അറിയിച്ചു. ഇവിടെ നിന്നുള്ള മീറ്ററുകള്‍ കെ.എസ്.ഇ.ബിയെക്കൊണ്ട് വാങ്ങിപ്പിക്കുന്നതിന് നടപടിയുണ്ടാകും. പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വാങ്ങുന്നതിന് നടപടിയുണ്ടാകും. ജീര്‍ണാവസ്ഥയിലുള്ള വ്യവസായപാര്‍ക്കുകള്‍ പുനരുദ്ധരിക്കും. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയുടെ സഹകരണത്തോടെ പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കും. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തും.

അപകടത്തില്‍ മരിച്ചത് 9273 ഇരുചക്രവാഹന യാത്രക്കാര്‍
2011മുതല്‍ 2016 ജൂണ്‍ 30 വരെ സംസ്ഥാനത്ത് 9273 ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍ മരിച്ചെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രേഖാമൂലം അറിയിച്ചു. ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്- 1393 പേര്‍. കെ.എസ്.ആര്‍.ടി.സി കര്‍ണാടകയിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കും. തമിഴ്നാടുമായി അന്തര്‍സംസ്ഥാന കരാര്‍ സാധ്യത ലഭ്യമായാല്‍ കൂടുതല്‍ സര്‍വിസുകള്‍ അവിടേക്കും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ക്കും ഊര്‍ജ ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു. സംസ്ഥാനത്ത് 2015 വരെ ഹൈകോടതിയിലും കീഴ്കോടതികളിലുമായി ആകെ 949466 ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലൈറ്റ്മെട്രോ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട്് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. ശിവകുമാറിനെ അറിയിച്ചു. ആസ്തിവികസന ഫണ്ട്, എസ്.ഡി.എഫ് എന്നിവയിലെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഒരോ എം.എല്‍.എക്കും ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് പരിശോധിച്ചുവരുകയാണെന്ന് മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.