അഞ്ച് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അംഗീകാരം സാങ്കേതിക സര്‍വകലാശാല റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ കോളജുകളുടെ അംഗീകാരം എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല റദ്ദാക്കി. ഈ കോളജുകളിലേക്ക് ഈ അധ്യയനവര്‍ഷം പ്രവേശം നടത്താനാകില്ളെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. ആലപ്പുഴ പാലമേല്‍ അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്, തൃശൂര്‍ ഈഞ്ചക്കുണ്ട് ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, കാസര്‍കോട് ദേവലോകം സെന്‍റ് ഗ്രിഗോറിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ്, പുനലൂര്‍ അരിപ്ളാച്ചി പിനാക്ക്ള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കാസര്‍കോട് കുശാല്‍നഗര്‍ സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളജുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്.

മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മോശപ്പെട്ട പഠന നിലവാരം തുടങ്ങിയ കാരണങ്ങളാലാണ് അംഗീകാരം റദ്ദാക്കിയത്. ഈ കോളജുകള്‍ ഉള്‍പ്പെടെ 13 സ്വാശ്രയ കോളജുകളില്‍ സര്‍വകലാശാല സംഘം നേരത്തേ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കോളജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയവും നല്‍കി. ഇതിനുശേഷം ഇവരെ അപ്പീല്‍ കമ്മിറ്റി മുമ്പാകെ വിളിപ്പിച്ചു. പഴയ സ്ഥിതി തുടര്‍ന്നതോടെയാണ് ഈ വര്‍ഷം മുതല്‍ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിറക്കിയത്.

നിലവില്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഇത് ബാധിക്കില്ല. അര്‍ച്ചന കോളജില്‍ കഴിഞ്ഞവര്‍ഷം ബി.ടെക്കിന് ചേര്‍ന്ന 108 വിദ്യാര്‍ഥികളില്‍ ആരും ഒന്നാം സെമസ്റ്ററില്‍ മുഴുവന്‍ പേപ്പറിലും വിജയിച്ചിട്ടില്ല. പിനാക്ക്ള്‍ കോളജില്‍ പ്രവേശം നേടിയ 33 പേരില്‍ ആരും മുഴുവന്‍ പേപ്പറിനും വിജയിച്ചിട്ടില്ല. ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 2.22 ശതമാനമാണ് വിജയം. സെന്‍റ് ഗ്രിഗോറിയോസ് കോളജില്‍ 13.33 ശതമാനവും സദ്ഗുരു സ്വാമി കോളജില്‍ 14.71 ശതമാനവുമാണ് വിജയം. വിജയശതമാനം കുറഞ്ഞ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സാവകാശം ഈ വര്‍ഷം അവസാനിക്കുന്നതിനിടെയാണ് തീരുമാനം.  ഇതില്‍ സദ്ഗുരു കോളജില്‍ 240ഉം അര്‍ച്ചന കോളജില്‍ 360ഉം മറ്റ് കോളജുകളില്‍ 300ഉം വീതം സീറ്റാണുള്ളത്.

സാങ്കേതിക സര്‍വകലാശാലക്കുകീഴില്‍ ഇത്തവണ അഫിലിയേഷന് അപേക്ഷ സമര്‍പ്പിച്ച മൂവാറ്റുപുഴ മണ്ണത്തൂര്‍ അംബികനഗര്‍ മൂകാംബിക ടെക്നിക്കല്‍ കാമ്പസിന് അംഗീകാരം നല്‍കേണ്ടതില്ളെന്നും തീരുമാനിച്ചു. എം.ജി സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജ് കാമ്പസില്‍ ഫാര്‍മസി കോളജിന് അംഗീകാരം വാങ്ങിയതായി പരിശോധനയില്‍ കണ്ടത്തെുകയായിരുന്നു. ഇതേതുടര്‍ന്നാണ് അപേക്ഷ നിരസിക്കാന്‍ തീരുമാനിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.