അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളിലേക്ക് ടി.സി നിര്‍ബന്ധമല്ല

മഞ്ചേരി: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ ചേര്‍ത്ത ഒന്നു മുതല്‍ എട്ടു വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ ടി.സി കൂടാതെ ചേര്‍ക്കാന്‍ ഉത്തരവ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശം ആഗ്രഹിക്കുന്ന എട്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് വയസ്സ് തുടങ്ങിയ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് പ്രവേശം നല്‍കും. ടി.സിയില്ലാത്തത് ഇത്തരം കുട്ടികളുടെ പ്രവേശത്തിന് തടസ്സമാവില്ളെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

വേണ്ടത്ര ആലോചനയോ മുന്നൊരുക്കമോ ഇല്ലാതെയാണ് അംഗീകാരമില്ലാത്ത സ്കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നത്. ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധാരണ ഗതിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മാത്രമല്ല, തുടര്‍പഠനത്തിനും മറ്റും മാതൃസ്ഥാപനത്തിന് അംഗീകാരമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം എട്ടാം ക്ളാസ് വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമാണ് ഉറപ്പു നല്‍കുന്നത്. കുട്ടികളുടെ മൗലികാവകാശമായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു.

ആക്ടിലെ സെക്ഷന്‍ മൂന്ന്, നാല്, അഞ്ച് പ്രകാരം കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഒന്നും തടസ്സമാകരുതെന്നും നിബന്ധന വെക്കുന്നു. മാത്രമല്ല സെക്ഷന്‍ 18ല്‍ അംഗീകരമില്ലാത്ത ഒരു സ്കൂളും നിലനില്‍ക്കാന്‍ പാടില്ളെന്നും അനുശാസിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികള്‍ നിലനില്‍ക്കുന്നത്, ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ എത്തിച്ച് വര്‍ഷാന്ത പരീക്ഷ എഴുതാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ടാണ്.

നിശ്ചിത ദൂരപരിധിയില്‍ പൊതുവിദ്യാലയങ്ങള്‍ വേണമെന്നുകൂടി 2014ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ അത് ഉറപ്പുവരുത്താനാവാത്ത ഉള്‍പ്രദേശങ്ങളിലാണ് ഇപ്പോഴും അംഗീകാരമില്ലാത്ത സ്കൂളുകള്‍ വേണ്ടതിലധികം കുട്ടികളുമായി നിലനില്‍ക്കുന്നത്. ഇതിനെ മറികടക്കാന്‍ ബദല്‍ സ്കൂളുകളും ഏകാംഗവിദ്യാലയങ്ങളും തുടങ്ങിയിട്ടുണ്ടെങ്കിലും പൊതുവിദ്യാലയങ്ങളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങളോ അവകാശങ്ങളോ സര്‍ക്കാര്‍ ഇവക്ക് നല്‍കുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.