മെത്രാപ്പോലീത്തയെ മാറ്റിയ നടപടി പാത്രിയാര്‍ക്കീസ് ബാവ റദ്ദാക്കി

കോലഞ്ചേരി: യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനത്തിന്‍െറ ചുമതലകളില്‍നിന്ന് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെ മാറ്റിയ നടപടി സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ റദ്ദാക്കി. യാക്കോബായ സഭാ നേതൃത്വത്തിന്‍െറ നടപടി നീതിരഹിതവും സഭാ ഭരണഘടനക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി മെത്രാപ്പോലീത്ത നല്‍കിയ പരാതിയിലാണ് പാത്രിയാര്‍ക്കീസ് ബാവയുടെ ഇടപെടല്‍. ഇതോടെ മെത്രാപ്പോലീത്തമാരുടെ സ്ഥലംമാറ്റത്തിലുണ്ടായതുപോലെ സഭാ പ്രാദേശിക നേതൃത്വവും പാത്രിയാര്‍ക്കീസ് ബാവയും തമ്മിലെ ഭിന്നത വീണ്ടും മറനീക്കി.

വ്യാഴാഴ്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസിനെ ആറ് മാസത്തേക്ക് ഭദ്രാസന ഭരണത്തില്‍നിന്ന് ഒഴിവാക്കി പകരം കാതോലിക്ക ബാവക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. ഭദ്രാസനത്തിലെ ഒരു വിഭാഗം വൈദികര്‍ നല്‍കിയ പരാതിയായിരുന്നു നടപടിക്കാധാരം.സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രോപ്പോലീത്തയും കാതോലിക്കയുടെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത കല്‍പിക്കുന്നയാളുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് ഏറെ കാലമായി കാതോലിക്കയടക്കമുള്ള പ്രാദേശിക നേതൃത്വത്തിലെ ഒരുവിഭാഗവുമായി കടുത്ത ഭിന്നതയിലാണ്. പാത്രിയാര്‍ക്കീസ് ബാവയുടെ പ്രഥമ മലങ്കര സന്ദര്‍ശനം അട്ടിമറിക്കാന്‍ പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ അണിയറ നീക്കം നടത്തിയപ്പോള്‍ ഇദ്ദേഹത്തിന്‍െറ കര്‍ശന നിലപാടാണ് സന്ദര്‍ശനം നടക്കാന്‍ കാരണം. പ്രാദേശിക നേതൃത്വത്തെ എതിര്‍ക്കുന്ന മെത്രാപ്പോലീത്തമാര്‍ക്ക് നേതൃത്വം നല്‍കുന്നതും ഇദ്ദേഹമാണ്. ഇദ്ദേഹത്തെ ഒതുക്കാന്‍ നടത്തിയ നീക്കങ്ങളാണ് പുതിയ സംഭവ വികാസങ്ങളെന്നാണ് സഭയില്‍ ഒരു വിഭാഗം പറയുന്നത്.

എന്നാല്‍, ഭദ്രാസനത്തിലെ ജനങ്ങള്‍ക്ക് അനഭിമതനായ ഒരാളെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തയുടെ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സഭാ നേതൃത്വത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. അയാളെ ഒഴിവാക്കണമെന്ന നിര്‍ദേശം മെത്രാപ്പോലീത്ത അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പാത്രിയാര്‍ക്കീസ് ബാവയുടെ ഇടപെടലോടെ വിഷയം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ഒരു വര്‍ഷം മുമ്പ് സഭയിലെ മെത്രാപ്പോലീത്തമാരെ സ്ഥലംമാറ്റിയ കാതോലിക്കയുടെ നടപടി പാത്രിയര്‍ക്കീസ് ബാവ റദ്ദാക്കിയിരുന്നു. ഇതിനെച്ചൊല്ലി പ്രാദേശിക നേതൃത്വവും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലത്തെിയിരുന്നു. സമാന സാഹചര്യമാണ് ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.


തന്നെ നീക്കിയത് ചട്ടംലംഘിച്ച്–തോമസ് മാര്‍ തീമോത്തിയോസ്
കോട്ടയം: ഭദ്രാസനത്തിന്‍െറ ചുമതലകളില്‍നിന്ന് തന്നെ നീക്കിയ സുന്നഹദോസ് തീരുമാനം ചട്ടപ്രകാരമായിരുന്നില്ളെന്ന് ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത. സുന്നഹദോസിന് തീരുമാനം കൈക്കോള്ളാന്‍ മൂന്നില്‍ രണ്ട് മെത്രാപ്പോലീത്താമാരുടെ അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് നടപടിയെടുത്തത്. 32പേരില്‍ 13 പേര്‍ മാത്രമാണ് സുന്നഹദോസില്‍ പങ്കെടുത്തതെന്നും കോട്ടയം ഭദ്രാസന ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.ഇ-മെയില്‍ മുഖേന മാത്രമാണ് സുന്നഹദോസ് അറിയിപ്പ് നല്‍കിയത്. ഇതിന് വ്യവസ്ഥയില്ല.
സുന്നഹദോസിന്‍െറ തീരുമാനം തന്നില്‍ ഒരു പോറല്‍പോലും ഏല്‍പിച്ചില്ല. ആറുമാസത്തേക്ക് ചുമതലയില്‍നിന്ന് നീക്കിയ തീരുമാനം റദ്ദാക്കിയ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പനയെ സ്വാഗതം ചെയ്യുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു. ഇല്ലിക്കല്‍ പള്ളിയുടെ സ്വത്തുക്കള്‍ കൈയടക്കാന്‍ ശ്രമിച്ചന്നെ ആരോപണം അദ്ദേഹം നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.