ജിഷ വധം: പ്രതിയുടെ സുഹൃത്ത് അസമില്‍നിന്ന് മുങ്ങി

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ സുഹൃത്ത് അനാറുല്‍ ഇസ്ലാം കേരള പൊലീസിന്‍െറ കണ്ണുവെട്ടിച്ച് അസമില്‍നിന്ന് മുങ്ങി. തിങ്കളാഴ്ച വീണ്ടും മൊഴിയെടുക്കാനിരിക്കെയായിരുന്നു ഇത്. അനാറില്‍നിന്ന് ഞായറാഴ്ച കേരള പൊലീസ് മൊഴിയെടുത്തിരുന്നു. പ്രാഥമിക മൊഴിയെടുക്കലിനുശേഷം വീട്ടിലത്തെിയ അനാറുല്‍ ഇസ്ലാം താന്‍ കേരളത്തിലേക്കുതന്നെ തിരിച്ചുപോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് പോയത്. ഞായറാഴ്ച വൈകുന്നേരത്തോടെ ബസില്‍ കയറി പോയെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ തങ്ങളോട് നന്നായി സഹകരിച്ചിരുന്നതിനാല്‍ കണ്ടത്തൊനും വീണ്ടും മൊഴിയെടുക്കാനും സാധിക്കുമെന്ന് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരള പൊലീസ് എത്തുന്നതിനുമുമ്പ് അസമിലെ ജജോരി പൊലീസ് അനാറിനെ സ്റ്റേഷനില്‍ മൂന്നുതവണ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ എടുത്തിരുന്നു. ആ വിവരങ്ങള്‍ കേരള പൊലീസിന് കൈമാറി. ഇതേ സ്റ്റേഷനില്‍ വിളിച്ചാണ് കേരള പൊലീസ് തെളിവെടുത്തത്. തല്‍ക്കാലം ഇയാളെ കസ്റ്റഡിയില്‍ എടുക്കേണ്ടെന്ന് അസമിലേക്കുപോയ സംഘത്തിന് മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ ഉള്‍പ്പെടുത്താനുള്ള വിവരങ്ങളോ തെളിവുകളോ ലഭിക്കാതിരുന്നതിനാലാണിത്. വീണ്ടും മൊഴിയെടുക്കുമ്പോള്‍ ഇത് വ്യക്തമായാല്‍ പ്രതിചേര്‍ക്കും.

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നാണ് ഇയാള്‍ കുറുപ്പംപടി വൈദ്യശാലപടിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ജിഷ കൊല്ലപ്പെട്ടു എന്നറിഞ്ഞതോടെയാണിത്. സംഭവദിവസം അമീറുല്‍ ഇസ്ലാം ഇയാള്‍ക്കും മറ്റൊരു സുഹൃത്തിനുമൊപ്പം മദ്യപിച്ചു. തന്‍െറ ആണത്തത്തെ ചോദ്യം ചെയ്യും വിധം ജിഷ അപമാനിച്ചെന്നും അടിച്ചെന്നും മദ്യലഹരിയില്‍ പ്രതി ഇവരോട് പറഞ്ഞു. ജിഷയോട് പകരം ചോദിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇവര്‍ പ്രതിയെ കളിയാക്കി. ഒരു പെണ്ണില്‍നിന്ന് തല്ലുവാങ്ങിയ നീ ആണാണെങ്കില്‍ പോയി ചോദിക്ക് എന്നും മറ്റും പറഞ്ഞ് അമീറിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ജിഷയുടെ വീട്ടിലത്തെിയതും കൊല നടന്നതും. അന്ന് പ്രതിക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ സുഹൃത്തിനുവേണ്ടിയും തിരച്ചില്‍ നടത്തുന്നുണ്ട്.

അമീറുല്‍ ഇസ്ലാമിന് അസമില്‍ മറ്റിടങ്ങളിലും ബംഗാളിലും കേസുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസമിലെയും ബംഗാളിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിയുടെ വിരലടയാളം കേരള പൊലീസ് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് ഒത്തുനോക്കിയുള്ള പരിശോധന വൈകും. കാരണം കേരളത്തിലേതുപോലെ അസമില്‍ പൊലീസ് നടപടികള്‍ കമ്പ്യൂട്ടര്‍വത്കരിച്ചിട്ടില്ല. ഫലം ലഭിക്കാന്‍ ആഴ്ചകള്‍ എടുത്തേക്കാമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.