പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കൊച്ചി\പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുത്തു. ചോദ്യം ചെയ്യല്‍ ഏതാണ്ട് പൂര്‍ത്തിയായതോടെയാണ് ആലുവ പൊലീസ് ക്ളബില്‍നിന്ന് പ്രതിയെ രഹസ്യമായി സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനുശേഷം തിരിച്ച് ആലുവയില്‍ കൊണ്ടുവന്ന പ്രതിയെ അമ്മ രാജേശ്വരി, സഹോദരി ദീപ എന്നിവര്‍ക്ക് കാണിച്ചു കൊടുത്തു. തന്നെ ചെരിപ്പ് ഊരി അടിച്ചതോടെയാണ് പ്രകോപിതനായി ജിഷയെ കൊന്നതെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ പ്രതി അമ്മയോട് പറഞ്ഞു.
രാവിലെ 5.50ഓടെയാണ് പ്രതിയുമായി ആലുവയില്‍നിന്ന് പൊലീസ്സംഘം പുറപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനില്‍ കൊണ്ടുവന്നു.
6.20നാണ് പ്രതിയെ പൊലീസ് മിനി ബസില്‍ വട്ടോളിപ്പടിയിലേക്ക് കൊണ്ടുവന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി എസ്. ശശിധരന്‍െറ നേതൃത്വത്തില്‍ ഡിവൈ.എസ്.പിമാരായ സുദര്‍ശനന്‍, സോജന്‍ എന്നിവരടങ്ങിയ സംഘമാണ് കനത്ത ബന്തവസില്‍ മുഖം മറച്ച് പ്രതിയെ കൊണ്ടുവന്നത്.  
ജിഷയുടെ വീട്ടിലേക്ക് പ്രവേശിച്ചതും വായപ്പൊത്തിപ്പിടിച്ച് അകത്തേക്ക് ജിഷയെ തള്ളിക്കയറ്റിയതും പ്രതി വിശദീകരിച്ചു. പിന്നീട് കൊല നടത്തിയ രീതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു.
തുടര്‍ന്ന് പുറകുവാതില്‍ തുറന്ന് പിന്നിലത്തെി വട്ടമരം പിടിച്ച് കനാലിലേക്ക് ഇറങ്ങിയതും ദേഹത്തുണ്ടായിരുന്ന ചോര കഴുകി കളഞ്ഞതും എതിര്‍വശത്തെ അതിര്‍ത്തി മതിലില്ലാത്ത വീട്ടിലൂടെ ഇരിങ്ങോള്‍ കാവ് വഴി രക്ഷപ്പെട്ടതും വിശദീകരിക്കുകയും കാണിച്ച് കൊടുക്കുകയും ചെയ്തു.
പൊലീസ് പ്രതിയുമായി എത്തുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. പെട്ടെന്നു തന്നെ വാര്‍ത്ത പരന്നു. അതോടെ നാട്ടുകാര്‍ തടിച്ചു കൂടി. ജിഷ വധകേസില്‍ സംശയിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട് കൊടും മര്‍ദനത്തിനിരയായ അയല്‍വാസി സാബു വൈകാരികമായി പ്രതികരിച്ചു. ഇതല്ലാതെ നാട്ടുകാരുടെ ഭാഗത്തുനിന്ന് മറ്റു പ്രകോപനങ്ങളുണ്ടായില്ല.
തുടര്‍ന്ന് മദ്യം വാങ്ങിയ ബിവറേജ് ഷോപ് കാണിച്ച് കൊടുത്തു. തിയറ്റര്‍ ജങ്ഷനില്‍ ചെരിപ്പ് വാങ്ങിയ കടയിലേക്കും കുറുപ്പംപടിയില്‍ ചായ കുടിച്ച കടയിലേക്കും പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു.
ശേഷം വൈദ്യശാലപ്പടിയില്‍ ഇയാള്‍ താമസിച്ച വാടക കെട്ടിടത്തിനരികിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും പരിസരം ജനസമുദ്രമായി.
ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ താമസസ്ഥലത്ത് കയറ്റി തെളിവെടുക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു. പ്രതിയെ വാഹനത്തില്‍നിന്ന് ഇറക്കിയില്ല. പെരുമ്പാവൂര്‍ വില്ളേജോഫിസര്‍ ജിജി ജിഷയുടെ നാട്ടുകാരനായ എല്‍ദോസ് എന്നിവര്‍ തെളിവെടുപ്പിന് സാക്ഷികളായി. ഇതെല്ലാം വീഡിയോ കാമറയില്‍ പൊലീസ് പകര്‍ത്തിയിട്ടുണ്ട്.
പ്രതിയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ അമ്മ എന്തിനാണ് നീ എന്‍െറ കുഞ്ഞിനെ കൊന്നതെന്നും ആര് ആവശ്യപ്പെട്ടിട്ടാണ് ചെയ്തതെന്നും ചോദിച്ചു. മലയാളത്തിലുള്ള ചോദ്യം ദ്വിഭാഷി അമീറുല്‍ ഇസ്ലാമിനെ കേള്‍പ്പിച്ചു.
തന്നെ ചെരിപ്പ് ഊരി അടിച്ചതോടെയാണ് പ്രകോപിതനായി ജിഷയെ കൊന്നതെന്ന് പറഞ്ഞ പ്രതി ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ അത് ചെയ്തതെന്ന് വ്യക്തമാക്കിയതായി സഹോദരി ദീപ പറഞ്ഞു. പൊലീസ് വാഹനത്തിലാണ് അമ്മയെയും സഹോദരിയെയും ആലുവയിലത്തെിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.