ബദ്റിന്‍െറ പാഠങ്ങള്‍

ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ 17നാണ് ബദ്ര്‍ യുദ്ധം നടന്നത്. പ്രവാചകനും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത് രണ്ട് വര്‍ഷത്തിനകം മക്കയില്‍ നിന്നുള്ള ഖുറൈഷികളടക്കമുള്ള വലിയൊരു സൈന്യത്തെ നേരിട്ട് വിജയം വരിച്ചതാണ് ബദ്റിന്‍െറ ചരിത്രം. ബദര്‍ യുദ്ധത്തില്‍ നിന്നുള്ള ചില പാഠങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വന്‍ സൈന്യത്തിന്‍മേലുള്ള ഒരു ചെറിയ സൈന്യത്തിന്‍െറ വിജയമായിരുന്ന ബദ്ര്‍. കേവലം 313 പേരുള്ള മുസ്ലിംകളുടെ ഒരു ചെറിയ സംഘം, ആയിരത്തിലധികം വരുന്ന സര്‍വ ആയുധങ്ങളുമുള്ള വലിയൊരു സൈന്യത്തെ കീഴടക്കിയ യുദ്ധം.

ചരിത്രത്തിന്‍െറ തന്നെ ഗതി നിര്‍ണയിച്ച യുദ്ധമായിരുന്നു അത്. ആ യുദ്ധത്തില്‍ പ്രവാചകനും അനുചരന്‍മാരും വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിന്‍െറ ചരിത്രം വേറൊന്നാവുമായിരുന്നു. ബദ്റിന്‍െറ ഏറ്റവും വലിയ പാഠം, അല്ലാഹുവിന്‍െറ സഹായത്തിലുള്ള അടിയുറച്ച വിശ്വാസമാണ് സത്യവിശ്വാസികളുടെ സമൂഹത്തെ എപ്പോഴും നയിക്കേണ്ടതെന്നതാണ്. അവരുടെ കഴിവിലുള്ള വിശ്വാസത്തേക്കാള്‍. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ കീഴടക്കിയിട്ടുള്ളത്. അത് അല്ലാഹുവിന്‍െറ പിന്തുണയോടെയാണ്’.

ബദ്ര്‍ യുദ്ധത്തിന്‍െറ ഒരുപാട് ഘട്ടങ്ങളില്‍ അല്ലാഹു വിശ്വാസികളെ സഹായിക്കുന്നുണ്ട്. മുസ്ലിംകള്‍ക്ക് സഹായമാകുന്ന തരത്തില്‍ മഴ വര്‍ഷിപ്പിച്ചത് ഒരു ഉദാഹരണം മാത്രം. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സഹായക്കുമെന്നതിന്‍െറ തെളിവായിരുന്നു ബദ്റിലെ വിജയം. ഖുറൈഷികളുടെ രണ്ട് സൈന്യങ്ങളില്‍ വലിയതിനെ തന്നെ നേരിടാന്‍ പ്രവാചകന്‍ തീരുമാനിച്ചത് അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പിച്ചുകൊണ്ടാണ്. മലക്കുകളെ ഇറക്കിയും അല്ലാഹു മുസ്ലിംകളെ സഹായിച്ചു. അന്തിമമായ വിജയം അല്ലാഹിവില്‍ നിന്നാണ് എന്നതാണ് ബദ്ര്‍ നല്‍കുന്ന മറ്റൊരു പാഠം.

നമ്മുടെ കഴിവ്, ആസൂത്രണം, മനുഷ്യവിഭവം എന്നിവയെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ കൃത്യമായി ഇത് അല്ലാഹുവില്‍ നിന്നുള്ളതാണെന്നുള്ള അടിയുറച്ച വിശ്വാസം നമുക്ക് വേണം. ഈ ഭൂമിയില്‍ നാം ഒറ്റക്കല്ല. അല്ലാഹുവും അവന്‍െറ മലക്കുകളും നമ്മോടൊപ്പമുണ്ട്. സത്യവിശ്വാസികളുടെ സമൂഹം ഐക്യത്തോടെ നിലകൊള്ളണമെന്നതാണ് മറ്റൊരു വലിയ പാഠം. ചെറിയ സംഘമായിട്ടുകൂടി മുഹാജിറുകളും അന്‍സാറുകളും ബദറില്‍ കാഴ്ചവെച്ച ഐക്യം പിശാചിനെ വരെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഭിന്നിപ്പിന്‍െറയും വേര്‍തിരിവിന്‍െറയും മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം സത്യവിശ്വാസികള്‍ യോജിച്ചുനില്‍ക്കുന്നതിനുള്ള മാര്‍ഗമാണ് തേടേണ്ടത്.

വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിലും ഇസ്ലാം എന്ന ആദര്‍ശത്തിന് കീഴില്‍ നാം യോജിക്കണം. നമ്മള്‍ പരാജയ ബോധം കൈവെടിയണം. എല്ലാ വിഷയത്തിലും നമ്മള്‍ പരാജഞത്തിലാണ്, എല്ലാ ഭാഗത്ത് നിന്നും നാം വേട്ടയാടപ്പെടുന്നു തുടങ്ങിയ ചിന്തകള്‍ നമ്മെ പിടികൂടാറുണ്ട്. പക്ഷെ, ബദര്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം, വിജയം എന്നത് അല്ലാഹു നമുക്ക് നല്‍കാന്‍ തീരുമാനിച്ചല്‍ നാം അതിന് തയാറായാല്‍ അത് കൈവരിക്കാന്‍ സാധിക്കുന്നത് തന്നെയാണ്. റമദാന്‍ മുസ്ലിം സമുദായത്തിന് വിജയങ്ങളുടെ മാസം കൂടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.