??????????? ?????? ??????

കടൽ ചൊരുക്കിലും തെളിയിച്ചെടുത്ത സ്വപ്നം

ചാവക്കാട് തിരുവത്ര ബീച്ചിലെ തണ്ണിത്തുറക്കല്‍ മൊയ്തുണ്ണി 1969 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട്ടുനിന്ന് ലോഞ്ചില്‍ കയറുന്നത്. മൊയ്തുണ്ണി വീടിറങ്ങിയത് വിധിയിലുറച്ചാണ്. മരണമാണ് വിധിയെങ്കില്‍ മരണം. വീട്ടിലുള്ളവര്‍ക്ക് ഒരു തരത്തിലും അതുള്‍ക്കൊള്ളാനാകുമായിരുന്നില്ല. ഗള്‍ഫ് തീരം തേടിയുള്ള ഒളിച്ചോട്ടം കൂടിയായിരുന്നു യാത്ര.

കടലിന്‍െറ ചൊരുക്കില്‍ കള്ള ലോഞ്ച് ആടിയുലയുമ്പോള്‍ ഛര്‍ദിച്ചുതുടങ്ങി. തിരമാലകളുടെ ഭീകരതയറിയുംമുമ്പേ തിരികെ തീരമണയാന്‍ വാശിപിടിച്ചു കരഞ്ഞു. മൊയ്തുണ്ണിയെപ്പോലെ ഒട്ടേറെപ്പേരുണ്ടായിരുന്നു അതില്‍. തൊഴിലാഴികളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരാണ്. തിരികെ ഏതെങ്കിലും തീരത്തിറക്കിയില്ളെങ്കില്‍ കാറ്റിന്‍െറ ബലത്തില്‍ മുന്നോട്ടോടുന്ന ലോഞ്ചിന്‍െറ ജീവനാഡിയായ പായകള്‍ കുത്തിക്കീറാനും കൊടിമരങ്ങള്‍ തകര്‍ക്കാനും മടിക്കാത്ത ജീവന്മരണ സമരത്തിലാണവര്‍. നേരത്തേതന്നെ അരയില്‍ മലപ്പുറംകത്തി വെച്ച് നടക്കുന്നവരായതിനാല്‍ കത്തിയുടെ മുന്നില്‍ മൊയ്തുണ്ണി കയറിയ ലോഞ്ച് ഗുജറാത്ത് തീരത്തേക്ക് തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി.

പിന്നെയും യാത്ര തുടരുകയാണ്. എന്തുവന്നാലും സഹിക്കാന്‍ തയാറായവരുടെ മാത്രം യാത്ര. പിന്മാറാന്‍ തയാറാവാത്തവരുടെ കൂട്ടത്തിലായിരുന്നു മൊയ്തുണ്ണി. കടല്‍യാത്രയില്‍ മുന്നനുഭവങ്ങള്‍ മൊയ്തുണ്ണിക്കുണ്ടായിരുന്നില്ല.
ആദ്യമായി കടല്‍യാത്രക്കിറങ്ങിയ പലരുടെയും ജീവന്‍പൊലിയാന്‍ ഏറെ സമയം വേണ്ടിവന്നില്ല. കടല്‍ചൊരുക്കില്‍ പതഞ്ഞുപൊങ്ങിയ ഛര്‍ദിയായിരുന്നു ആദ്യ ശത്രു. മരണം സംഭവിക്കുകയാണ്, കണ്‍മുന്നില്‍...! ഒന്നിനുപിറകെ മറ്റൊന്ന്... മരിച്ചവരുടെ തുണിക്കെട്ട് തുറന്നെടുത്ത് മരണക്കോടിയാക്കി പലകയില്‍ വെച്ച് കല്ലുകെട്ടിത്താഴ്ത്തുമ്പോഴും വിധിയിലടിയുറച്ച് വിശ്വസിച്ച അവര്‍ പറഞ്ഞില്ല ഒരിക്കല്‍കൂടി തീരമണയാന്‍...

മൊയ്തുണ്ണിയോടൊപ്പം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടവരില്‍ അന്നത്തെ 10ാം ക്ളാസുകാരനായൊരു വിദ്യാര്‍ഥിയുമുണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിപ്പയ്യന്‍. സ്കൂളിലേക്കുള്ള യാത്രയാണ് മാറ്റിമറിച്ച് ഗള്‍ഫിലേക്കാക്കിയത്. വൃത്തിയായി അടക്കിയ അവന്‍െറ പുസ്തകങ്ങള്‍ റബറിട്ട് ബന്ധിച്ച് അതും കൈയില്‍പിടിച്ചാണ് ലോഞ്ചില്‍ കയറിയത്. പ്രതികൂല കാലാവസ്ഥകളിലെല്ലാം ധൈര്യത്തോടെ പിടിച്ചുനിന്ന അവന്‍െറ മരണമാണ് ആ യാത്രയില്‍ എല്ലാവരെയും കരയിപ്പിച്ചത്. കരയോടടുക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണത് സംഭവിച്ചത്. 18 ദിവസത്തെ കരകാണാ യാത്രയില്‍ ഭക്ഷണത്തിന്‍െറ അഭാവം അവനെ തളര്‍ത്തിയിരുന്നു. ഭക്ഷണമുള്ളപ്പോഴും അവന്‍ കുറച്ചേ കഴിച്ചിരുന്നുള്ളൂ. കരയുടെ കരിനിഴല്‍ കാണാറായപ്പോള്‍ അവനും ആഹ്ളാദംകൊണ്ട് തുള്ളിച്ചാടി... പൊടുന്നനെ വന്ന ഛര്‍ദിയില്‍ എല്ലാ കണ്ണുകളും അവനിലേക്ക് തിരിഞ്ഞു. ദയനീയമായ ആ മുഖത്തെ കണ്ണുകള്‍ ആരിലുമത്തൊതെ ചിമ്മിയടയുന്നതുകണ്ട്, ക്രൂരഭാവത്തോടെ പെരുമാറുന്ന ലോഞ്ച് ജീവനക്കാര്‍പോലും കരഞ്ഞുപോയി. കൂട്ടക്കരച്ചിലുകള്‍ക്കിടയിലാണ് ചേതനയറ്റ ശരീരത്തില്‍ അവനെപ്പോഴും നെഞ്ചോടടക്കിപ്പിടിച്ച പുസ്തകക്കെട്ടും വെച്ച് കടലില്‍ കെട്ടിത്താഴ്ത്തിയത്.

കോഴിക്കോട്ടുനിന്നും ബോംബെയില്‍നിന്നും ഗുജറാത്തില്‍നിന്നും പുറപ്പെട്ട് അന്നന്നത്തെ അന്നം പ്രഥമ ലക്ഷ്യമാക്കിയുള്ള അവരുടെ യാത്ര ഖോര്‍ഫുക്കാനിലേക്കും റാസല്‍ഖൈമയിലേക്കും ഫുജൈറയിലേക്കും ആ നാടുകളുടെയൊക്കെ പരിസരഭാഗങ്ങളിലേക്കുമായിരുന്നു എത്തിച്ചേര്‍ന്നത്. കരയിലടുപ്പിക്കാതെ കരക്കത്തെും മുമ്പേ കടലില്‍ ചാടി നീന്തിയിട്ട് വേണം കര പിടിക്കാന്‍. മുമ്പേ എത്തിയവരുടെ അപ്പോഴും മായാത്ത കാലടയാളം നോക്കി തോക്കിന്‍െറ തിരതുപ്പുന്ന കുഴല്‍ കണ്ണുകളില്‍ പെടാതെ പമ്മിയും പതുങ്ങിയുമുള്ള യാത്ര പ്രവാസികളുടെ അതിജീവനത്തിന്‍െറ ചരിത്രമാണ്.

18 ദിവസങ്ങള്‍ക്കുശേഷമാണ് ഗള്‍ഫിലത്തെിയത്. പല വഴിയിലൂടെ നാട്ടുകാരില്‍ മുമ്പേയത്തെിയവരുടെ സഹായത്തില്‍ അബൂദബിയിലത്തെി. അന്ന് ആധിപത്യം പൂര്‍ണമായി വിട്ടുപോകാത്ത ബ്രിട്ടീഷുകാരുടെ ഒരു കമ്പനിയിലും സിറ്റി ബാങ്കിലും ഓഫിസ് ബോയിയായും ഡ്രൈ ഫ്രൂട്സ് വില്‍പനക്കാരനായും പിന്നീട് എല്ലാം ഒഴിവാക്കി 2012ല്‍ നാട്ടിലേക്കുവരുന്നതുവരെ 40 വര്‍ഷത്തോളം അബൂദബി പ്രതിരോധ വകുപ്പിലുമായിരുന്നു ജോലി. ഗള്‍ഫിലത്തെി മൂന്നുമാസം കഴിഞ്ഞാണ് ആദ്യത്തെ റമദാന്‍ മാസമത്തെുന്നത്. ജോലിയൊന്നുമില്ലാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് അന്ന് നോമ്പുകാലത്ത്  മറ്റുള്ളവരുടെ സഹായം ലഭിക്കാറുണ്ടായിരുന്നു. അബൂദബിയില്‍ മണ്ണുകൊണ്ട് വാരിത്തേമ്പിയ ചെറിയ മുറി വാടകക്കെടുത്ത് താമസം. താമസസ്ഥലങ്ങളില്‍ എയര്‍കണ്ടീഷന്‍ പോയിട്ട് ഫാന്‍ സങ്കല്‍പ്പത്തില്‍പോലും എത്തിയിരുന്നില്ല. പ്രഭാതകര്‍മങ്ങള്‍ക്ക് കടലോരമായിരുന്നു ഏക ആശ്രയം. കുളിക്കാന്‍ ലൈന്‍ പൈപ്പുകള്‍ വഴി ശുദ്ധജലം ലഭിച്ചിരുന്നു.

നോമ്പുതുറക്കാന്‍നേരം വട്ടേക്കാട് സ്വദേശി മുഹമ്മദലിക്കയുടെ ലത്തീഫ് ഹോട്ടലില്‍നിന്ന് ഉള്ളത് ലഭിക്കും. ഇറാന്‍ റൊട്ടിയും കോഴിക്കറിയും. ഖുബ്ബൂസ് വിപണിയിലത്തെിയിട്ടുണ്ടായിരുന്നില്ല. ബിരിയാണി നോമ്പുതുറക്കാനുള്ള വിഭവമായിട്ടില്ലായിരുന്നു. നോമ്പു തുറക്കാന്‍ നേരത്ത് വിവിധയിനത്തില്‍പെട്ട ധാരാളം പഴങ്ങള്‍ അന്നുമുണ്ടായിരുന്നു. അക്കാലത്ത് അബൂദബിയില്‍ അടുത്തടുത്തായി മൂന്നു ചെറിയ പള്ളികളായിരുന്നു. എല്ലാ പള്ളികളിലും നോമ്പുതുറക്കാന്‍ നിറയെ ആളുകള്‍ കൂടും. അറബികളുടെ വീടുകളില്‍നിന്നത്തെിക്കുന്ന വിവിധതരം ഭക്ഷണമായിരുന്നു പള്ളികളിലെ വിഭവങ്ങള്‍. ചോറും ഇറച്ചിയും കൂട്ടിക്കലര്‍ത്തിയ ഒരു പ്രത്യേക ഭക്ഷണവുമുണ്ടായിരുന്നു. മത്സ്യങ്ങള്‍ക്ക് ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. മുഹമ്മദലിക്കയുടെ കടയിലും നോമ്പ് തുറക്കാന്‍ വലിയ തിരക്കായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.