അതിരപ്പിള്ളി: സഭക്കുള്ളിലും കോണ്‍ഗ്രസ് ഭിന്നത

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഭിന്നത സഭക്കുള്ളിലും. സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ അതിരപ്പിള്ളി നടപ്പാക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ വി.ടി. ബല്‍റാം വന്‍ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന അതിരപ്പിള്ളി പദ്ധതിഎന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു. യു.ഡി.എഫില്‍ അഭിപ്രായൈക്യമുണ്ടാകട്ടെയെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യത്തില്‍നിന്ന് രക്ഷപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിസൗഹൃദമാകാന്‍ വിശാലമായ ചര്‍ച്ച നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വൈദ്യുതി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇതില്‍ നിന്ന് 142.5 മെഗാവാട്ട് ഉല്‍പാദിപ്പിക്കാന്‍ കഴിയും. കൂടങ്കുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ഇടമണ്‍ കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി കമ്മി പരിഹരിക്കാന്‍ ഇത് അനിവാര്യമാണ്. കോട്ടയം ജില്ലയിലാണ് തടസ്സങ്ങള്‍ ഏറെയുള്ളത്. ഇക്കാര്യത്തില്‍ ജില്ലയിലെ എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും കൂട്ടായി രംഗത്തിറങ്ങണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചെക്പോസ്റ്റ് അഴിമതിമുക്തമാക്കും –മന്ത്രി  
വാളയാര്‍ ചെക്പോസ്റ്റ് പൂര്‍ണമായും അഴിമതിമുക്തമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. വാളയാര്‍ ദുരന്തകഥയാണ്. ചെക്പോസ്റ്റിനായി 15 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു.അവിടെയൊരു പൊട്ടക്കുളമുണ്ടെന്നതിന്‍െറ പേരില്‍ പരിസ്ഥിതിപ്രശ്നം ഉന്നയിച്ചാണ് നിര്‍മാണം തടയുന്നത്. തടസ്സം നീക്കി മുന്നോട്ടുപോകണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നിട്ടും അവിടെ കൈമടക്ക് തുടരുകയാണ്. ഇവിടത്തെ അഴിമതി അവസാനിപ്പിക്കും. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.പ്രധാന ചെക്പോസ്റ്റുകള്‍ ആധുനീകരിച്ച് പരിശോധന വേഗത്തിലാക്കും. നികുതിചോര്‍ച്ച തടയാന്‍ വിപുലമായ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും കെ.വി. അബ്ദുല്‍ ഖാദര്‍, ഐ.ബി. സതീഷ്, പി.വി. അന്‍വര്‍,കെ.വി. വിജയദാസ്, ടി.വി. ഇബ്രാഹിം, സി. ദിവാകരന്‍ തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി നല്‍കി.

കൈത്തറി: പ്രതിസന്ധി പരിഹരിക്കും
കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. പ്രതിസന്ധികളുടെ കാരണം നെയ്ത്തുകാരുടെ അഭാവം, പ്രവര്‍ത്തനമൂലധനത്തിന്‍െറ കുറവ്, നെയ്ത്തുകാരുടെ കൂലിക്കുറവ്, കൈത്തറി ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റ് എന്നിവയാണ്. ഇതുപരിഹരിക്കാന്‍ വിവിധ സ്കീമുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴി നടപ്പാക്കും. മിനിമം വേതനം 150 രൂപ ഉറപ്പാക്കി. നിലവിലുള്ള നെയ്ത്തുകാര്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിശീലനം നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മൂന്നുവര്‍ഷമായി കയര്‍മേഖലക്ക് വകയിരുത്തുന്ന പണത്തില്‍ ഗണ്യമായ പങ്ക് ചെലവഴിക്കതെ പോയി. 2013-14ല്‍ 61ഉം 2014-15ല്‍ 52ഉം 2015-16ല്‍ 58 ഉം ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ചകിരി മില്ലുകള്‍ക്ക് 50 ശതമാനം നിക്ഷേപ സബ്സിഡി നല്‍കുമെന്നും എം.നൗഷാദ്, ബി.സത്യന്‍, യു.പ്രതിഭാഹരി, പുരുഷന്‍ കടലുണ്ടി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണി: 35,95,000 രൂപ ചെലവഴിച്ചു
മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 35,95,000 രൂപ ചെലവഴിച്ചെന്ന് ഷാഫി പറമ്പിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 32,62,000 രൂപ സിവില്‍ ജോലികള്‍ക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായി ചെലവഴിച്ചു.
പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മോടി പിടിപ്പിക്കാനും പണം ചെലവഴിച്ചിട്ടില്ല. സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാചടങ്ങുകള്‍ക്കായി പൊതുമരാമത്ത്, ടൂറിസം, ശുചിത്വമിഷന്‍, പൊതുഭരണ വകുപ്പുകള്‍ 35,5,894 രൂപ ചെലവഴിച്ചു. പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും പൊതുഭരണ വകുപ്പ് 20,000 രൂപയും ശുചിത്വ മിഷന്‍ 81,280 രൂപയും ചെലവഴിച്ചു. സര്‍ക്കാര്‍ അധികാരമമേറ്റ ശേഷം ജൂണ്‍ 21 വരെ 4,308 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എ.എന്‍. ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പി.എസ്.സി റാങ്ക്പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത തസ്തികകള്‍ ചട്ടപ്രകാരം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നികത്താന്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്കും നിയമനാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് 1,59,238 പേര്‍ക്ക് പി.എസ്.സി നിയമനശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും പി.കെ. ബഷീറിനെ മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ചീമേനി ഐ.ടി പാര്‍ക്ക്, കണ്ണൂര്‍ എരമറ്റം കുറ്റൂര്‍ പഞ്ചായത്തിലെ ഐ.ടി പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം തുടങ്ങാന്‍ സാധിക്കുമെന്ന് എം. രാജഗോപാല്‍, സി.കൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1287 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍.എ നെല്ലിക്കുന്നിനെ പിണറായി വിജയന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 2699 പേരെ അറസ്റ്റ് ചെയ്തു. 8509 പേരെ അറസ്റ്റ് ചെയ്യാനുണ്ട്. വര്‍ഗീയ മനോഭാവത്തോടെ അക്രമം നടത്തിയതിന് ആറു കേസുകള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈക്കൂലി-അഴിമതിക്കേസുകളില്‍ 51 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 പേര്‍ക്കെതിരെ നടപടിയെടുക്കുകയോ ശിപാര്‍ശ ചെയ്യുകയോ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.