സ്വര്‍ഗം പൂക്കുന്ന മനസ്സകം

കാരുണ്യവാനായ അല്ലാഹു എന്തിന് നരകം പടച്ചു?  കുഞ്ഞുനാളില്‍ മനസ്സില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കിയ ചോദ്യമാണിത്.  നോമ്പുകാല ഉറുദികളില്‍ അധികം കേട്ടതും പാതിരാവില്‍ ഞെട്ടിയുണര്‍ന്ന് ഭയന്നതും നരകക്കാഴ്ചകളെപ്പറ്റി തന്നെ. നരകവും ദിവ്യകാരുണ്യത്തിന്‍െറ ഭാഗമാണെന്നത് പിന്നീട് ലഭിച്ച തിരിച്ചറിവാണ്. നരകത്തെക്കുറിച്ചുള്ള ദൈവിക മുന്നറിയിപ്പുകള്‍ ആ മഹാവിപത്തില്‍നിന്ന് മനുഷ്യനെ രക്ഷപ്പെടുത്താനുള്ള  ജീവന്‍രക്ഷാ വാര്‍ത്തകളാണ്. ഖുര്‍ആന്‍ മരണാനന്തര ജീവിതം, വിചാരണ, സ്വര്‍ഗ-നരകങ്ങള്‍ എന്നീ മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യങ്ങളെപ്പറ്റി  നിരന്തരം ഉണര്‍ത്തുന്നത് എന്തിനാണ്? സമ്പൂര്‍ണ നീതി പുലരാന്‍ വേണ്ടി എന്നതാണ് അതിന്‍െറ ഉത്തരം. നമ്മുടെ മന$സാക്ഷി ആഗ്രഹിക്കുന്നതും ഭരണകൂടങ്ങള്‍, നിയമപാലകര്‍, കോടതി തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന മനുഷ്യന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതും നീതിപാലനമാണ്. 

പക്ഷേ, മനുഷ്യനുവേണ്ടി നിയമം നിര്‍മിക്കുന്നതും അത് നടപ്പാക്കുന്നതും അറിവിലും കഴിവിലും പരിമിതികളുള്ള മനുഷ്യന്‍ തന്നെയാണല്ളോ. അതിനാല്‍, നീതി പാലനം പലപ്പോഴും പ്രഹസനമായി മാറുന്നു. സാഹചര്യങ്ങളും താല്‍പര്യങ്ങളും നീതിയെ തടവിലിടുന്നു.  സമ്പൂര്‍ണ നീതി പുലരുന്ന ദൈവിക കോടതി അനിവാര്യമാകുന്നത് ഇക്കാരണത്താലാണ്. ആദിമമനുഷ്യന്‍ മുതല്‍  അന്ത്യകാഹളമൂതുന്ന വേളയില്‍പെട്ട് വീഴുന്ന  കുഞ്ഞുങ്ങള്‍ വരെ  ഒരുമിച്ചുകൂട്ടപ്പെടുന്ന ആ കോടതി എത്ര ഗാംഭീര്യമുള്ളതായിരിക്കും! ഏകാന്തതയിലും ആള്‍ക്കൂട്ടത്തിലും ഇരുളിലും വെളിച്ചത്തിലും സ്ഫടികസമാനമായ സുതാര്യതയും മഞ്ഞുതുള്ളിയുടെ വിശുദ്ധിയും പുലര്‍ത്തുന്ന ജീവിതങ്ങള്‍ നെയ്തെടുക്കാനുള്ള പ്രേരണയാണ് പരലോകബോധത്തിന്‍െറ അകംപൊരുള്‍.

വിശുദ്ധിയുടെ ആള്‍രൂപമായ മുത്തുനബി അണുഅളവ് കര്‍മംപോലും വിചാരണ ചെയ്യപ്പെടുന്ന ആ കോടതിയെപ്പറ്റി അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ‘അല്ലാഹുവാണേ! എനിക്കറിയില്ല. ഞാന്‍ ദൈവദൂതന്‍ തന്നെ, എങ്കിലും എന്നെയും നിങ്ങളെയും എന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല’ എന്ന് ഒരു നാള്‍ അനുയായികള്‍ക്കു മുന്നില്‍ ആ ഹൃദയം വിതുമ്പിപ്പോയിട്ടുണ്ട്. ഒരു ഉച്ചനേരത്ത് മരുക്കാറ്റിന്‍െറ ചൂടേറ്റ് മയങ്ങിപ്പോയ മദീനാ നിവാസികള്‍ക്കിടയിലൂടെ ‘നരകാഗ്നിയുടെ ചൂട് ഇതിലും കഠിനമാണ്’ എന്ന് ഉറക്കെപ്പറഞ്ഞ്  തെരുവിലൂടെ ഉഴറിനടന്നിരുന്നു പാപമുക്തി നല്‍കപ്പെട്ട മുത്തുനബി.

നരകക്കാഴ്ചകളിലേക്ക് പാളിനോക്കാന്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ വര്‍ണാഭവും  സുഖദായകവും അനന്തവിസ്തൃതവുമായ  സ്വര്‍ഗക്കാഴ്ചകളുടെ വാതിലുകളും നമുക്കു മുന്നില്‍  മലര്‍ക്കെ  തുറന്നിടുന്നുണ്ട്. നരകഭയവും സ്വര്‍ഗപ്രതീക്ഷയും സന്തുലിതമായി മനസ്സില്‍ ചിട്ടപ്പെടുത്താനാണത്. ശിക്ഷയെക്കുറിച്ചുള്ള നിരാശക്കും രക്ഷയെക്കുറിച്ചുള്ള  വ്യാമോഹത്തിനും ഇടയിലെ മധ്യമമാര്‍ഗമാണ് അത് പറഞ്ഞുതരുന്നത്. ‘ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും സങ്കല്‍പിച്ചിട്ടില്ലാത്ത സ്വര്‍ഗത്തെക്കുറിച്ചുള്ള കൊതിപ്പിക്കല്‍ ഒരിക്കലും ഒരു പാഴ്ക്കിനാവല്ല. പുലരുമെന്നുറപ്പുള്ള  നീതിയുടെ അനിവാര്യ ഫലമാണത്. റമദാനിലെ രാവുകള്‍ നരകമുക്തിയുടേതാണ്.  ഓരോ രാവിലും അടിമകള്‍ നരകമുക്തിക്കും സ്വര്‍ഗപ്രവേശത്തിനും യോഗ്യത കൈവരിക്കുന്നു.  നന്മകളില്‍ മത്സരിച്ച് അല്ലാഹുവിന്‍െറ കാരുണ്യച്ചിറകുകളില്‍ ചേക്കേറുകയാണ് അതിന്‍െറ വഴി.

ആര്‍ക്കും കട്ടെടുക്കാനാകാത്ത സ്വര്‍ഗീയ സാമ്രാജ്യത്തിലെ രാജകുമാരനും  രാജകുമാരിയുമാകാന്‍, നന്മ നട്ടുനനക്കുന്ന സ്വര്‍ഗം പൂക്കുന്ന മനസ്സുകള്‍ക്കേ കഴിയൂ. അതിനുവേണ്ടി തന്നെയാകട്ടെ ഈ നാളുകളിലെ കണ്ണീരുപ്പു പുരണ്ട പ്രാര്‍ഥനകള്‍. ‘ഓ പ്രശാന്തമായ ആത്മാവേ! നിന്‍െറ നാഥനിലേക്ക് സംതൃപ്തവും സംപ്രീതിയുമായി മടങ്ങുക. നീ എന്‍െറ ദാസന്മാരോടൊപ്പം പ്രവേശിക്കുക. എന്‍െറ സ്വര്‍ഗത്തില്‍ പ്രവേശിക്കുക’ (ഖുര്‍ആന്‍: അല്‍ഫജ്ര്‍ 27-30).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.