കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള മേഖല വോട്ടെടുപ്പ് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചു. ഖൈസര്‍ ഷമീം ചെയര്‍മാനായ കമ്മിറ്റിയുടെ കാലാവധി മേയ് അഞ്ചിന് അവസാനിക്കുന്നതിനാലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അബ്ദുസ്സമദ് പൂക്കോട്ടൂരുമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറ് മേഖലകളായി തിരിച്ചാണ് തെരഞ്ഞെടുപ്പ്.
ഓരോ മേഖലയില്‍നിന്നും ഒരാളെ വീതമാണ് തെരഞ്ഞെടുക്കുക. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണാണ് കേരളം. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനും മത്സരിക്കാനും അവകാശം.മൂന്ന് എം.പിമാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, നാമനിര്‍ദേശം ചെയ്ത ഏഴ് അംഗങ്ങളടക്കം 19 പ്രതിനിധികള്‍, വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാല് ഗവ. സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി.
മൂന്ന് വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കാലാവധി. ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിയെ അശോക് ഗജപതി രാജുവിനെയും സന്ദര്‍ശിക്കും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെയും കണ്ട് ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കണമെന്ന് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.