ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട്‌: കോഴിക്കോട്ട് നഗരത്തിൽ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ അനുമതിയും ലഭിച്ച ശേഷം നിർമാണം തുടങ്ങിയാൽ പദ്ധതി അനിശ്ചിതമായി നീളുമെന്നും അതിനാലാണ് മറ്റ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ലൈറ്റ് മെട്രോ പദ്ധതി ജനങ്ങളെ വഞ്ചിക്കലാണെന്ന് ആരോപിച്ച് ഉദ്ഘാടന വേദിക്ക് പുറത്തെ റോഡ് സി.പി.എം പ്രവർത്തകർ തടഞ്ഞു. ഉദ്ഘാടന വേദിയിലേക്ക് നേതാക്കൾ എത്തുന്നതിനു മുമ്പ് തന്നെ സി.പി.എം പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മുതൽ മീഞ്ചന്ത വരെ 13.33 കിലോമീറ്റർ ദൂരത്തിലാണ് ലൈറ്റ് മെട്രോ നിർമിക്കുന്നത്. സ്ഥലമെടുപ്പ്, ടെന്‍ഡര്‍ ഡോക്യുമെന്‍റ് തയാറാക്കല്‍, റോഡ് വീതി കൂട്ടല്‍, ഫ്ലൈഓവര്‍, സബ് വേ നിര്‍മാണം തുടങ്ങിയ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ ഒമ്പത് മാസം കൊണ്ട് പൂർത്തിയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക  2,057 കോടി രൂപയാണ്. പൂര്‍ത്തിയാകുമ്പോള്‍ 2,509 കോടി രൂപയോളം വരും.

തിരുവനന്തപുരത്ത് ടെക്നോ സിറ്റി മുതല്‍ കരമന വരെ 22.20 കിലോമീറ്റർ ദൂരത്തിലാണ് ലൈറ്റ് മെട്രോ നിർമിക്കുന്നത്. എസ്റ്റിമേറ്റ് തുക 3,453 കോടി രൂപയാെണങ്കിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് 4,219 കോടി രൂപയിലെത്തും.  രണ്ട് പദ്ധതിക്കുമായി 6,726 കോടിയാണ് കണക്കാക്കുന്നത്. ഇതിൽ 4,733 കോടി രൂപ ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ ബാങ്കും 1,167 കോടി രൂപ കേരള സര്‍ക്കാരും 826 കോടി രൂപ കേന്ദ്ര സര്‍ക്കാരും വഹിക്കണമെന്നാണ് ഡി.എം.ആ.ര്‍സിയുടെ പദ്ധതിരേഖയില്‍ പറയുന്നത്.

തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനാണ് ഓടിക്കുക. ആവശ്യമെങ്കില്‍ രണ്ടിടത്തും ഓരോ കോച്ച് അധികമായി ഘടിപ്പിക്കാം. ഒരു കോച്ചില്‍ 200 പേര്‍ക്ക് വീതം യാത്ര ചെയ്യാം. ഭൂമി ഏറ്റെടുക്കലിന് തിരുവനന്തപുരത്ത് 175 കോടി രൂപയും കോഴിക്കോട്ട് 129 കോടി രൂപയും വേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.