കൊച്ചി: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിരുദാനന്തര ബിരുദ കോഴ്സ് നടത്താന്‍ വാടകക്കെടുത്ത കെട്ടിടത്തിന്‍െറ വലുപ്പം കൂട്ടിക്കാണിച്ച് സര്‍ക്കാറില്‍നിന്ന് വന്‍ തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സര്‍വകലാശാലയുടെ മുന്‍ ജോയന്‍റ് രജിസ്ട്രാര്‍ എസ്. ഗോപിനാഥ്, കെട്ടിടം വാടകക്ക് നല്‍കിയ കാസര്‍കോട് പടന്നക്കാട് നെഹ്റു കോളജിന് സമീപം താമസിക്കുന്ന ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. കെട്ടിടത്തിന്‍െറ വലുപ്പം ചതുരശ്ര അടി കണക്കില്‍ ഉയര്‍ത്തിക്കാണിച്ച് സര്‍ക്കാറില്‍നിന്ന് 70.31 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടത്തെല്‍. 2010 -2011 കാലഘട്ടത്തില്‍ ഇരുവരും ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയത്.
2009 ഡിസംബറിലാണ് കോഴ്സ് നടത്താന്‍ കെട്ടിടം വാടകക്ക് ആവശ്യമുള്ളതായി സര്‍വകലാശാല നോട്ടീസ് ഇറക്കിയത്. ഇബ്രാഹിംകുഞ്ഞ് അടക്കം 22 പേരാണ് കെട്ടിടം നല്‍കാമെന്ന് അപേക്ഷ നല്‍കിയത്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്കെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന്‍െറ അപേക്ഷ സര്‍വകലാശാല സ്വീകരിച്ചു. ഇതിനുശേഷം കേന്ദ്ര പൊതുമരാമത്ത് അധികൃതര്‍ കെട്ടിടം പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിന്‍െറ പരിശോധനാ റിപ്പോര്‍ട്ടില്‍ കെട്ടിടത്തിന്‍െറ വലുപ്പം 30,921 ചതുരശ്ര അടി ആയിരുന്നു. പിന്നീട് 2010 നവംബര്‍ 11നാണ് സര്‍വകലാശാലയുമായി ഇബ്രാഹിംകുഞ്ഞ് കരാറില്‍ ഏര്‍പ്പെട്ടത്.
ഇബ്രാഹിംകുഞ്ഞും ഗോപിനാഥും നടത്തിയ ഗൂഢാലോചനയത്തെുടര്‍ന്ന് താഴത്തെ നിലയും ഒന്നാംനിലയുമുള്ള കെട്ടിടത്തിന്‍െറ വലുപ്പം 30,921 എന്നത് 41,342 ആക്കി ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. 2011 ആഗസ്റ്റ് എട്ടിന് സര്‍വകലാശാല രണ്ടാംനില കൂടി വാടകക്കെടുക്കാനായി കരാറുണ്ടാക്കി. രണ്ടാംനിലയുടെ 12,842.33 ചതുരശ്ര അടിയുള്ളത് 20,172.64 ആയി ഉയര്‍ത്തിക്കാണിച്ച് തട്ടിപ്പ് തുടര്‍ന്നു. 2010 നവംബര്‍ മുതല്‍ 2015 ആഗസ്റ്റ് വരെ ചതുരശ്ര അടിക്ക് 10 രൂപ കണക്കില്‍ 28,149 ചതുരശ്ര അടിയുടെ പണം സര്‍ക്കാര്‍ അധികമായി നല്‍കേണ്ടിവന്നതിലൂടെ പ്രതികള്‍ വന്‍ ബാധ്യതയുണ്ടാക്കിയതായാണ് സി.ബി.ഐയുടെ ആരോപണം.
നേരത്തേ, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തതിലും സി.ബി.ഐ സര്‍വകലാശാലാ അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഫിനാന്‍സ് വിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ കെ. രാജീവന്‍, സര്‍വകലാശാലയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട് ചെയ്ത മാതാ റിക്രൂട്ട്മെന്‍റ് ഏജന്‍സി നടത്തിപ്പുകാരന്‍ രാജേന്ദ്രന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്.
ജീവനക്കാരുടെ എണ്ണം ഉയര്‍ത്തിക്കാട്ടി ഇവരുടെ ശമ്പളത്തിനെന്ന പേരില്‍ 2010 മുതല്‍ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപ വീതം അധികമായി ഈടാക്കിയെന്നാണ് സി.ബി.ഐ കണ്ടത്തെിയത്. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്‍െറ നേതൃത്വത്തിലാണ് കേസന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.