മണിമല (കോട്ടയം): കേരളത്തിലെ ഇടതു, വലതു മുന്നണികളെ തൂക്കിയെടുത്ത് അറബിക്കടലില്‍ കളയാനുള്ള പരസ്യ അജണ്ടയാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാഞ്ഞിരപ്പള്ളി മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി വി.എന്‍. മനോജിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗം മണിമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല, അധികാരമോഹമാണ് ഇടതു-വലതു മുന്നണികളെ നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശയപരമായിരുന്നെങ്കില്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിക്കുമായിരുന്നില്ല. എ.കെ. ആന്‍റണി പറഞ്ഞത് തെരഞ്ഞെടുപ്പിന് ദേശീയനേതാക്കള്‍ എത്തുന്നത് ബി.ജെ.പിയുടെ രഹസ്യ അജണ്ട നടപ്പാക്കാനെന്നാണ്. ബി.ജെ.പിക്ക് രഹസ്യ അജണ്ടയില്ല. ഉള്ളത് പരസ്യ അജണ്ടയാണ്. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ സാമുദായിക സൗഹാര്‍ദം തകരുമെന്നാണ് സി.പി.എം പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും സാമുദായിക സൗഹാര്‍ദം തകര്‍ന്നിട്ടില്ല.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ എ.കെ. ആന്‍റണി മാറ്റംവരുത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്കറിയാന്‍ താല്‍പര്യമുണ്ട്. പെണ്‍കുട്ടികളുടെ മാനത്തിനും ജീവനും വിലപറയുന്ന സംസ്ഥാനമായി കേരളം മാറി. ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാന ഖജനാവിന്‍െറ 60 ശതമാനവും മന്ത്രിമാര്‍ കൊള്ളയടിച്ചു. യു.പി.എ സര്‍ക്കാറാണ് ഖജനാവ് കൊള്ളയടിക്കുന്നതിന് മാതൃകയായത്. അവര്‍ അകാശത്തും ഭൂമിയിലും വെള്ളത്തിലും ശൂന്യാകാശത്തും അഴിമതി നടത്തി. യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇതിന് മാറ്റമുണ്ടാകും. യു.ഡി.എഫും എല്‍.ഡി.എഫും നടത്തുന്ന രഹസ്യബാന്ധവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.