നമ്മളിലൊരാള്‍

കല്‍പറ്റ: മണിയങ്കോട് പൊന്നടയിലെ ആ കൊച്ചുവീട്ടില്‍നിന്ന് ചെറുകുന്നുമ്മല്‍ കൊട്ടയാട്ട് ശശീന്ദ്രന്‍ കേരളത്തിന്‍െറ നിയമനിര്‍മാണസഭയിലേക്ക് നഗ്നപാദനായി നടന്നുചെല്ലുകയാണ്. പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കുമ്പോഴും പാര്‍ലമെന്‍ററി വ്യാമോഹങ്ങളുടെ ചുഴിയില്‍പെടാതെ ജീവിച്ച ഈ കുറിയ മനുഷ്യനുമേല്‍ ഇനി കക്ഷിരാഷ്ട്രീയ ഭേദമന്യേ ആദിവാസികളും തോട്ടം തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ പ്രതീക്ഷകളുടെ ഭാരമുണ്ട്.

കല്‍പറ്റയുടെ ആദ്യ സി.പി.എം എം.എല്‍.എയാണ് ശശീന്ദ്രന്‍ സഭയിലത്തെുന്നത്. ഇവിടുത്തെ മണ്ണും മനസ്സും കീഴടക്കിയ 58കാരന് അത്രമേല്‍ പരിചയമില്ലാത്ത ഒരു നാട്ടിന്‍പുറം പോലും ഈ മണ്ഡലത്തിലില്ല. യു.ഡി.എഫിന് കുറ്റിയുറപ്പുള്ള കല്‍പറ്റയില്‍ അവരെ മടയില്‍ ചെന്നാക്രമിക്കാന്‍ കരുത്തുള്ള ഒരാളേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജില്ലാ സെക്രട്ടറി പദവിയുടെ ഭാരമുണ്ടായിട്ടും ശശീന്ദ്രനെ രംഗത്തിറക്കാന്‍ സി.പി.എം തീരുമാനിച്ചത്. ശശീന്ദ്രനാണ് സ്ഥാനാര്‍ഥിയെന്നറിഞ്ഞതു മുതല്‍ യു.ഡി.എഫ് ആധിയിലാണ്ടതും അതുകൊണ്ടുതന്നെ.

ആധുനിക രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ധനസമാഹരണത്തിനുള്ള മാര്‍ഗമാക്കി മാറ്റുന്നവര്‍ക്കിടയില്‍ പശുവിനെ വളര്‍ത്തി പാല്‍വിറ്റ് ഉപജീവനം കഴിയുന്ന ശശീന്ദ്രന്‍ വേറിട്ടുനില്‍ക്കുന്നത് സ്വാഭാവികം മാത്രം. ‘നിങ്ങളിലൊരാള്‍’ എന്ന പ്രഖ്യാപനവുമായി ശശീന്ദ്രന്‍ സാധാരണക്കാര്‍ക്കൊപ്പം മണ്ണില്‍ ചവിട്ടി നിന്നപ്പോള്‍ കക്ഷിരാഷ്ട്രീയം മറന്ന് ജനം കൂടെനിന്നുവെന്നതാണ് മത്സരഫലം തെളിയിക്കുന്നത്. ഇദ്ദേഹത്തെ ഒന്നു കണ്ടിട്ടുപോലുമില്ലാത്ത, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിനാളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം കൊഴുപ്പിച്ചു.

ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് ശശീന്ദ്രന് അനുകൂലമാവുമെന്ന് കണക്കുകൂട്ടിയപ്പോഴും എല്‍.ഡി.എഫ് ഭയന്നത് ചിഹ്നത്തെയായിരുന്നു. അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ടുചെയ്യാനുള്ള വിമുഖത കഴിഞ്ഞ തവണ ഇടതിന്‍െറ ദയനീയ തോല്‍വിക്ക് ആക്കം കൂട്ടിയ മണ്ഡലത്തില്‍ ശശീന്ദ്രന്‍െറ ജനകീയതക്കുമുന്നില്‍ ആ വിമുഖത പോലും അലിഞ്ഞില്ലാതായി. യു.ഡി.എഫ് കോട്ടകളായ പഞ്ചായത്തുകളിലടക്കം വമ്പന്‍ ലീഡ് നേടി. പ്രവാചക നിന്ദ ഉയര്‍ത്തിയ പ്രതിഷേധത്തേക്കാള്‍ വോട്ടുഗതിയെ സ്വാധീനിച്ചത് സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയായിരുന്നു. പുതുമുഖ, നിഷ്പക്ഷ വോട്ടര്‍മാരില്‍ ഏറിയ കൂറും അനുകൂലമായി.

അതേസമയം, ഇതൊരിക്കലും ഇടതുപക്ഷത്തിന്‍െറ രാഷ്ട്രീയ വിജയം എന്ന് അടയാളപ്പെടുത്താനാവില്ല. കാരണം, കല്‍പറ്റയിലെ ഈ പച്ചമനുഷ്യന്‍െറ വിജയം അത്രമേല്‍ ആഗ്രഹിച്ചവരില്‍ അടിയുറച്ച യു.ഡി.എഫുകാര്‍ അത്രയധികമുണ്ട്. സി.കെ. ശശീന്ദ്രനല്ലാതെ മറ്റാരെങ്കിലുമായിരുന്നു ഇടതുസ്ഥാനാര്‍ഥിയെങ്കില്‍ ഈ വോട്ടുകളൊക്കെ ഐക്യമുന്നണിയുടെ അക്കൗണ്ടിലത്തെുമായിരുന്നുവെന്നതുറപ്പ്. നാട്യങ്ങളില്ലാത്ത ഈ കമ്യൂണിസ്റ്റുകാരന്‍ മന്ത്രിപദത്തിലേക്ക് ചുരമിറങ്ങുമെന്ന പ്രതീക്ഷയില്‍ ഒരു നാട് മുഴുവന്‍ കാത്തിരിക്കുകയാണിപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.