ശമ്പള കുടിശ്ശിക വിതരണത്തിന് ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിലെ കുടിശ്ശിക പണമായി നല്‍കുന്നത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 31നകം ഇതിന്‍െറ ബാധ്യതയുടെ വിവരം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  ജൂണ്‍ 30നകം ബന്ധപ്പെട്ട ജീവനക്കാര്‍ കുടിശ്ശികയുടെ വിവരം നല്‍കണം. 2014 ജൂലെ ഒന്നുമുതല്‍ 2016 ജനുവരി 31 വരെയുള്ള കുടിശ്ശിക നാല് ഗഡുക്കളായി പണമായി നല്‍കാനാണ് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കുടിശ്ശികയുടെ 25 ശതമാനം വീതമാകും ഓരോ ഘട്ടത്തിലും നല്‍കുക. പ്രോവിഡന്‍റ് ഫണ്ടിന്‍െറ നിരക്കില്‍ പലിശയും നല്‍കും.

2017 ജൂലൈ ഒന്ന്, 2017 ഒക്ടോബര്‍ ഒന്ന്, 2018 ഏപ്രില്‍ ഒന്ന്, 2018 ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ കുടിശ്ശിക നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. വിദേശ സര്‍വിസിലോ കേന്ദ്ര സര്‍വിസിലോ ഇക്കാലത്ത് പ്രവര്‍ത്തിക്കുന്നവരുടെ  കുടിശ്ശിക സര്‍ക്കാര്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. കുടിശ്ശിക തുകയുടെ വിശദാംശങ്ങള്‍ വകുപ്പ് മേധാവികള്‍ ഏകോപിപ്പിച്ച് ബജറ്റ് നിര്‍ദേശമായി അതത് വര്‍ഷങ്ങളില്‍ നല്‍കണം. 1-7-14ന് ശേഷം വിരമിച്ചവരുടെ കുടിശ്ശിക ജീവനക്കാര്‍ അവസാനം ജോലി ചെയ്ത വകുപ്പുമായി ബന്ധപ്പെട്ടാകും നല്‍കുക. ശൂന്യവേതനാവധിയിലോ സസ്പെന്‍ഷനിലോ ആയിരുന്നാല്‍ സര്‍വിസില്‍ തിരിച്ചുകയറിയശേഷമുള്ള ആദ്യ ശമ്പളത്തോടൊപ്പം കുടിശ്ശിക നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.