കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ കോടതിയിൽ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി പൂർത്തിയായി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് പ്രതി സന്ദീപിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. സാക്ഷി വിസ്താരം ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് കുറ്റപത്രം വായിച്ചത്.
കേസിൽ കൊലപാതകുറ്റം, രണ്ട് മുതൽ അഞ്ച് വരെ സാക്ഷികൾക്ക് നേരെയുള്ള വധശ്രമം, സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ആശുപത്രി ജീവനക്കാരെ അക്രമിക്കൽ, തെളിവ് നശിപ്പിക്കാൻ ശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ആണ് പ്രതിക്കെതിരെയുള്ളത്. കുറ്റപത്രം വായനക്ക് ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രതി നൽകിയത്. പ്രതിയുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവ് ശരിവെച്ച ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാൽ കുറ്റപത്രം വായന മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ കേസ് നടപടികൾ തുടരുന്നതിനെ സംബന്ധിച്ച് സ്റ്റേ ഇല്ലാത്തതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവെക്കരുതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വാദിച്ചു. തുടർന്ന് ഇരുഭാഗത്തിന്റെയും വാദംകേട്ട് കോടതി പ്രതിയുടെ ഹരജി തള്ളി കുറ്റപത്രം വായിക്കുകയായിരുന്നു. കേസിൽ സെപ്റ്റംബർ രണ്ട് മുതൽ സാക്ഷി വിസ്താരത്തിന് തയാറാകാൻ ഇരുഭാഗത്തോടും കോടതി ആവശ്യപ്പെട്ടു. സാക്ഷി വിസ്തരം ഷെഡ്യൂൾ ചെയ്യുന്നതിനായി കേസ് 24 ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.