കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ പ്രവേശപരീക്ഷാകമീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കേന്ദ്രീകൃതപ്രവേശം അട്ടിമറിച്ചതുസംബന്ധിച്ച് സംസ്ഥാന പ്രവേശപരീക്ഷാകമീഷണര്‍ വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഹൈകോടതി നിര്‍ദേശ പ്രകാരം ഏഴിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന് രേഖകള്‍ ഹാജരാക്കാതെയാണ് കോളജുകള്‍ നടപടി അട്ടിമറിച്ചത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത ഈ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളും നേരത്തേ മുഴുവന്‍ സീറ്റുകളിലും സ്വന്തംനിലക്ക് പ്രവേശം നടത്തിയിരുന്നു. വ്യാപകപരാതികളെതുടര്‍ന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ട് കോളജുകളിലെയും പ്രവേശം റദ്ദ് ചെയ്യുകയും മുഴുവന്‍ സീറ്റിലേക്കും നീറ്റ് റാങ്ക്പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രവേശം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍, രണ്ട് കോളജുകളും നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ചു. ഈ കോളജുകളിലേക്ക് നേരത്തേ അപേക്ഷിച്ച മുഴുവന്‍പേരെയും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്താന്‍ ഹൈകോടതി പ്രവേശ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോളജുകളുടെ പ്രവേശനടപടികളുടെ മതിയായ രേഖകള്‍ ഹാജരാക്കാതെയായിരുന്നു അഡ്മിഷന്‍ അട്ടിമറിച്ചത്. രണ്ട് കോളജുകളും നേരത്തേ ജയിംസ് കമ്മിറ്റി റദ്ദ് ചെയ്ത പ്രവേശവുമായി മുന്നോട്ടുപോകാനാണ് നീക്കം.

അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍  കോളജുകള്‍ സ്വന്തംനിലക്ക് നടത്തിയ പ്രവേശത്തിന് അംഗീകാരം നല്‍കില്ളെന്ന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ.സി. നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയും പ്രവേശപരീക്ഷാകമീഷണറും അംഗീകരിച്ച് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുമാത്രമേ ആരോഗ്യസര്‍വകലാശാലയില്‍ എം.ബി.ബി.എസ് കോഴ്സിന് രജിസ്ട്രേഷന്‍ അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.