ഓണാഘോഷം നിയന്ത്രിച്ച് യു.ഡി.എഫ് ഭരണത്തിലും ഉത്തരവിറക്കി

മലപ്പുറം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വിവാദമായിരിക്കെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും ഓണാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014 മാര്‍ച്ച് അഞ്ചിന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഇറക്കിയ ഉത്തരവില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഓണാഘോഷം നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഉത്തരവിലെ വാചകങ്ങള്‍ ഇങ്ങനെ: ‘സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തിസമയങ്ങളില്‍ ജീവനക്കാര്‍ കേരളത്തിന്‍െറ ദേശീയോത്സവമായ ഓണം, അതു പോലെയുള്ള മറ്റ് ആഘോഷങ്ങളും നടത്താറുണ്ട്. ഇത് ജീവനക്കാരുടെ ഇടയില്‍ പരസ്പര സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാണ്. എന്നിരുന്നാലും ഇത്തരം ആഘോഷവേളകളില്‍ പലപ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ അത്തരം ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തേണ്ടതാണെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു’.

ഈ ഉത്തരവ് അന്ന് വിവാദമാക്കിയിരുന്നില്ല. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഇറക്കിയ ഇതേ ഉത്തരവ് ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുണ്ടെന്നതാണ് കൗതുകകരം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഓഫിസ് പ്രവര്‍ത്തനസമയത്ത് ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് തന്നെയാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്‍െറ ഉത്തരവിലുമുള്ളത്.

സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി വരുന്ന സാഹചര്യത്തില്‍ പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതിനിടെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഓണാഘോഷം പരിപാടി സംഘടിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നതായി കാണിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പുതിയ ഉത്തരവിറക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.