മതസ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണം: ശംസുദ്ദീന്‍ പാലത്തിനെതിരെ കേസ്

കാസര്‍കോട്: മതസ്പര്‍ധ വളര്‍ത്തുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍  സലഫി പ്രഭാഷകനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കാസര്‍കോട്ടെ പബ്ളിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ചേവായൂര്‍ പറമ്പിലെ ഇടിനിലം ഹൗസില്‍ ശംസുദ്ദീന്‍ പാലത്ത് എന്ന ശംസുദ്ദീന്‍ ഫരീദ് പാലത്തി(48) നെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 153(എ) വകുപ്പനുസരിച്ച് സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. ശംസുദ്ദീന്‍ പാലത്ത് നടത്തിയ രണ്ട് പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി ‘അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി ’എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ രണ്ടിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ആധാരമാക്കിയാണ്  പബ്ളിക് പ്രോസിക്യൂട്ടര്‍ പരാതി നല്‍കിയത്. പ്രഭാഷണങ്ങളുടെ സീഡിയും യൂട്യൂബ് ലിങ്കിന്‍െറ വിലാസവും ഇതോടൊപ്പം ഹാജരാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസ് പ്രഥമികാന്വേഷണം നടത്തിയ ശേഷം കേസ്, പ്രഭാഷണം നടന്ന സ്ഥല പരിധി ഉള്‍പ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.

 പ്രഭാഷണങ്ങള്‍  ഇതര മത വിശ്വാസികളാട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്നേഹവും പരസ്പര ബഹുമാനവും ബന്ധങ്ങളും ഒഴിവാക്കണമെന്ന്  ആഹ്വാനം ചെയ്യുന്നതാണെന്നും ഇസ്ലാം മത വിശ്വാസികളെ രാജ്യത്തു നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഐ.എസ് ആശയങ്ങളാണ് വാക്കുകള്‍ക്കിടയിലൂടെ തിരുകി വെക്കുന്നത്. മുസ്ലിംകള്‍ മാത്രമുള്ള രാജ്യത്തേക്ക് ഇവിടത്തെ മുസ്ലിംകളും യാത്ര പോകണമെന്ന ആഹ്വാനം  രാജ്യം നിരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐ.എസ് സംഘടന പോലുള്ളവ ഭരണം നടത്തുന്നിടത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതാണ്.
സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്  ഇതര മത വിശ്വാസികളാട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.