പൂവിട്ടത് 10,000ത്തിലധികം സ്ത്രീകള്‍, വിരിഞ്ഞത് 2021പൂക്കളങ്ങള്‍

കോഴിക്കോട്:  വിരിഞ്ഞത്  2021പൂക്കളങ്ങള്‍, പങ്കെടുത്തത്10105 പേര്‍, മത്സരം നടന്നത് ലിംക ബുക്സ് ഓഫ് റെക്കോഡ്സില്‍ രജിസ്റ്റര്‍ ചെയ്തശേഷം, മത്സരിച്ചതും വിജയിച്ചതും ചരിത്രപൂക്കളത്തിന്‍െറ ഭാഗമായതുമെല്ലാം സ്ത്രീകള്‍. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്നേഹപാലിക 2016’ പൂക്കളമത്സരമാണ് സ്ത്രീശാക്തീകരണത്തിന്‍െറയും നാടിന്‍െറ കൂട്ടായ്മയുടെയും പുത്തന്‍ മാതൃകയായത്.

ചെറിയ ചെറിയ ‘വലിയ’ പൂക്കളങ്ങള്‍ ചേര്‍ന്നപ്പോള്‍ അത് സ്ത്രീകളൊരുക്കിയ ചരിത്രപൂക്കളങ്ങളായി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലൊരുക്കിയ വേദിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയാണ് പൂക്കളമത്സരം നടന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പൈ്ളവുഡിന്‍െറ പ്ളാറ്റ്ഫോമോടെയുള്ള പന്തലില്‍ മൂന്നു മുതല്‍ അഞ്ചുപേര്‍വരെ ഉള്‍പ്പെട്ട 2021 ടീമുകളാണ് മത്സരിച്ചത്. കോഴിക്കോട് കോര്‍പറേഷനിലെ 75 വാര്‍ഡുകളിലെ കുടുംബശ്രീക്ക് കീഴിലെ  2000ത്തിലധികം അയല്‍ക്കൂട്ടങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഓരോ ടീമിനും മൂന്നടിയാണ് പൂക്കളം തീര്‍ക്കാനായി നല്‍കിയത്. രാവിലെ 10.40ന് ആരംഭിച്ച മത്സരം കൃത്യം 12.40ന് അവസാനിച്ചു.പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം മയിലും കേരളവും മഹാബലിയുമൊക്കെ പൂക്കളങ്ങളില്‍ നിറഞ്ഞു. കേരളത്തിന്‍െറ ഭൂപടവും തെരുവുനായെയും ചേര്‍ത്തുകൊണ്ടുള്ള സമകാലീന പ്രശ്നങ്ങളും ചിലര്‍  പൂക്കളത്തിലൂടെ തുറന്നുകാട്ടി. കൂടുതല്‍ പേര്‍ പങ്കെടുത്ത് കൂടുതല്‍ പൂക്കളമൊരുക്കുക എന്ന ലോക റെക്കോഡ് പ്രതീക്ഷിച്ച് ലിംക ബുക് ഓഫ് റെക്കോഡ്സില്‍ പൂക്കളമത്സരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെസ്റ്റേണ്‍ യൂനിയന്‍െറ സഹകരണത്തോടെയായിരുന്നു മത്സരം.  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം ഒരു പവന്‍, അരപ്പവന്‍, രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണമെഡലുകളും സമ്മാനിച്ചു. ഏഴാം സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒറ്റമത്സരത്തില്‍ ഒരുക്കിയ പൂക്കളങ്ങളുടെ എണ്ണത്തിനുള്ള റെക്കോഡിനാണ് ഈ മത്സരം പരിഗണിക്കുന്നത്. 600 പൂക്കളങ്ങള്‍ ഒന്നിച്ചൊരുക്കിയതാണ് നിലവിലെ ലിംക ബുക്സ് ഓഫ് റെക്കോഡ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.