ഒാണവെയിലിന്‍റെ ഒാർമത്തെളിമകൾ

കണ്ണൂര്‍ ഇരിട്ടിക്കടുത്ത മുഴക്കുന്ന് ഗ്രാമം. വീരപഴശ്ശിയുടെ ഒളിത്താവളമായിരുന്ന ചെമ്പുകണ്ണി മലയുടെയും കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമലയുടെയും താഴ്വര. ചിങ്ങവെയില്‍ പട്ടുവിരിച്ചിട്ട നാട്ടുവഴികള്‍. ഓണക്കാലത്തിന്‍െറ പൂവൊരുക്കങ്ങള്‍. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീ ക്ഷേത്രമുറ്റത്ത് വലതുകാല്‍ അല്‍പം വലിച്ച് മുന്നിലേക്കുവെച്ച് രാജേഷ് നടന്നു. വീഴില്ളെന്നുറപ്പാണ്. വീഴാതിരിക്കാന്‍ ഒരു നാട് മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ച് രാജേഷിനൊപ്പമുണ്ട്. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂര്‍ കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചത്തൊന്‍ രണ്ടു ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രാജേഷിന്‍െറ കഥ ഉറവുവറ്റാത്ത സൗഹൃദങ്ങളുടെ ചിറകിലേറിയുള്ള അതിജീവന കഥയാണ്. പൂവിളികളുടെ ഈ ഓണക്കാലത്ത് രാജേഷ് ഓര്‍മകളുടെ വീണ്ടെടുപ്പിലാണ്.
o o o
വര്‍ഷം 1999. മുഴക്കുന്നിലെ തളിപ്പൊയില്‍ വീട്ടില്‍ രാജേഷ് എന്ന 26കാരന്‍ കോയമ്പത്തൂരില്‍ ടൈംസ് അഡ്വര്‍ടൈസിങ് ഏജന്‍സിയില്‍ ചീഫ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്നു. മേയ് മാസം രണ്ടാം തീയതി വൈകുന്നേരം. കോയമ്പത്തൂരില്‍ ഒരു പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്ന രാജേഷ് സഞ്ചരിച്ച മോപ്പെഡില്‍ എതിരെ വന്ന മോപ്പെഡ് ഇടിച്ചുമറിഞ്ഞു. തലയടിച്ചുവീണ രാജേഷ് തിരക്കേറിയ നഗരവീഥിയില്‍ ഏറെനേരം ചോരവാര്‍ന്ന് കിടന്നു. തലയുടെ ഇടതുഭാഗം തകര്‍ന്നുപോയി. കോയമ്പത്തൂരില്‍ തന്നെയുള്ള രാജേഷിന്‍െറ ജ്യേഷ്ഠന്‍ രാധാകൃഷ്ണനും സുഹൃത്തുക്കളും ആശുപത്രിയിലത്തെി. ആയുസ്സിന്‍െറ രേഖകള്‍ നേര്‍ത്തുവരുന്ന വേളയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങുമ്പോള്‍ ന്യൂറോ സര്‍ജന്‍ ഡോ. നടരാജന്‍ സൂചിപ്പിച്ചു: ‘സാധ്യത വെറും രണ്ടു ശതമാനം മാത്രം...’
                               o o o
സഞ്ചാരപ്രിയനായ, നന്നായി ചിത്രം വരക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന രാജേഷ് മുഴക്കുന്നിലെ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. തലശ്ശേരി സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സിലെ പഠനത്തിനുശേഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജ്. രാജേഷിന്‍െറ ജീവിതം വീണ്ടും വിശാലമായി.സഹപാഠികളുമായി ചേര്‍ന്ന് 1996ല്‍ ക്ളിക് എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. അക്കാലത്ത് തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര വിഡിയോ ഫെസ്റ്റിവലിന്‍െറ ഒൗദ്യോഗിക ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്തത് രാജേഷിനെയായിരുന്നു. പഠിച്ചിറങ്ങിയപ്പോഴേക്കും കോയമ്പത്തൂരില്‍ ജോലിയായി. അവിടെയും അരീന എന്ന സാംസ്കാരിക സംഘടനയുണ്ടാക്കി പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ജീവിതത്തിന്‍െറ നൂല്‍പ്പാലം

അപകടത്തില്‍ തലച്ചോറിന് കാര്യമായ പരിക്കേറ്റു. ചെലവേറിയ ശസ്ത്രക്രിയകള്‍. മൂന്നു മേജര്‍ ശസ്ത്രക്രിയകള്‍. ജീവനോടെ തിരിച്ചത്തെിയാലും ഓര്‍മ നഷ്ടപ്പെട്ടേക്കും. താനാരാണെന്നുപോലും ഓര്‍മയുണ്ടാവില്ല. സൗഹൃദങ്ങളില്‍നിന്ന് സൗഹൃദങ്ങളിലേക്കും യാത്രകളില്‍നിന്ന് യാത്രകളിലേക്കും ചിരിച്ചു നടന്ന രാജേഷ് തന്‍െറ 26ാം വയസ്സില്‍ ഓര്‍മകളില്ലാതെ ശൂന്യമായിക്കിടന്നു. ഒരു വര്‍ഷത്തോളം കോയമ്പത്തൂരിലെ ആശുപത്രിയില്‍ കിടന്നു. ഓര്‍മകള്‍ ശൂന്യമായി. ആശുപത്രിയില്‍ കിടക്കുമ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളും പരിഷത്ത് പ്രവര്‍ത്തകരുമെല്ലാം സഹായവുമായത്തെി. മുഴക്കുന്നിലെ നാട്ടുകാര്‍ രാജേഷിന്‍െറ ചികിത്സക്കുവേണ്ടി ഓടിനടന്നു പണമുണ്ടാക്കി. ജ്യേഷ്ഠന്‍ രാധാകൃഷ്ണന്‍െറ വീട്ടില്‍ ഏട്ടത്തിയമ്മ ബീന മകനെപ്പോലെ രാജേഷിനെ പരിചരിച്ചു. ഒരുഭാഗം കുഴിഞ്ഞ സ്വന്തം തല രാജേഷ് കാണാതിരിക്കാന്‍ വീട്ടിലെ കണ്ണാടികള്‍ മുഴുവന്‍ എടുത്തുമാറ്റിയിരുന്നു.

ഓര്‍മയുടെ വീണ്ടെടുപ്പ്

പിന്നീട് തിരുവനന്തപുരത്തുള്ള ജ്യേഷ്ഠന്‍ സുധാകരന്‍െറ വീട്ടിലേക്ക് താമസം മാറി. ഒരുനാള്‍ പരിഷത്ത് നേതാവും ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരന്‍ കാണാനത്തെി. തിരിച്ചുപോകുന്നതിനുമുമ്പ് രാജേഷിന്‍െറ കൈയില്‍ ഒരു പേപ്പര്‍ കഷണം കൊടുത്ത് അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടു: ‘ഇതൊന്ന് ചുരുട്ടിത്തരണം.’ ഏറെ സമയമെടുത്ത് രാജേഷ് കടലാസ് ചുരുട്ടിനല്‍കി. അത് ഒരു ആത്മവിശ്വാസം പകരലായിരുന്നു. അതിനിടെ കൃത്രിമ തലയോട്ടി വെച്ചുപിടിപ്പിച്ചു. അക്ഷരങ്ങള്‍ ഓരോന്നായി പഠിക്കാന്‍ ശ്രമംതുടങ്ങി. ഡി.പി.ഇ.പിക്കുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ തന്നെ ഡിസൈന്‍ ചെയ്ത പുസ്തകങ്ങള്‍ക്കു മുന്നില്‍ രാജേഷ് പഠിക്കാനിരുന്നു. പതുക്കെ പതുക്കെ അക്ഷരങ്ങളും അക്കങ്ങളും ഒപ്പം ഓര്‍മകളും തെളിഞ്ഞുവന്നു. വിരലുകള്‍ക്ക് ജീവന്‍വെക്കാന്‍ കൂട്ടുകാര്‍ രാജേഷിനൊപ്പം കോട്ടികളി ആരംഭിച്ചു. ഇളയച്ഛന്‍ എം.കെ. രാഘവന്‍ രാജേഷിന്‍െറ നിഴലുപോലെ കൂടെനിന്നു. അച്ഛന്‍ ടി.ജി. പണിക്കരും അമ്മ ലീലയും വിധിയെ പഴിക്കാതെ മകന് കരുത്തുനല്‍കി.

സഹപാഠിയായിരുന്ന ടോണിറ്റ് രാജേഷിന് ഒരു ഡിജിറ്റല്‍ കാമറ സമ്മാനിച്ചു. കാമറക്കണ്ണിലൂടെ രാജേഷ് വീണ്ടും ലോകത്തെ കണ്ടു. സുഹൃത്തായ ഹരി കമ്പ്യൂട്ടര്‍ നല്‍കി. അവിനാഷ് മൊബൈല്‍ ഫോണ്‍ നല്‍കി. കാമറയും കമ്പ്യൂട്ടറും മൊബൈലുമൊക്കെ രാജേഷില്‍ വലിയ മാറ്റംവരുത്തി. 2009 സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് ഫൈന്‍ ആര്‍ട്സ് കോളജിലെ സുഹൃത്തുക്കള്‍ രാജേഷിനുവേണ്ടി ഒത്തുചേരല്‍ സംഘടിപ്പിച്ചു. സുഹൃത്തുക്കള്‍ പഴയ ഓര്‍മകള്‍ പങ്കിടുമ്പോള്‍ രാജേഷ് അവര്‍ക്കിടയിലൂടെ കാമറയും തൂക്കി തന്‍െറ ഓര്‍മകളെയും തിരഞ്ഞ് നടന്നു.  കോയമ്പത്തൂരിലെ സുഹൃത്തിന്‍െറ പരസ്യ ഏജന്‍സിയിലേക്ക് അത്യാവശ്യം ഡിസൈനിങ് വര്‍ക്കുകളൊക്കെ രാജേഷ് ചെയ്തുതുടങ്ങി. 2011ല്‍ പ്രദീപന്‍ ഗായത്രിയും റിജേഷും സനലും രാജേഷും ചേര്‍ന്ന് ഇരിട്ടിയില്‍ റിയ ഗ്രാഫിക്സ് എന്നപേരില്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങി. റിജേഷ് ദിവസവും രാവിലെ രാജേഷിനെ ഇരിട്ടിയിലേക്കും തിരിച്ചും കൊണ്ടുപോയി. പിന്നീട് യാത്ര ബസിലായി. ഒറ്റക്ക് യാത്രചെയ്യാമെന്നായി.പിന്നീട് സ്ഥാപനം മുഴക്കുന്ന് ടൗണിലേക്ക് മാറ്റി. ‘റിയ ക്രിയേറ്റിവി’ല്‍ ചെന്നാല്‍ ജോലിയില്‍ വ്യാപൃതനായ രാജേഷിനെ കാണാം.

കൈപിടിച്ചൊരാള്‍

മുഴക്കുന്നിന് അടുത്താണ് പാല ഗ്രാമം. രാജേഷിനെക്കുറിച്ചും അപകടത്തെക്കുറിച്ചുമെല്ലാം ദിവ്യ നേരത്തേ കേട്ടിരുന്നു.  2010ലെ ക്രിസ്മസ് ദിനത്തില്‍ ലോകമെങ്ങും ആഘോഷത്തില്‍ മുഴുകിയ വേളയില്‍ ദിവ്യ രാജേഷിന്‍െറ ജീവിതത്തിലേക്ക് വലതുകാല്‍ വെച്ചു. ഇവര്‍ക്കിന്നൊരു കുഞ്ഞുണ്ട്. നാലരവയസ്സുകാരന്‍ നിതാന്ത്.
o o o
രണ്ടു ബാല്യങ്ങള്‍ കടന്നുപോയിരിക്കുന്നു. നഷ്ടമായ ഓര്‍മകളെ രാജേഷ് തിരിച്ചെടുക്കുകയാണ്. തിരികെയത്തെിയ ഓര്‍മകളില്‍ കൈമണി കിലുക്കിവരുന്ന ഒരോണപ്പൊട്ടനെ തിരയുകയാണിപ്പോള്‍. പൂക്കളവും പൂവിളിയുമൊക്കെ തെളിയുകയാണ്. ഓണനാളില്‍ ഒരു ചിത്രം വരക്കണം. മറവികള്‍ക്ക് തോല്‍പിക്കാനാവാത്ത ചിരിയോടെ രാജേഷ് പറയുന്നു.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.