ജിഷ വധക്കേസ് തെളിഞ്ഞത് പൊലീസിന്‍െറ സമാന്തര അന്വേഷണത്താല്‍

കൊച്ചി: പ്രത്യേകാന്വേഷണ സംഘത്തിന് പുറമെ പൊലീസ് നടത്തിയ സമാന്തര അന്വേഷണമാണ് ജിഷ വധക്കേസ് തെളിയാന്‍ ഇടയായതെന്ന് അറിയുന്നു. ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുമ്പോള്‍തന്നെ ഈ സംഘത്തിന്‍െറ പരമ്പരാഗത ശൈലിയിലുള്ള അന്വേഷണമാണ് പ്രതി അമീറുല്‍ ഇസ്ലാമിലേക്ക് എത്തിച്ചത്. എറണാകുളം ജില്ലക്ക് പുറത്തുള്ളവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളില്‍ തുമ്പുണ്ടാക്കിയ ചിലരെ തെരഞ്ഞെടുക്കുകയായിരുന്നു.

ചില നീക്കങ്ങള്‍ പൊലീസിനകത്തുപോലും അതീവ രഹസ്യമാക്കി വെക്കുകയും ചെയ്തു. പ്രതിയെ പിടികൂടാന്‍ കാഞ്ചീപുരത്തേക്ക് സംഘം പോയപ്പോള്‍ ഒൗദ്യോഗികമായി ഇവര്‍ ‘ചെന്നൈയി’ലായിരുന്നു. നീക്കം പൊളിയാതിരിക്കാനായിരുന്നു ഇത്. ചില കേസുകളില്‍ പണം നല്‍കി പൊലീസ് വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഈ കേസിന്‍െറ അന്വേഷണത്തിന് ചില ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ഉപയോഗപ്പെടുത്തി. ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ച ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ പൊലീസിന് സഹായകമായത്. ഇവരുടെ സഹായത്താല്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ രഹസ്യാന്വേഷണം നടത്തി. നിര്‍ണായക തെളിവായ ചെരിപ്പ് അമീറിന്‍െറതാണെന്ന് ഉറപ്പിച്ചത് അങ്ങനെയാണ്. അമീറിനൊപ്പം താമസിച്ച ഒമ്പതു പേരില്‍ അഞ്ചുപേര്‍ ചെരിപ്പ് അയാളുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടൊപ്പം പ്രതിയെ കണ്ടത്തൊന്‍ ചില മുന്‍ കുറ്റവാളികളുടെയും സഹായം തേടിയിരുന്നു.

തേസമയം അമീറിന്‍െറ അറസ്റ്റിന് സഹായകമായത് ശാസ്ത്രീയ അന്വേഷണമാണ്. സംഭവ നടന്ന ഏപ്രില്‍ 28ന് തന്നെ പ്രതി സ്ഥലംവിട്ടെന്ന് വ്യക്തമായി. രാത്രി 10നാണ് ഇയാള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നും പുലര്‍ച്ചെ 1.10ന്‍െറ വിവേക് എക്സ്പ്രസില്‍ ഗുവാഹതിയിലേക്ക് പോയെന്നും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി സൈബര്‍ സെല്‍ കണ്ടത്തെി. ആലുവയില്‍ വെച്ചും വഴി മധ്യേയും ഇയാള്‍ പലവട്ടം കൂട്ടുകാരെയും പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെയും വിളിച്ച് കുറുപ്പംപടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പൊലീസ് എത്തിയോയെന്നും അന്വേഷിച്ചിട്ടുണ്ട്.

ഗുവാഹതിയില്‍ എത്തിയശേഷം പൊലീസിന് ടവര്‍ ലൊക്കേഷന്‍ കിട്ടിയില്ല. ഒരു മാസം അമീര്‍ നാട്ടില്‍ ഒളിവില്‍ താമസിച്ചു. ജൂണ്‍ അഞ്ചിനാണ് കാഞ്ചീപുരത്തത്തെിയത്. അവിടെനിന്ന് വ്യാജ സിം എടുത്തു. ഇത് സൈബര്‍ സെല്‍ കണ്ടത്തെി. അമീറിനെ കാണിച്ചു കൊടുക്കാന്‍ പെരുമ്പാവൂരില്‍ നിന്ന് ഒരാളുമായി കാഞ്ചിപുരത്തത്തെിയ പൊലീസ് സംഘം നാലു ദിവസത്തെ ശ്രമം കൊണ്ടാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.