പാലക്കാട്: കേരളത്തിൽ താപതുരുത്ത് (അർബൺ ഹീറ്റ് ഐലൻഡ്) പ്രതിഭാസം വർധിക്കുന്നതായി ശാസ്ത്രജ്ഞർ. അമിത നഗരവത്കരണം കാരണം അന്തരീക്ഷ താപനില ഉയരുന്ന പ്രതിഭാസമാണ് താപതുരുത്ത്. അമിത കോൺക്രീറ്റിങ്, ടാറിങ്, വാഹനപ്പെരുപ്പം, കാർബൺ പുറന്തള്ളൽ, വ്യവസായവത്കരണം എന്നിവയാണ് താപതുരുത്ത് പ്രതിഭാസത്തിന് കാരണം. വരുംകാലങ്ങളിൽ അത്യുഷ്ണത്തിനും വരൾച്ചക്കും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. സൂര്യപ്രകാശത്തെ വലിച്ചെടുക്കുന്ന കാർബൺ അളവ് വർധിക്കുന്നത് താപനില ശരാശരി രണ്ട് ഡിഗ്രിവരെ ഉയരാൻ കാരണമാകുന്നുണ്ടെന്നും കുസാറ്റിലെ റഡാർ വിഭാഗം ഗവേഷക ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. മലബാർ മേഖലയിലാണ് കാലാവസ്ഥ മാറ്റം വേഗത്തിൽ പ്രതിഫലിക്കുന്നത്. തെക്കൻ കേരളത്തെ അപേക്ഷിച്ച് മൺസൂണും തുലാവർഷവും വടക്കൻ കേരളത്തിൽ കുറഞ്ഞ അളവിലാണ് ലഭിച്ചത്. ഇത് വരൾച്ചയുടെ കാഠിന്യം വർധിപ്പിക്കും. വേനൽമഴയും വൈകി മാത്രമേ മലബാർ മേഖലയിൽ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വേനലിെൻറ തുടക്കത്തിൽതന്നെ 40 ഡിഗ്രിയിലെത്തിയ ചൂട് കൂടുതൽ നേരം നിലനിൽക്കുന്നതും മണ്ണിലും അന്തരീക്ഷത്തിലും ആർദ്രത കുറയുന്നതുമാണ് പ്രധാന വെല്ലുവിളി. തുടർച്ചയായ മൂന്നാം ദിവസവും പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിയിൽ താപനില 40 ഡിഗ്രി രേഖപ്പെടുത്തി. തുടർച്ചയായി മൂന്നുദിവസം 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ സംഭവം മുമ്പുട്ടായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 36.9 ആണ് പാലക്കാട് ജില്ലയിലെ ശരാശരി താപനില. തൃശൂരും കോട്ടയവുമാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ജില്ലകൾ (38.5).
ആർദ്രതയും മണ്ണിലെ ജലാംശവും കുറഞ്ഞതിനാൽ രേഖപ്പെടുത്തുന്നതിനേക്കൾ ശരാശരി രണ്ടുമുതൽ നാല് ഡിഗ്രിവരെയാണ് അനുഭവപ്പെടുന്ന ചൂട്. വേനൽക്കാലത്ത് ലഭിക്കേണ്ട കടൽക്കാറ്റിലും കുറവ് അനുഭവപ്പെടുന്നു. തമിഴ്നാട്ടിൽനിന്നുള്ള വരണ്ട കാറ്റാണ് മലബാർ മേഖലയിലേക്ക് എത്തുന്നത്. ജലാശയങ്ങളിൽ വെള്ളമില്ലാത്തതിനാൽ അന്തരീക്ഷ ആർദ്രത കുറയുന്നത് മേഘങ്ങൾ രൂപപ്പെടുന്ന പ്രതിഭാസത്തിന് തിരിച്ചടിയാകുന്നുണ്ട്. മേഘാവൃതമല്ലാത്തതിനാൽ ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികളുടെ അളവിലും വർധനവുണ്ടാകും.
ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. പുലർകാലങ്ങളിൽ ശരാശരി 22 ഡിഗ്രിയാണ് താപനില. പരിസ്ഥിതിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ വരുംകാലങ്ങളിൽ കേരളം കനത്ത വില നൽകേണ്ടി വരുമെന്ന് മുണ്ടൂർ ഐ.ആർ.ടി.സിയിലെ റിസർച് കോഓഡിനേറ്റർ പി.എം. മുസ്തഫ പറഞ്ഞു. അമിതമായ കോൺക്രീറ്റിങ്ങും വെള്ളം ഭൂമിയിൽ ഇറങ്ങിപ്പോകാൻ അനുവദിക്കാത്തതും തീയിടുന്നതുമാണ് മണ്ണിലെ ഈർപ്പം കുറയാൻ കാരണം. മണ്ണ് അമിതമായി ചൂടാകുന്നത് സൂക്ഷ്മ ജീവികളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.